അതിസാഹസികമെങ്കിലും പാപ്പായുടെ ഇറാഖ് സന്ദർശനം ലോക ശ്രദ്ധയാകർഷിക്കുന്നു

കോവിഡ് -19 പ്രതിസന്ധിയും ഐ എസ് ഭീകരാക്രമണവും രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇറാഖിലേക്കുള്ള മാർപ്പാപ്പയുടെ ആദ്യത്തെ സന്ദർശനം ക്രൈസ്തവർക്ക് കൂടുതൽ കരുത്തുപകരും. ഷിയാ- മിലി സംഘടനകളുടെ തുടർച്ചയായ റോക്കറ്റ് ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പാപ്പയുടെ സുരക്ഷ വലിയ ആശങ്ക ഉയർത്തുന്ന വസ്തുതയാണ്.

ജനക്കൂട്ടങ്ങളിലേക്കിറങ്ങി ചെല്ലുവാൻ ഇഷ്ടപ്പെടുന്ന പാപ്പായ്ക്ക് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഈ യാത്ര ഫ്രാൻസിസ്‌ പാപ്പായ്ക്കും ലോകത്തിനും 2014 -17 കാലഘട്ടത്തിൽ ഐ എസ് ആക്രമണങ്ങളിൽ ഉണ്ടായ നാശ നഷ്ടങ്ങളെ കൂടുതൽ അടുത്തറിയുവാൻ സഹായിക്കും. വടക്കൻ ഇറാഖിലെ ക്രൈസ്തവരുടെ നൂറുകണക്കിന് വീടുകളും ആരാധനാലയങ്ങളും നശിപ്പിക്കപ്പെടുകയും പതിനായിരക്കണക്കിന് ക്രൈസ്തവ വിശ്വാസികൾ പലായനം ചെയ്യുകയും ചെയ്തിരുന്നു.

1999 -ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ഇറാഖ് സന്ദർശനത്തെ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി വിലക്കിയിരുന്നു. ക്രിസ്ത്യൻ- മുസ്ലിം- ജൂത വിഭാഗങ്ങളുടെ വിശ്വാസത്തിന്റെ കേന്ദ്ര ബിന്ദുവായ അബ്രഹാമിന്റെ ജന്മസ്ഥലത്തേക്ക് ഒരു മാർപ്പാപ്പയെ കൊണ്ടുവരുവാനുള്ള രണ്ടു പതിറ്റാണ്ടുകളുടെ ശ്രമത്തിന്റെ പര്യവസാനമാണ് ഫ്രാൻസിസ്‌ പാപ്പായുടെ സന്ദർശനം. “ഞങ്ങൾക്ക് രണ്ടാമതും ഒരു ജനതയെ നിരാശപ്പെടുത്തുവാൻ കഴിയുകയില്ല” -എന്നാണു ഫ്രാൻസിസ്‌ പാപ്പാ ബുധനാഴ്ചയിലെ പ്രാർത്ഥനാ വേളയിൽ ഇതിനെക്കുറിച്ചു പ്രതികരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.