കാർലോ ബ്രദേഴ്സിന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രത്യേക അനുമോദനം

ഭാരതീയ സീറോ മലബാർ സഭയിലെ രണ്ട് വൈദിക വിദ്യാർത്ഥികൾക്ക് ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേക അനുമോദനം. കാർലോ ബ്രദേഴ്സ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അദിലാബാദ് രൂപത രണ്ടാം വർഷ ദൈവശാസ്ത്ര വിദ്യാർത്ഥി ബ്രദർ എഫ്രേം കുന്നപ്പള്ളിക്കും അദ്ദേഹത്തിന്റെ ബന്ധുവും കോതമംഗലം രൂപത മൂന്നാം വർഷ ദൈവശാസ്ത്ര വിദ്യാർത്ഥി ബ്രദർ ജോൺ കണയങ്കനുമാണ് ഫ്രാൻസിസ് മാർപാപ്പ, ഭാരതത്തിന്റെ വത്തിക്കാൻ പ്രതിനിധിയായ മോൺസിഞ്ഞോർ റോബർട്ട് മാർഫിയെ വഴിയായി അനുമോദനവും പ്രോത്സാഹനവും അറിയച്ചത്.

വാഴ്ത്തപ്പെട്ട കാർലോ അക്കുത്തിസിന്റെ മാധ്യമശുശ്രൂഷ തുടർന്നുകൊണ്ടു പോകുന്ന ബ്രദേഴ്സിനെക്കുറിച്ച് കാർലോയുടെ അമ്മയാണ് പരിശുദ്ധ പിതാവിനെ അറിയച്ചത്. കാർലോയെപ്പോലെ കാർലോ ബ്രദേഴ്സും പഠനകാലത്തു തന്നെ ഇപ്രകാരം ചെയ്യുവാൻ ധൈര്യം കാട്ടിയതിനും അതിനായി സമയം കണ്ടെത്തുന്നതിനും പരിശുദ്ധ പിതാവ് നന്ദിയർപ്പിച്ചു കൊണ്ടായിരുന്നു സന്ദേശം തുടങ്ങിയത്.

ഈ കാലഘട്ടത്തിൽ മാധ്യമശുശ്രൂഷയിൽ നാം ശ്രദ്ധിക്കുവാനുള്ള ഒരു ധീരമാതൃകയാണ് കാർലോ. കത്തോലിക്കാ സത്യവിശ്വാസം എല്ലാവരിലേയ്ക്കും എത്തിക്കുവാനായി കാർലോ വോയ്സ് എന്ന ശുശ്രൂഷയും, തിരുസഭയിൽ ഒരുമയുടെ സന്ദേശമാകുവാനായി കത്തോലിക്കാ സഭയുമായി ഐക്യത്തിലുള്ള എല്ലാ വ്യക്തിഗതസഭകളുടെയും തിരുക്കർമ്മങ്ങൾ ലൈവായി കാർലോ ഹബ് മാധ്യമശുശ്രൂഷയും, നവമാധ്യമ ലോകത്തിൽ ശരിയായ വാർത്തകൾ എത്തിക്കാനായി ക്യാറ്റ് ന്യൂ ജെൻ ശുശ്രൂഷയും, കാർലോ റേഡിയോയും തുടങ്ങിയത് തിരുസഭയ്ക്ക് സുവിശേഷവത്ക്കരണത്തിന് സഹായമാകുമെന്നും ഇവരുടെ ഈ ശുശ്രൂഷയിൽ അകൃഷ്ടരായ 800-ൽപരം യുവജനങ്ങൾ കാർലോ കാത്തലിക്ക് മീഡിയാ ആർമിയുടെ ഭാഗമായി ഇവരോടൊപ്പം ചേർന്ന് മാധ്യമത്തിൽ ക്രിസ്തുവെളിച്ചം പരത്തുന്നു.

