കായികവിനോദങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് കായികപ്രേമി കൂടിയായിരുന്ന മാര്‍പാപ്പയുടെ വാക്കുകള്‍

കായികവിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമില്ലാത്തവര്‍ ചുരുക്കമാണ്. ആരോഗ്യമുള്ള ശരീരത്തിനും മനസിനും അത് ആവശ്യവുമാണല്ലോ. അലസതയും നിരാശയും പോലുള്ള നെഗറ്റീവ് വികാരങ്ങളെയെല്ലാം മനസില്‍ നിന്നകറ്റി ആത്മവിശ്വാസം നിറയ്ക്കാനും കായികവിനോദങ്ങള്‍ സഹായിക്കും.

സഭയും ഇക്കാര്യത്തില്‍ വിശ്വാസികളെ എക്കാലവും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ചില മാര്‍പാപ്പമാര്‍ പ്രത്യേകമായി ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുകയും വിശ്വാസികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഒരു അത്‌ലറ്റ് കൂടിയായിരുന്നു. സോക്കര്‍ പ്ലെയറും ജിംനാസ്റ്റുമായിരുന്നു അദ്ദേഹം. പതിനൊന്നാം പീയൂസ് മാര്‍പാപ്പ ഒരു പര്‍വ്വതാരോഹകനും, പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ പര്‍വവ്വതാരോഹകനും ബോക്‌സറുമായിരുന്നു.

‘നിങ്ങളുടെ ശരീരം ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നെന്നും നിങ്ങള്‍ അറിയുന്നില്ലേ’ (1 കോറി. 6:20) എന്ന വചനം ചൂണ്ടിക്കാട്ടി കായികവിനോദങ്ങളിലൂടെയും പരിശീലനങ്ങളിലൂടെയും സ്വന്തം ശരീരവും മനസും ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കേണ്ടതിനെക്കുറിച്ച് നിരന്തരം ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്ന പാപ്പായാണ് പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ. അദ്ദേഹം തന്റെ പ്രബോധന ലേഖനങ്ങളില്‍ പലതിലും കായികപരിശീലനത്തിന്റെ ആവശ്യകതയെക്കുറിച്ച് എടുത്തുപറഞ്ഞിട്ടുണ്ട്. സ്‌പോട്‌സിനെക്കുറിച്ച് പാപ്പാ നല്‍കിയിട്ടുള്ള ചില നിര്‍ദേശങ്ങള്‍ വായിക്കാം…

1. ‘നിങ്ങള്‍ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. ആകയാല്‍ നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍’ (1 കോറി 6:20). ‘കര്‍ത്താവേ, അങ്ങ് വസിക്കുന്ന ആലയവും അങ്ങയുടെ മഹത്വത്തിന്റെ ഇരിപ്പിടവും എനിക്ക് പ്രിയങ്കരമാണ് (സങ്കീ. 26:8). വചനം പറയുന്നതനുസരിച്ച് ദൈവത്തെ മഹത്വപ്പെടുത്തുന്നതിനു തുല്യമാണ് നമ്മുടെ ശരീരത്തെ ആരോഗ്യത്തോടെ വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തുക എന്നത്.

2. ‘അലസതയ്ക്കുള്ള മരുന്നാണ് സ്‌പോട്‌സ്. സുരക്ഷിതമായ ജീവിതവും അത് നല്‍കുന്നു. സ്വയം വിലയിരുത്താനും ആത്മനിയന്ത്രണം പരിശീലിക്കാനും സ്വയം വിലമതിക്കാനും ശാരീരിക ആരോഗ്യത്തേക്കാളുപരി മാനസിക-സാന്മാര്‍ഗിക ആരോഗ്യവും അത് പ്രദാനം ചെയ്യുന്നു.’

3. ‘ദൈവം നല്‍കിയ ശരീരത്തെയും ആരോഗ്യത്തെയും വേണ്ടവിധത്തില്‍ ഉപയോഗിക്കുന്നതിലൂടെ ദൈവത്തെ തന്നെ മഹത്വപ്പെടുത്തുകയാണ് ചെയ്യുന്നത്.’

4. ‘കരുത്തും ശക്തിയുമുള്ള ശരീരം ഉണ്ടായതുകൊണ്ടു മാത്രം പ്രയോജനമില്ല. സ്വന്തം ആത്മാവിനെയും അനേകരുടെ ആത്മാക്കളെയും ക്രിസ്തുവിനായി നേടുന്നതിന് ആ ആരോഗ്യത്തെ എപ്രകാരം വിനയോഗിക്കാം എന്നതാണ് ശ്രദ്ധിക്കേണ്ടത്.’

5. ‘വിശ്വസ്തത, ധൈര്യം, സാഹോദര്യ മനോഭാവം, സഹനശക്തി, മനോദാര്‍ഢ്യം എന്നിവയെല്ലാം സ്‌പോട്‌സ് വഴിയായി ലഭിക്കുന്നു. ആത്മീയതയിലേയ്ക്ക് നയിക്കുന്ന ഒരു ഘടകമാണ് അത്.’

പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പയുടെ ഈ വാക്കുകളില്‍ നിന്ന് മനസിലാക്കേണ്ടത് ഇതാണ്, കത്തോലിക്കാ വിശ്വാസമനുസരിച്ച് ആരോഗ്യപരമായ കായിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുക എന്നാല്‍ ദൈവത്തിന് മഹത്വം നല്‍കുന്നതിന് തുല്യമാണ്.