പുതിയ സാമ്പത്തികപരിഷ്‌കരണത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി മാര്‍പാപ്പ

തൊഴിലില്ലായ്മക്കെതിരെയും അപകടകരവും തരംതാഴ്ന്നതുമായ രീതിയിലുള്ള ജോലിരീതികള്‍ക്കെതിരെയും പുതിയ ഒരു സാമ്പത്തികപരിഷ്‌കരണം ആവശ്യമെന്ന് ഫ്രാന്‍സിസ് പാപ്പാ. ജനീവയില്‍ വച്ചു നടക്കുന്ന അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെ നൂറ്റിയൊന്‍പതാമത് അന്താരാഷ്ട്ര തൊഴിലാളി സമ്മേളനത്തിന് അയച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം ആവശ്യപ്പെട്ടത്.

കോവിഡ് സൃഷ്ടിച്ച ആഘാതങ്ങളില്‍ കഴിയുന്ന പലര്‍ക്കും ഇപ്പോഴും ചികിത്സാസഹായ പദ്ധതികളുടെ സംരക്ഷണം കിട്ടുന്നില്ലെന്നും സാമ്പത്തികവും മാനസികവുമായ സഹായം പലപ്പോഴും അവര്‍ക്കു ലഭിക്കുന്നില്ലെന്നും പാപ്പാ പറഞ്ഞു. മാന്യമായ തൊഴില്‍ സൗകര്യങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകണമെന്നും ഗവണ്മെന്റുകളും സംരംഭകരും തൊഴിലാളികളും തമ്മില്‍ കൂടുതല്‍ സന്ധിസംഭാഷണങ്ങളും ഒരുമയും ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.

തൊഴിലാളി സംഘടനകളില്‍ ചേരുന്നത് തൊഴിലാളികളുടെ അവകാശമാണെന്ന് പറഞ്ഞ പാപ്പാ, മാനുഷീകമായ തൊഴിലിടങ്ങള്‍ക്കു പകരം പലയിടങ്ങളിലും അപകടകരവും മോശവുമായ സ്ഥിതിയിലും അന്തരീക്ഷത്തിലുമാണ് ആളുകള്‍ ജോലി ചെയ്യേണ്ടിവരുന്നതെന്ന് അഭിപ്രായപ്പെട്ടു. ജൂണ്‍ പതിനേഴാം തീയതി നടന്ന പൊതുയോഗത്തിലേക്ക് സ്പാനിഷ് ഭാഷയിലാണ് പാപ്പാ വീഡിയോ സന്ദേശം അയച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.