പോര്‍സ്യൂങ്കുള ദണ്ഡവിമോചനം നേടാം! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

കത്തോലിക്കാ സഭയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ദണ്ഡവിമോചനമായ പോര്‍സ്യൂങ്കുള ദണ്ഡവിമോചനം നേടാന്‍ ഇന്നുകൂടി അവസരം. ഇന്ന് സൂര്യാസ്തമയം വരെയാണ് ദണ്ഡവിമോചനത്തിനുള്ള അവസരം.

വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുകയും പാപമോചനം നേടി വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും ചെയ്യുക എന്നതാണ് ദണ്ഡവിമോചനത്തിനുള്ള പ്രധാന മാര്‍ഗ്ഗം. ഇടവക ദേവാലയത്തില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവേയും വിശ്വാസപ്രമാണവും ഒരു തവണ മാര്‍പാപ്പയുടെ നിയോഗം സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുകയും വേണം.

വി. ഫ്രാന്‍സിസ് അസീസിയാണ് പോര്‍സ്യൂങ്കുള ദണ്ഡവിമോചനത്തിന് കാരണക്കാരന്‍. ഹോണോറിയൂസ് മൂന്നാമന്‍ മാര്‍പാപ്പയുടെ കാലത്താണ് ഇത് ആരംഭിച്ചത്. ദണ്ഡവിമോചനം ഭാഗികവും പൂര്‍ണ്ണവുമാകാം എന്ന് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലുണ്ടായിരുന്ന ഉപേക്ഷിക്കപ്പെട്ട പുരാതന ദൈവാലയമായിരുന്നു പോര്‍സ്യുങ്കുള. ‘ഒരല്‍പം സ്ഥലം’എന്നാണ് പോര്‍സ്യുങ്കുള എന്ന വാക്കിന്റെ അര്‍ത്ഥം. കന്യകാമാതാവിനോട് അഗാധമായ ഭക്തിയുണ്ടായിരുന്ന വി. അസീസി, ദൈവാലയം പുനരുദ്ധരിക്കാന്‍ അതിനോടു ചേര്‍ന്ന് താമസമാക്കി.

ഫ്രാന്‍സിസ്‌ക്കന്‍ സന്യാസ സഭയ്ക്ക് രൂപം നല്‍കിയ അക്കാലയളവില്‍ തനിക്കു വേണ്ടി മാധ്യസ്ഥ്യം വഹിക്കണമെന്ന് വിശുദ്ധന്‍ മാതാവിനോട് അപേക്ഷിക്കാറുണ്ടായിരുന്നു. പിന്നീട് ലഭിച്ച ദര്‍ശനങ്ങളുടെ വെളിച്ചത്തിലാണ് പോര്‍സ്യുങ്കുള ദണ്ഡവിമോചനം അംഗീകരിക്കണമെന്ന അഭ്യര്‍ത്ഥന വി. ഫ്രാന്‍സിസ് അസീസി ഹോണോറിയൂസ് പാപ്പയ്ക്ക് മുന്നില്‍ വച്ചത്. പാപ്പാ അത് അംഗീകരിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.