തിരുഹൃദയത്തെ ദൃഢവിശ്വാസത്തോടു കൂടി സമീപിക്കാന്‍ പാപ്പായുടെ ആഹ്വാനം

യേശുവിന്റെ തിരുഹൃദയത്തെ ആത്മവിശ്വാസത്തോടെ നോക്കാനും എല്ലായ്‌പ്പോഴും സര്‍വ്വോപരി, ഈ ജൂണ്‍ മാസത്തില്‍ ഇപ്രകാരം ആവര്‍ത്തിക്കാനും ഞാന്‍ നിങ്ങളെ ഓരോരുത്തരെയും ക്ഷണിക്കുകയാണെന്ന് ഈശോയുടെ തിരുഹൃദയ തിരുനാളില്‍ ഫ്രാന്‍സിസ് പാപ്പാ. “ശാന്തശീലനും വിനീതഹൃദയനുമായ യേശുവേ, ഞങ്ങളുടെ ഹൃദയത്തെ രൂപാന്തരപ്പെടുത്തുകയും ദൈവത്തെയും അയല്‍ക്കാരനെയും ഉദാരതയോടെ സ്‌നേഹിക്കാന്‍ ഞങ്ങളെ പഠിപ്പിക്കുകയും ചെയ്യേണമേ” – തിരുനാള്‍ ദിവസം ട്വിറ്റര്‍ വഴി നല്‍കിയ സന്ദേശത്തില്‍ പാപ്പാ കുറിച്ചു.

തിരുഹൃദയ തിരുനാള്‍ ആഘോഷിക്കുമ്പോള്‍ നമ്മുടെ ഹൃദയങ്ങളും ഈശോയുടെ ഹൃദയം പോലെയാകാനും ഹൃദയം പരിശുദ്ധമാക്കുന്നതിനു വേണ്ടിയും അവിടുത്തോട് പ്രാര്‍ത്ഥിക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. ഈശോയുടെ തിരുഹൃദയഭക്തിക്കായി പ്രത്യേകം മാറ്റിവച്ചിരിക്കുന്ന ഈ ജൂണ്‍ മാസത്തില്‍ പ്രാര്‍ത്ഥനയിലൂടെ ഈശോയെ നമ്മുടെ ഹൃദയങ്ങളിലേക്ക് ക്ഷണിക്കാം. അസ്വസ്ഥതകളില്‍ അവിടുത്തെ ഹൃദയത്തില്‍ സമാശ്വാസം കണ്ടെത്താമെന്നും അവിടുത്തെ വിനീതമായ ഹൃദയത്തില്‍ നിന്ന് നമുക്ക് പഠിക്കാമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

ക്രിസ്തുവിന്റേതു പോലുള്ള ഹൃദയം നമുക്കും ഉണ്ടാകണം. താഴ്മയോടും കരുണയോടും കൂടി സദ്പ്രവര്‍ത്തികള്‍ ചെയ്തുകൊണ്ടാണ് അവിടുത്തെ തിരുഹൃദയത്തോട് നാം ചേര്‍ന്നുനില്‍ക്കേണ്ടത്. അഹങ്കാരം, അകൃത്യങ്ങള്‍, നിര്‍വികാരത എന്നിങ്ങനെ ഭൗതികമായി നമ്മുടെ ഹൃദയത്തിലുള്ള സകലതിനെയും മാറ്റി നൈര്‍മ്മല്യത്തിലേക്ക് നയിക്കപ്പെടാന്‍ നാം പ്രാര്‍ത്ഥിക്കണം. അപ്പോള്‍ തീര്‍ച്ചയായും നമുക്ക് സമാധാനം കണ്ടെത്താകും – പാപ്പാ സന്ദേശത്തില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.