ക്രിസ്തു തരുന്ന സാഹോദര്യത്തിന്‍റെ സൗഹൃദം പങ്കുവയ്ക്കാന്‍ ക്രൈസ്തവര്‍ക്ക് കഴിയണം: പാപ്പാ

മറ്റുള്ളവർക്കൊപ്പം ജീവിതയാത്രയിൽ നടക്കാനും സ്‌നേഹക്കൂട്ടായ്മ പങ്കുവെക്കാനും അവരുടെ സ്വപ്‌നങ്ങൾ പങ്കുവെക്കാനുമുള്ള സാധ്യതകളും സാഹചര്യങ്ങളും വിട്ടുകളയരുത് എന്ന് ആഹ്വാനം ചെയ്തു ഫ്രാന്‍സിസ് പാപ്പാ. മാഡ്രിഡിൽ സമ്മേളിക്കുന്ന ‘തെയ്‌സെ’ ശൈത്യകാല സഭൈക്യ കൂട്ടായ്മയ്ക്ക് അയച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ആഹ്വാനം ചെയ്തത്.

ക്രൈസ്തവർ അവരുടെ ഹൃദയങ്ങൾ മറ്റുള്ളവർക്കായി തുറക്കാൻ ഒരിക്കലും ഭയപ്പെടരുത്. അപരന് ഇടം നൽകിക്കൊണ്ട് സാഹോദര്യത്തിന്റെ തലങ്ങളാണ് അവർക്കായ് തുറക്കേണ്ടത്. അങ്ങനെ ക്രിസ്തുവിനായി ഹൃദയങ്ങൾ തുറന്നിട്ടുള്ളവർ അവിടുത്തെ വചനം ഉൾക്കൊണ്ടും അവിടുത്തെ സൗഹൃദം സ്വീകരിച്ചും ഏറെ പ്രകടമാകുന്ന സാഹോദര്യക്കൂട്ടായ്മയിലേക്ക് സ്വയം വളരുകയും മാനവികതയെ വളർത്തുകയും ചെയ്യും. അതുവഴി അന്യരുടെ വ്യത്യാസങ്ങളും വൈവിധ്യങ്ങളും ഉൾക്കൊള്ളാനും അംഗീകരിക്കാനും ക്രൈസ്തവർക്കു സാധിക്കും. പാപ്പാ ചൂണ്ടിക്കാട്ടി.

സ്‌നേഹം ധൈര്യമുള്ളതും ത്യാഗപൂർണ്ണവുമാണെന്ന് പരിശുദ്ധ കന്യകാനാഥ തന്റെ ജീവിതത്തിലൂടെ പഠിപ്പിക്കുന്നു. ദൈവത്തെ സ്‌നേഹിക്കാൻ പ്രചോദനമേകുന്ന സ്‌നേഹം, സഹോദരങ്ങളെ സ്‌നേഹിക്കാനും ശുശ്രൂഷിക്കാനും ജീവിതപരിസരങ്ങളിൽ അവർക്കൊപ്പം സാഹോദര്യത്തിൽ ജീവിക്കാനും കരുത്തേകട്ടെ. ദൈവകൃപയാൽ നിറഞ്ഞ്, യുവജനങ്ങൾ അവരുടെ ചെറുതും വലുതുമായ കഴിവുകൾ ലോകത്തിന്റെയും സഹോദരങ്ങളുടെയും നന്മയ്ക്കായി ഉപയോഗിക്കാൻ സാധിക്കട്ടെ.

കുടിയേറ്റത്തിന്റെ മേഖലയിൽ മനുഷ്യകുലം ഇന്നു നേരിടുന്ന ആതിഥ്യത്തിന്റെ വെല്ലുവിളികളെ മറികടക്കാൻ യുവജനങ്ങൾക്കുള്ള സർഗ്ഗാത്മകമായ കാഴ്ചപ്പാട് തീർച്ചയായും സഹായകമാണ് അതുവഴി മുറിപ്പെട്ട ലോകത്തിന് സാന്ത്വനത്തിൻറെ സഹായഹസ്തം നീട്ടാൻ യുവജനങ്ങൾക്കു സാധിക്കട്ടെയെന്നും പാപ്പ ആശംസിച്ചു.

പ്രൊട്ടസ്റ്റന്റ്, കാത്തലിക്, ഓർത്തഡോക് സ് വിഭാഗങ്ങളിലെ യുവജന കൂട്ടായ്മയാണ് തെയ്‌സെ. ബ്രദർ റോജർ 1970കളിൽ സ്വിറ്റ്‌സർലണ്ടിലെ തെയ്‌സെ ഗ്രാമത്തിൽ ആരംഭിച്ച പ്രസ്ഥാനത്തിന്റെ 41-ാമത് സംഗമമാണ് ഡിസംബർ 28മുതൽ 2019 ജനുവരി ഒന്നുവരെ മാഡ്രിഡിൽ ഒത്തുചേരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.