പതിവു തെറ്റിക്കാതെ മരിയ മജോരെ ബസിലിക്കയിലെത്തി നന്ദി പറഞ്ഞ് മാര്‍പാപ്പാ

അപ്പസ്തോലിക പര്യടനവുമായി ബന്ധപ്പെട്ട് ഫ്രാന്‍സിസ് പാപ്പാ ഇതുവരെ തെറ്റിക്കാത്ത രണ്ട് പതിവുകളാണ് മരിയ മജോരെ ബസിലിക്കയിലെ സന്ദര്‍ശനം. അപ്പസ്തോലിക പര്യടനത്തിനുമുമ്പും ശേഷവും മേരി മേജര്‍ ബസിലിക്കയിലെ ‘റോമന്‍ ജനതയുടെ സംരക്ഷക’ (സാളൂസ് പോപുളി റൊമാന) എന്ന വിശേഷണത്തോടെ വണങ്ങുന്ന മരിയന്‍ തിരുരൂപത്തിന് മുന്നില്‍ പ്രാര്‍ത്ഥിക്കാന്‍ പാപ്പാ വന്നെത്തും. ഹംഗറി- സ്ലൊവാക്യന്‍ പര്യടനം പൂര്‍ത്തിയാക്കി റോമില്‍ വിമാനമിറങ്ങിയശേഷം പാപ്പ ആദ്യം എത്തിയത് പരിശുദ്ധ അമ്മയ്ക്ക് കൃതജ്ഞത അര്‍പ്പിക്കാനാണ്.

സെപ്റ്റംബര്‍ 12 മുതല്‍ 15 വരെ നീണ്ട ബുദാപെസ്റ്റ്-സ്ലോവാക്കിയ അപ്പസ്‌തോലികയാത്രയുടെ ശുഭപരമായ പര്യാവസാനം, വത്തിക്കാനിലേക്കുള്ള യാത്രയില്‍ മാര്‍പാപ്പാ റോമിലെ മരിയ മജ്ജോറെ ബസലിക്കയിലെത്തി യാത്രയുടെ വിജയത്തിന് പരിശുദ്ധ അമ്മയ്ക്ക് നന്ദി പറഞ്ഞു.

സെപ്റ്റംബര്‍ 15-ന് ഉച്ചതിരിഞ്ഞ് 1.45-ന് സ്ലൊവാക്കിയയിലെ ബ്രാത്തിസ്ലാവ വിമാനത്താവളത്തില്‍നിന്നും പുറപ്പെട്ട ഫ്രാന്‍സിസ് പാപ്പാ ഏതാണ്ട് 3.30 നാണ് റോമിലെ ച്യമ്പീനോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. അവിടെനിന്ന് തിരികെ വത്തിക്കാനിലേക്കുള്ള യാത്രാമധ്യേയാണ് പാപ്പാ മരിയ മജ്ജോറെ ബസലിക്കയിലെത്തിയത്. നന്ദിസൂചകമായി പൂവുകളും പാപ്പാ അവിടുത്തെ അള്‍ത്താരയില്‍ സമര്‍പ്പിച്ചു.

 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.