പാപ്പായുടെ പൊതുപരിപാടികള്‍ മാധ്യമങ്ങളിലൂടെ മാത്രം നടത്താന്‍ തീരുമാനം

ആശങ്കയുണര്‍ത്തുന്ന കൊറോണ വൈറസ് ബാധയോടുള്ള പ്രതിരോധ നടപടിയുടെയും പകര്‍ച്ച തടയുവാനുള്ള മുന്‍കരുതലിന്റെയും ഭാഗമായിട്ടാണ് വത്തിക്കാന്റെ ആരോഗ്യവകുപ്പ് (Health and Hygiene Directorate of the Vatican Ctiy State) പൊതുവായ പരിപാടികള്‍ മാധ്യമങ്ങളിലൂടെ മാത്രം നടത്താന്‍ തീരുമാനിച്ചത്.

വത്തിക്കാന്റെ ആരോഗ്യവകുപ്പിന്റെ തീരുമാനപ്രകാരം മാര്‍ച്ച് 8-ാം തീയതി, ഞായറാഴ്ച മദ്ധ്യാഹ്നത്തില്‍ പതിവുള്ള ത്രികാല പ്രാര്‍ത്ഥനാ പരിപാടി അപ്പസ്‌തോലിക അരമനയിലെ ജാലകത്തില്‍ നിന്നു നടത്തുന്നതിനു പകരം, അവിടെയുള്ള പാപ്പായുടെ ഗ്രന്ഥാലയത്തില്‍ നിന്നുമാണ് നടത്തിയത്. വത്തിക്കാന്‍ ടെലവിഷനും ഇതര മാധ്യമവിഭാഗങ്ങളും സാമൂഹ്യശ്രംഖലകളും ഉപയോഗിച്ച് ഇറ്റലിയില്‍ മാത്രമല്ല, ലോകമെമ്പാടും ലഭ്യമാകുന്ന വിധത്തില്‍ തത്സമയം സംപ്രേഷണം ചെയ്യും. മറ്റു മാധ്യമ ശ്രൃംഖലകള്‍ക്കൊപ്പം വത്തിക്കാനില്‍ വി. പത്രോസിന്റെ ചത്വരത്തിലെ ഭീമന്‍ സ്‌ക്രീനുകളിലും പാപ്പായുടെ പരിപാടികള്‍ പൊതുജനത്തിനും വിശ്വാസികള്‍ക്കുമായി ലഭ്യമാക്കും. കൂട്ടംചേരലും സമ്പര്‍ക്കവും ഒഴിവാക്കി വൈറല്‍ ബാധ തടയുവാനാണ് വത്തിക്കാന്റെ ആരോഗ്യവകുപ്പ് ഈ മുന്‍കരുതലുകള്‍ എടുത്തിരിക്കുന്നത്.

വി. പത്രോസിന്റെ ചത്വരത്തില്‍ ബുധനാഴ്ച, മാര്‍ച്ച് 11-ന് നടക്കേണ്ട പൊതുകൂടിക്കാഴ്ച പരിപാടിയും ഇതുപോലെ മാധ്യമ സഹായത്തോടെ പങ്കുവയ്ക്കുമെന്ന് പ്രസ്താവനയിലൂടെ വത്തിക്കാന്റെ പ്രസ്സ് ഓഫിസ് മേധാവി മത്തയോ ബ്രൂണി അറിയിച്ചു.