പോര്‍സ്യുങ്കുള ദണ്ഡവിമോചനം

സഭയിലെ ആദ്യത്തെ ദണ്ഡവിമോചനമാണ് വി. ഫ്രാന്‍സിസ് അസ്സീസിയുടെ നാമത്തിലുള്ള ‘പാര്‍ഡണ്‍ ഓഫ് അസ്സീസ്സി’ എന്നറിയപ്പെടുന്ന ‘പൊര്‍സ്യൂങ്കുള ദണ്ഡവിമോചനം.’ ആഗസ്റ്റ് ഒന്ന് സായാഹ്നം മുതല്‍ രണ്ടാം തീയതി സൂര്യാസ്തമയം വരെയാണ് ഈ പൂര്‍ണ്ണ ദണ്ഡവിമോചനം നേടുന്നതിനുള്ള അവസരം. ദണ്ഡവിമോചനം പ്രാപിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.

1. ഏറ്റവും അടുത്ത ദിവസം വിശുദ്ധ കുമ്പസാരം നടത്തണം

2. രണ്ടാം തീയതി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കണം

3. വിശ്വാസപ്രമാണവും മാര്‍പാപ്പയുടെ നിയോഗങ്ങള്‍ക്കായി 1 സ്വര്‍ഗസ്ഥനായ പിതാവേ, 1 നന്മ നിറഞ്ഞ മറിയമേ, 1 ത്രീത്വ സ്തുതി എന്നീ പ്രാര്‍ത്ഥനകള്‍ ചൊല്ലി പാപവിമോചനത്തിനായി പ്രാര്‍ത്ഥിക്കണം.

‘പോര്‍സ്യൂങ്കോള ദണ്ഢവിമോചനം’ എന്താണ്?

1216 ആഗസ്റ്റ് ഒന്നിന് പോര്‍സ്യുങ്കുളായില്‍ വി. ഫ്രാന്‍സിസ് പ്രാര്‍ത്ഥിക്കവേ ക്രിസ്തുവിന്റെ ദര്‍ശനമുണ്ടായി. പരിശുദ്ധ കന്യകയ്ക്കൊപ്പം മാലാഖമാരും ചേര്‍ന്നുള്ള ദര്‍ശനമായിരുന്നു അത്. ആ ദര്‍ശനത്തില്‍ വിശുദ്ധനു കിട്ടിയ സന്ദേശം ദൈവിക കാരുണ്യത്തിന്റെയും പാപമോചനത്തിന്റേതും ആയിരുന്നു. അസ്സീസ്സിയില്‍ നിന്നും ദൈവിക കാരുണ്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കണം എന്നായിരുന്നു പിന്നീട് വി. ഫ്രാന്‍സിസ് പങ്കുവച്ച ദൗത്യം.

തനിക്ക് ലഭിച്ച ദൈവകാരുണ്യം മറ്റുള്ളവര്‍ക്കും ലഭിക്കണമെന്ന് ആഗ്രഹിച്ച വിശുദ്ധന്‍, പൂര്‍ണ്ണ പാപവിമോചനം നേടുന്നതിനുള്ള അനുമതി ഓനേരിയുസ് മൂന്നാമന്‍ പാപ്പായെ നേരില്‍ കണ്ട് കരസ്ഥമാക്കി. അന്നു മുതല്‍ അസ്സീസ്സിയിലെ പാപമോചനം അഥവാ ‘ദി പാര്‍ഡണ്‍ ഓഫ് അസ്സീസ്സി’ എന്നറിയപ്പെടുന്ന ‘പൊര്‍സ്യൂങ്കുളയിലെ പൂര്‍ണ്ണ ദണ്ഡവിമോചനം’ സാര്‍വ്വത്രിക സഭ സ്വന്തമാക്കിക്കൊണ്ടിരിക്കുന്നു. ലോകമെങ്ങുമുള്ള ക്രൈസ്തവരോടൊപ്പം അനുതാപം നിറഞ്ഞ ഹൃദയത്തോടെ നമുക്കും തികച്ചും സൗജന്യമായ ഈ സമ്പൂര്‍ണ്ണ ദണ്ഡവിമോചനം നേടിയെടുക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.