കുടുംബങ്ങള്‍ക്ക് മാര്‍പാപ്പാ നല്‍കുന്ന ഉപദേശം

ചെറിയ കാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കുക എന്നതാണ് കുടുംബങ്ങള്‍ക്ക് മാര്‍പാപ്പാ നല്‍കുന്ന ഒരു പ്രധാനപ്പെട്ട ഉപദേശം. ദാമ്പത്യജീവിതത്തില്‍ ചിലപ്പോഴെല്ലാം ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിൽ തര്‍ക്കങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ആ തര്‍ക്കം അന്നന്ന് ഉറങ്ങും മുമ്പേ പറഞ്ഞുതീര്‍ക്കണം. തര്‍ക്കം തീര്‍ക്കാന്‍ മറ്റ് മദ്ധ്യസ്ഥരെയൊന്നും വിളിച്ചുകൊണ്ടു വരേണ്ട കാര്യമില്ല. ഒരു തലോടലോ സ്നേഹപൂർണ്ണമായ സ്പര്‍ശമോ മതിയാകും.

സ്വപ്നം കാണുന്ന കുടുംബങ്ങളാവുക. സ്വപ്നങ്ങളില്ലാത്ത കുടുംബങ്ങളുണ്ടാവുകയുമില്ല. ഓരോ ദിവസവും സ്വയം പരിശോധിക്കുക, ഇന്ന് ഞാന്‍ എന്റെ കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ച് സ്വപ്നം കണ്ടോ? എന്റെ മാതാപിതാക്കളെക്കുറിച്ചും മുത്തശീമുത്തച്ഛന്മാരെക്കുറിച്ചും സ്വപ്നം കണ്ടോ? സ്വപ്നം കാണാനുള്ള ഈ കഴിവ് ഇല്ലാതാക്കരുത്.

ഒരുമിച്ച് പ്രാര്‍ത്ഥിക്കുക, ഒരുമിച്ച് കളിക്കുക. രണ്ടും പ്രധാനപ്പെട്ടതാണ്. നിങ്ങള്‍ കുട്ടികളോടൊത്ത് കളിക്കാന്‍ സമയം കണ്ടെത്താറുണ്ടോ? അത് തീര്‍ച്ചയായും വേണം. കുട്ടികളോടൊത്ത് ചെലവഴിക്കാന്‍ എല്ലാ ദിവസവും സമയം കണ്ടെത്തണം. കുടുംബത്തിലാണ് നാം ആദ്യമായി പ്രാര്‍ത്ഥിക്കാന്‍ പഠിക്കുന്നത്. ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്ന കുടുംബം ഒരുമിച്ച് നിലനില്‍ക്കുന്നു. ദൈവപദ്ധതിയില്‍ കുടുംബങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്.

സ്വന്തം കുറവുകള്‍ അംഗീകരിക്കുക, ക്ഷമാശീലം പാലിക്കുക. ഇവ രണ്ടും കുടുംബജീവിതത്തില്‍ അത്യന്താപേക്ഷിതമാണ്. നമ്മുടെ എല്ലാ കുറവുകളും വെളിപ്പെടുന്ന ഇടമാണ് കുടുംബം. നമ്മുടെ കുറവുകള്‍ അംഗീകരിക്കാന്‍ മടിക്കരുത്. ക്ഷമിക്കാനും പരസ്പരം വിട്ടുവീഴ്ച കാണിക്കാനും പഠിക്കണം. അതുപോലെ പ്രധാനപ്പെട്ട ഒന്നാണ് ക്ഷമാശീലം. ക്രിസ്തു തന്റെ സഭയെ കരുതിയതുപോലെ സ്വന്തം ഭാര്യയെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കുക, അവര്‍ക്കായി കരുതുക, ക്ഷമാശീലത്തോടെ അവരെ സ്നേഹിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.