കൊറോണ ദുരന്തവും പാപ്പായുടെ ഹ്രസ്വ പ്രാര്‍ത്ഥനകളും

കോവിഡ്-19 മഹാമാരിയാല്‍ ഭീതിതരായവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക എന്ന ആഹ്വാനവുമായി പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍.

1. ‘ഒറ്റക്കെട്ടായി പ്രാര്‍ത്ഥിക്കാം’ (#PrayTogehter) എന്ന ഹാഷ്ടാഗോടു കൂടി കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പായുടെ ഈ ക്ഷണമുള്ളത്.

‘ഈ മഹാവ്യാധി മൂലം നിസ്സഹായാവസ്ഥയിലാകുകയും ഭീതിയിലാഴുകയും ചെയ്ത അനേകര്‍ക്കായി നമുക്കു പ്രാര്‍ത്ഥിക്കാം. സമൂഹത്തിന്റെ മുഴുവന്‍ നന്മയ്ക്കായി വീണ്ടുമെഴുന്നേറ്റ് പ്രതികരിക്കാന്‍ കര്‍ത്താവ് അവരെ സഹായിക്കട്ടെ.’

2. ‘കരയുന്നവരായ അനേകരെ ഞാന്‍ ഓര്‍ക്കുന്നു. ആത്മാര്‍ത്ഥമായി നമുക്ക് അവരോടൊപ്പമായിരിക്കാം. സ്വന്തം ജനത്തിനുവേണ്ടി കര്‍ത്താവ് കരഞ്ഞതുപോലെ അല്‍പം നിലവിളിക്കുന്നത് നമുക്കൊരിക്കലും ഹാനികരമാകില്ല’

3. ‘അതീവദു:ഖിതനും അസ്വസ്ഥനുമായി യേശു കണ്ണീര്‍ പൊഴിച്ചു. മഹാമാരിയുടെ അനന്തരഫലങ്ങള്‍ അനുഭവിക്കുന്ന സകല ജനങ്ങള്‍ക്കും മുന്നില്‍ കരയാന്‍ കഴിയുന്നതിനുള്ള അനുഗ്രഹം നമ്മള്‍ കര്‍ത്താവിനോടു യാചിക്കുന്നു. എല്ലാവര്‍ക്കും ഇന്ന് കണ്ണീരിന്റെ ദിനം ആയിരിക്കട്ടെ’

4. ‘ഇന്നത്തെ സുവിശേഷത്തില്‍ യേശു പറയുന്നു: ഞാനാകുന്നു പുനരുത്ഥാനവും ജീവനും… വിശ്വസിക്കുക. മരണം ജയിച്ചെന്ന പ്രതീതിയുളവാകുമ്പോഴും വേദനകള്‍ക്കിടയില്‍ വിശ്വാസമുള്ളവരായിരിക്കുക. മരണമുള്ളിടത്ത് ദൈവവചനം ജീവന്‍ വീണ്ടുമുളവാക്കട്ടെ.’

5. ‘നാം ഏക മാനവകുടുംബമാണ്. നമുക്ക് ശത്രുത അവസാനിപ്പിക്കാം. കോവിഡ്-19 നെതിരായ നമ്മുടെ പോരാട്ടം സാഹോദര്യബന്ധങ്ങള്‍ സുദൃഢമാക്കേണ്ടതിന്റെ വലിയ ആവശ്യകതയെക്കുറിച്ചുള്ള അവബോധം എല്ലാവരിലുമുളവാക്കട്ടെ’