കാർലോ മീഡിയാ ആർമി, കാർലോ ബ്രദേഴ്സിനാൽ തുടങ്ങിയ ചെറിയ സംഘടനയാണ്. കാർലോയുടെ അമ്മയുടെ സഹായത്തോടെയും അനുവാദത്തോടും കൂടി തുടങ്ങിയ സംഘടനയാണിത്. മാധ്യമങ്ങളിലൂടെ കത്തോലിക്കാ വിശ്വാസം ശരിയായി മറ്റുള്ളവരിലേയ്ക്ക് എത്തിക്കുവാൻ ഇരുവരുടെയും മാധ്യമസംരംഭത്തിന് കഴിയുന്നുണ്ട് എന്നു മനസ്സിലാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കർദ്ദിനാൾമാർ, പാത്രിയർക്കീസുമാർ, മെത്രാന്മാർ തുടങ്ങിയവർ അനുമോദനം അറിയച്ചതിനു പിന്നാലെയാണ് പരിശുദ്ധ പിതാവ് അനുമോദനം അറിയിച്ചത്.

പരിശുദ്ധ സിംഹാസനത്തിന്റെ പ്രത്യേക പ്രീതി ലഭിക്കുവാൻ ഇരുവർക്കും കഴിഞ്ഞതിൽ ദിവ്യകാരുണ്യനാഥനായ ഈശോയക്ക് നന്ദി പറയുകയാണ് ഇവർ. പരിശുദ്ധ സിംഹാസനം ഇരുവരുടെയും പ്രവർത്തനങ്ങളെ ആശീർവ്വദിക്കുകയും ആഗോള തിരുസഭയുടെ എല്ലാ പിന്തുണയും അറിയിക്കുകയും ചെയ്തു. ബ്രദേഴ്സിന്റെ മാതാപിതാക്കളെയും കൂടെ പ്രവർത്തിക്കുന്ന എല്ലാ യുവജനങ്ങളെയും പരിശുദ്ധ പിതാവ് പ്രത്യേകം ആശീർവ്വദിച്ചുകൊണ്ട് സന്ദേശം അവസാനിപ്പിച്ചു.

ജെറുസലേം ലത്തീന്‍ പാത്രിയർക്കിസ് പീയർ ബാറ്റീസ്റ്റാ, ഇരുവരെയും നല്ല മിഷനറി ചൈതന്യം ലഭിക്കുവാൻ ഒരുക്കിയത് ഇരുവരുടെയും വൈദിക പരിശീലനം നടത്തുന്ന വൈദികരാണ് എന്നതിൽ സംശയമില്ലെന്നും ഇരുവരും വൈദികപരിശീലനം നേടുന്ന സത്നാ വി. എഫ്രേം സെമിനാരിയെക്കുറിച്ച് കേൾക്കുവാന്‍ ഇടയായപ്പോൾ ഇരുവരും ഇപ്രകാരമായതിൽ അതിശയമില്ലായെന്നും ശരിയായ മിഷൻ ചൈതന്യം പകർന്നുകൊടുക്കാവാന്‍ സെമിനാരിക്ക് സാധിച്ചതിനാലാണ് ഇവർ ലോകം മുഴുവനായും, മലയിൽ ഉയർത്തിയ ദീപം പോലെ കത്തിനിൽക്കുന്നതെന്നും അഭിപ്രായപ്പെട്ടു.

കാർലോ ബ്രദേഴ്സ് ഇതിനകം നവവിശുദ്ധരാകുവാനുള്ള എല്ലാവരെയും കുറിച്ചുള്ള ഗ്രന്ഥങ്ങളും തയ്യറാക്കി കഴിഞ്ഞിരിക്കുന്നു. യുവജനങ്ങൾക്കെല്ലാം ഇരുവരും വളരെ പ്രിയപ്പെട്ടവരായി മാറിയിരിക്കുന്നു. യുവജനങ്ങളെ കൈയ്യിലെടുക്കുവാനുള്ള ഇവരുടെ പ്രസംഗചാരുതയും വളരെ ശ്രദ്ധയാകർഷിച്ചിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.