മാര്‍പാപ്പയുടെ പത്ത് ഔദ്യോഗിക സ്ഥാനനാമങ്ങള്‍

കത്തോലിക്കാ സഭയിലെ 266-ാമത് മാര്‍പാപ്പയാണ് വി. പത്രോസിന്റെ പിന്‍ഗാമിയായി എത്തിയ അര്‍ജന്റീനക്കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ. ശിമയോന്‍ എന്ന പേര് മാറ്റി, ‘പാറ’ എന്ന് പത്രോസിനെ യേശു വിളിച്ചെങ്കിലും സഭയില്‍ മാര്‍പാപ്പമാര്‍ക്ക് ആദ്യകാലങ്ങളില്‍ അനേകം വിശേഷണങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, തന്റെ ശുശ്രൂഷയുടെ വിവിധ തലങ്ങള്‍ പരിഗണിച്ച് മാര്‍പാപ്പമാര്‍ക്ക് പലവിധ സ്ഥാനനാമങ്ങള്‍ ലഭിക്കുകയുണ്ടായി. അവ ഏതൊക്കെയെന്ന് നോക്കാം.

1. മാര്‍പാപ്പ (Pope)

പിതാവ് എന്നര്‍ത്ഥമുള്ള പാപ്പാ എന്ന ഇറ്റാലിയന്‍ വാക്കില്‍ നിന്നാണ് പോപ്പ് അഥവാ മാര്‍പാപ്പ എന്ന വാക്ക് ഉണ്ടായത്. ആറാം നൂറ്റാണ്ട് മുതലാണ് മാര്‍പാപ്പമാരെ ഈ വാക്ക് ഉപയോഗിച്ചു വിശേഷിപ്പിച്ചു തുടങ്ങിയത്. ഇതില്‍ നിന്നു തന്നെയാണ് പരിശുദ്ധ പിതാവ് എന്ന വിശേഷണവും ഉണ്ടായത്.

2. പുരോഹിത ശ്രേഷ്ഠന്‍ (Pontifex Maximus)

പാലം എന്നര്‍ത്ഥമുള്ള പോണ്‍സ് (pons) എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ് പെന്തിഫെക്‌സ് മാക്‌സിമസ് എന്ന വാക്കുണ്ടായത്. ദൈവത്തിനും മനുഷ്യനും ഇടയിലുള്ള പാലം എന്ന നിലയിലാണ് ഈ വിശേഷണം.

3. വലിയ ഇടയന്‍ (Summus Pontifex)

റോമന്‍ നേതാക്കള്‍ക്ക് നല്‍കുന്ന വിശേഷണമാണിത്. പാപ്പായാണ് വലിയ ഇടയന്‍ എന്ന സന്ദേശമാണ് ഈ വിശേഷണം നല്‍കുന്നത്.

4. പ്രധാനഗുരു (Pontiff)

പൊന്തിഫെക്‌സ് എന്നത് റോമന്‍ വാക്കാണ്. വലിയ ഇടയന്‍ എന്നു തന്നെ അര്‍ത്ഥം.

5. ദാസന്മാരുടെ ദാസന്‍

യേശുവിനെപ്പോലെ ദൈവമക്കളുടെ ദാസന്‍ എന്ന വിശേഷണം സ്വീകരിച്ചത് വി. ഗ്രിഗറിയാണ്.

6. ക്രിസ്തുവിന്റെ വികാരി

വി. ലിയോ ദ ഗ്രേറ്റാണ് ഈ വിശേഷണം സ്വീകരിച്ചത്. ആടുകളുടെ ഇടയന്മാരായി ക്രിസ്തു തന്റെ ശിഷ്യരെ നിയോഗിച്ചതിന് പ്രതീകമായാണ് ഈ നാമം.

7. വത്തിക്കാന്റെ പരമാധികാരി

വത്തിക്കാന്റെ അധിപന്‍ എന്ന നിലയിലുള്ള ഈ വിശേഷണം അടുത്ത നാളിലാണ് മാര്‍പാപ്പമാര്‍ക്ക് ലഭിച്ചത്.

8. റോമിന്റെ ബിഷപ്പ്

വി. പത്രോസിന്റെ കാലം മുതല്‍ റോമിന്റെ ബിഷപ്പ് എന്ന വിശേഷണം മാര്‍പാപ്പമാര്‍ക്കുണ്ട്.

9. പ്രധാനാചാര്യന്‍ (Primate of Italy)

സഭയിലെ സുപ്രധാന അധികാരി എന്നര്‍ത്ഥം

10. പരിശുദ്ധ പിതാവ്

പൊതുവെ, മാര്‍പാപ്പമാരെ വിശേഷിപ്പിക്കുന്ന നാമമാണിത്. സഭയുടെയും മാര്‍പാപ്പയുടെയും പരിശുദ്ധിയെ സൂചിപ്പിക്കുന്ന നാമം കൂടിയാണിത്.