പോർച്ചുഗലിൽ കോവിഡ് വ്യാപനം രൂക്ഷം: പൊതുജന പങ്കാളിത്വത്തോടെയുള്ള ബലിയർപ്പണം താത്കാലികമായി നിർത്തിവച്ചു

ശനിയാഴ്ച മുതൽ പോർച്ചുഗലിൽ പൊതുജന പങ്കാളിത്വത്തോടെയുള്ള വിശുദ്ധ ബലിയർപ്പണം താത്കാലികമായി നിർത്തിവയ്ക്കുന്നതായി മെത്രാൻ സമിതി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആണ് ബിഷപ്പുമാർ ദൈവാലയങ്ങൾ താത്കാലികമായി അടച്ചിടുവാൻ തീരുമാനം എടുത്തത്.

ജനുവരി 21 -നാണ് ഇപ്രകാരം ഒരു അറിയിപ്പ് പോർച്ചുഗൽ മെത്രാൻ സമിതിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. “നമ്മുടെ രാജ്യത്തിൽ കോവിഡ് പകർച്ചവ്യാധി രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാ പൗരന്മാർക്കും, പ്രത്യേകിച്ച് ക്രിസ്ത്യാനികൾക്കും രോഗം ബാധിക്കാതിരിക്കുന്നതിനും ഈ സാഹചര്യത്തെ അതിവേഗം മറികടക്കുന്നതിന് ആണ് ഈ തീരുമാനം”- മെത്രാൻ സമിതി വെളിപ്പെടുത്തി. ഇത് രണ്ടാം തവണയാണ് മെത്രാന്മാർ പൊതു ആരാധന താൽക്കാലികമായി നിർത്തിവയ്ക്കുന്നത്. 2020 മാർച്ചിൽ ശക്തിപ്പെടുത്തിയ നിയന്ത്രങ്ങൾക്കു മെയ് മാസം അവസാനത്തോടെ ഇളവുകൾ നൽകിയിരുന്നു.

കോവിഡ് മരണങ്ങൾ പോർച്ചുഗലില്‍ കുതിച്ചുയരുകയാണ്. 10 ദശലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് ജനുവരി 22 വരെ 609,000 കേസുകളും 9,920 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ജോൺസ് ഹോപ്കിൻസ് കൊറോണ വൈറസ് റിസോഴ്‌സ് സെന്റർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.