കൂട്ടായ്മയിലുള്ള ജീവിതമാണ് വിശ്വാസം: സ്‌പെയിന്‍ ജനതയ്ക്ക് പാപ്പായുടെ സന്ദേശം

വിശ്വാസം എന്നാല്‍ ഒറ്റപ്പെട്ട ഒരനുഭമല്ല. മറിച്ച്, ഒരു കൂട്ടായ്മയില്‍ വളരുന്നതാണെന്ന് ഓര്‍മ്മപ്പെടുത്തി ഫ്രാന്‍സിസ് പാപ്പ. സാധാരണക്കാരായ സ്ത്രീ-പുരുഷന്മാര്‍, തങ്ങള്‍ക്ക് ദൈവത്തില്‍ നിന്ന് ലഭിച്ച കൃപകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും തങ്ങളായിരിക്കുന്ന സമൂഹങ്ങളില്‍ വിശ്വാസം പ്രഘോഷിക്കുകയും ചെയ്യുന്നവരാണെന്ന് പാപ്പാ പറഞ്ഞു. സ്‌പെയിനിലെ മാഡ്രിഡില്‍ നടന്ന കത്തോലിക്ക കോണ്‍ഗ്രസ് സമ്മേളനത്തിനയച്ച സന്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ഒറ്റപ്പെട്ടതും ഒഴിവാക്കുന്നതുമായ ഏറ്റവും ഉയര്‍ന്ന മതിലുകള്‍ പോലും തകര്‍ക്കാന്‍ കഴിയുന്ന ജീവനുള്ള ദൈവവചനം ക്രിസ്തീയസാക്ഷ്യങ്ങളിലൂടെ ആവേശത്തോടെയും സന്തോഷത്തോടെയും പ്രഘോഷിക്കപ്പെടേണ്ടതുണ്ട്. സാംസ്‌കാരിക-രാഷ്ട്രീയ-വ്യവസായിക മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അവരുടെ ജീവിതരീതിയിലൂടെ സുവിശേഷത്തിന്റെ പുതുമയും സന്തോഷവും കൊണ്ടുവരാന്‍ സാധിക്കും, പാപ്പ തുടര്‍ന്നു.

ദൈവത്തോടും സഭയോടും ചേര്‍ന്നുനിന്നു കൊണ്ട് ചുറ്റുമുള്ള ആളുകളെ പരിഗണിച്ചുംകൊണ്ട് ജീവിതം നയിക്കണമെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു. പുരോഹിതരെ സംബന്ധിച്ചുള്ള പ്രചാരണങ്ങള്‍, മത്സരബുദ്ധി, നിഷേധാത്മകത, സഭയ്‌ക്കെതിരായ ചര്‍ച്ചകള്‍ എന്നീ പ്രലോഭനങ്ങളില്‍ ജാഗ്രത പാലിക്കുകയും ചെയ്യണം. ഈ പ്രലോഭനങ്ങള്‍ വിശുദ്ധിയിലേയ്ക്കുള്ള സാധാരണക്കാരുടെ വിളിയ്ക്ക് തടസ്സം സൃഷ്ടിക്കും. നാമെല്ലാവരും ഒരു ക്രിസ്ത്യന്‍ സമൂഹത്തിന്റെ ഭാഗമാണ്. ഏകദൈവത്തില്‍ കേന്ദ്രീകൃതമായ ദൈവത്തിന്റെ ഒരു കുടുംബമാണ് നാമെന്നും പാപ്പാ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.