
ഈ ബുധനാഴ്ചയും പേപ്പല്‍ ഭവനത്തിലെ തന്റെ സ്വകാര്യ പഠനമുറിയില്‍ നിന്ന് പാപ്പാ ത്രിത്വൈക സ്തുതിയോടുകൂടി പൊതുദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണം നടത്തി. വിശുദ്ധ ഗ്രന്ഥ വായനാന്തരം പാപ്പാ, സുവിശേഷസൗഭാഗ്യങ്ങളെ അധികരിച്ചു വിചിന്തനം നടത്തി.
സുവിശേഷസൗഭാഗ്യങ്ങളെ അധികരിച്ച് പാപ്പാ നടത്തിയ പരിചിന്തനത്തിന്റെ സംഗ്രഹം:
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം.
നീതിക്കായി പീഢനങ്ങള്‍ സഹിക്കുന്നവര്‍ക്കു ലഭിക്കുന്ന യുഗാന്തപരമായ (എസ്‌കത്തോളജിക്കല്‍ eschatological) സന്തോഷമാണ് നാം അവസാനം ശ്രവിച്ച സുവിശേഷസൗഭാഗ്യം പ്രഖ്യാപിക്കുന്നത്. ഇത് വിളംബരം ചെയ്യുന്നത് ആദ്യത്തെ സുവിശേഷസൗഭാഗ്യം തന്നെയാണ്. അതായത്, സ്വര്‍ഗ്ഗരാജ്യം പീഢിതര്‍ക്കും ആത്മാവില്‍ ദരിദ്രര്‍ക്കുമുള്ളതാണ്. മുന്‍ പ്രഖ്യാപനങ്ങളില്‍ അനാവരണം ചെയ്യപ്പെട്ട ഒരു ഏകീകൃതപാതയുടെ അവസാനത്തില്‍ നാം എത്തിയിരിക്കയാണെന്ന് അങ്ങനെ നമുക്കു മനസ്സിലാക്കാന്‍ സാധിക്കും.
ലൗകികജീവിതത്തില്‍ നിന്ന് ദൈവഹിതാനുസാര ജീവിതത്തിലേയ്ക്ക്
ആത്മാവില്‍ ദാരിദ്ര്യം, വിലാപം, ശാന്തത, വിശുദ്ധിയ്ക്കായുള്ള ദാഹം, കാരുണ്യം, ഹൃദയശുദ്ധി, സമാധാനപ്രവര്‍ത്തനം എന്നിവ ക്രിസ്തുവിനെ പ്രതിയുള്ള പീഢനത്തിലേയ്ക്കു നയിക്കാമെങ്കിലും ഈ പീഢനങ്ങള്‍ അവസാനം ആനന്ദത്തിനും സ്വര്‍ഗ്ഗരാജ്യത്തില്‍ വലിയ സമ്മാനത്തിനും നിമിത്തമാകുന്നു. സുവിശേഷസൗഭാഗ്യങ്ങളുടെ സരണി, ലൗകികമായ ജീവിതത്തില്‍ നിന്ന് ദൈവഹിതാനുസാരമുള്ള ഒരു ജീവിതത്തിലേയ്ക്കു നയിക്കുന്ന പെസഹാ യാത്രയുടേതാണ്. ശരീരത്താല്‍ നയിക്കപ്പെടുന്ന ഒരു അസ്തിത്വത്തില്‍ നിന്ന് അതായത്, സ്വാര്‍ത്ഥതയില്‍ നിന്ന് പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ജീവിതത്തിലേയ്ക്കുള്ള പാതയാണ്.
മാനുഷിക മനോഭാവങ്ങള്‍ പാപത്തിന്റെ സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നു
സ്വന്തമായ ബിംബങ്ങളോടും സന്ധിചെയ്യലുകളോടും മുന്‍ഗണനകളോടും കൂടിയ ഒരു ലോകം ഇത്തരമൊരു അസ്തിത്വം അംഗീകരിക്കില്ല. മാനുഷികമായ മനോഭാവങ്ങളാണ് പാപത്തിന്റെ സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നത്. അവ ലോകത്തിനു സ്വീകരിക്കാന്‍ കഴിയാത്തതായ സത്യത്തിന്റെ ആത്മാവിന് (യോഹ. 14:17) അത്രമാത്രം അന്യമാണ്. ദാരിദ്ര്യത്തെയും സൗമ്യതയെയും വിശുദ്ധിയെയും നിരാകരിക്കാനും സുവിശേഷാനുസൃത ജീവിതത്തെ പ്രമാദമായും പ്രശ്നമായും ആകയാല്‍, തള്ളിക്കളയേണ്ട ഒന്നായി പ്രