എളിയവരോട് അവഗണന അരുതെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പാ

സുഖലോലുപതയുടെ സംസ്‌കാരം ദൈവജനത്തെ പലപ്പോഴും ദൈവസ്‌നേഹത്തിന്റെ ജീവിതവഴികളില്‍ നിന്ന് അകറ്റുകയും സഹോദരങ്ങളോട് വിശിഷ്യാ, എളിയവരോട് നിസ്സംഗരായി ജീവിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പാ ചൂണ്ടിക്കാട്ടി. അപരന്റെ വേദനയും യാതനയും എന്റെ പ്രശ്നമല്ലെന്നും താന്‍ സഹോദരന്റെ സൂക്ഷിപ്പുകാരനോ കാവല്‍ക്കാരനോ അല്ലെന്നുമുള്ള മനോഭാവത്തില്‍ ജീവിക്കുന്ന അപകടം ഇന്ന് സാധാരണമാണെന്ന് ലോകം നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ പ്രതിസന്ധികളെ ഉദാഹരണമാക്കി പാപ്പാ സൂചിപ്പിച്ചു.

എന്നാല്‍ ക്രിസ്തുവുമായി വ്യക്തിഗത കൂടിക്കാഴ്ച ആഗ്രഹിക്കുന്നവര്‍ ദൈവത്തിന്റെ മുഖകാന്തി അന്വേഷിക്കുവാന്‍ തയ്യാറാകുമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. അങ്ങനെ മനുഷ്യാവതാരം ചെയ്ത ദൈവപുത്രനെ അടുത്തറിയുവാനും അവിടുത്തെ മുഖകാന്തി ദര്‍ശിക്കുവാനും ഭാഗ്യം ലഭിച്ചവരാണ് ക്രിസ്തുവിന്റെ വിളികേട്ട് അവിടുത്തെ അനുഗമിച്ച 12 അപ്പസ്‌തോലന്മാരെന്ന് സുവിശേഷഭാഗത്തെ ആധാരമാക്കി പാപ്പാ വ്യാഖ്യാനിക്കുകയും ചെയ്തു.

അപ്പസ്‌തോലന്മാര്‍ക്കെല്ലാം ക്രിസ്തുവുമായുള്ള കൂടിക്കാഴ്ച കൃപാവരത്തിന്റെയും രക്ഷാദാനത്തിന്റെയും സമയമായി മാറിയെന്നും അതിനാല്‍ അവര്‍ ദൈവരാജ്യത്തിന്റെ വഴികളില്‍ വിശ്വസ്തതയോടെ ചരിച്ചുവെന്നും പാപ്പാ പ്രസ്താവിച്ചു. ക്രിസ്തുശിഷ്യരായ നമുക്കും ക്രിസ്തുമായുള്ള കൂടിക്കാഴ്ച സാദ്ധ്യമാകുവാന്‍ ചുറ്റുമുള്ള സഹോദരങ്ങളില്‍ വിശിഷ്യാ, പാവങ്ങളും പരിത്യക്തരുമായവരില്‍ അവിടുത്തെ ദര്‍ശിക്കുവാനുള്ള മനസ്സുണ്ടാകണമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

സഹോദരനും സഹോദരിയുമായുള്ള കൂടിക്കാഴ്ച ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയാണെന്ന് പാപ്പാ വിശേഷിപ്പിച്ചു. നമ്മുടെ വാതില്‍ക്കല്‍ മുട്ടുന്ന വിശക്കുന്നവരോടും ദാഹിക്കുന്നവരോടും രോഗികളോടും കാരാഗൃഹവാസികളോടും അനുകമ്പ കാണിക്കുകയും അവരെ സഹായിക്കുകയും ചെയ്യുന്നവര്‍ ക്രിസ്തുവിനെ അവരില്‍ ദര്‍ശിക്കുവാന്‍ ഇടയാകുന്നെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.