മലയാളി മിഷനറി രചിച്ച പോർച്ചുഗീസ് പുസ്തകം ബ്രസീലിൽ വച്ചു പ്രകാശനം ചെയ്തു

ദിവ്യകാരുണ്യ മിഷനറി സഭാ വൈദികനായ ഫാദർ ബൈജു കൊല്ലറേറ്റുമറ്റം പോർച്ചുഗീസ് ഭാഷയിൽ രചിച്ച “Introdução à Sagrada Escritura” (ബൈബിൾ ഒരു ആമുഖ പഠനം) എന്ന ഗ്രന്ഥം ഒറിഞ്ഞോസ് രൂപതാ ബിഷപ്പ് ഡോം എഡ്‌വാർഡൊ വിഎയ്‌റ പ്രകാശനം ചെയ്തു.

ബ്രസീലിലെ ഒറിഞ്ഞോസ് രൂപതയിൽ കഴിഞ്ഞ ഏഴ് വർഷമായി മിഷണറിയായി അച്ചൻ സേവനം ചെയ്തു വരികയാണ്. വിശുദ്ധ ഗ്രന്ഥത്തെ കുറിച്ചുള്ള ആമുഖ പഠനങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തെ ആഴത്തിൽ അറിഞ്ഞ് ക്രിസ്തുവിനു സാക്ഷികളാകാൻ ദൈവജനത്തെ സഹായിക്കുന്നതാണ് ഈ ഗ്രന്ഥം.

ഒറിഞ്ഞോസ് രൂപതയിലെ ‘ബെർനാർദിനോ ദേ കാംപോസ്’  (Bernardino de Campos) എന്ന ഇടവകയിൽ വികാരിയായി ഇപ്പോൾ സേവനം ചെയ്യുകയാണ് ബൈജു അച്ചൻ. ഇടവക ചരിത്രത്തിൻറെ നൂറു വർഷങ്ങൾ പൂർത്തിയാക്കിയ ഈ ദേവാലയം പരിശുദ്ധ അമ്മയുടെ നാമധേയത്തിൽ ഉള്ളതാണ്. അനേകം വിശ്വാസികൾക്ക് ഒരു വഴികാട്ടിയാണ് ഈ ദേവാലയം. മിഷൻ ചൈതന്യത്തോടെ കർമ്മനിരതനായി ദൈവജനത്തെ ആത്മീയ ജീവിതത്തിൽ വളരാൻ ബൈജു അച്ചൻ അക്ഷീണം പ്രയത്നിക്കുകയാണ്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ അനേകം ദൈവ മക്കൾക്ക് ക്രിസ്തു സ്നേഹം പകർന്നു കൊടുക്കാൻ അച്ചൻ ഓരോ ദിവസവും പരിശ്രമിക്കുന്നു.

നൂറ്റാണ്ടുകളുടെ ക്രൈസ്തവ പാരമ്പര്യം നിറഞ്ഞുനിൽക്കുന്നതാണ് ബ്രസീൽ ജനത. എന്നാൽ ഈ കാലഘട്ടത്തിലെ വിശ്വാസ പ്രതിസന്ധികൾ ഇവരുടെ ആത്മീയ ജീവിതത്തെ മങ്ങലേൽപ്പിക്കുന്നുണ്ട്. അനുദിന കുർബാന അർപ്പണത്തിലൂടെയും, ആരാധനകളിലൂടെയും, ദൈവജനത്തെ വിശ്വാസ വഴികളിലേക്ക് കൈപിടിച്ചുയർത്താൻ ദൈവം അച്ചനെ ഒരുക്കി കൊണ്ടിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.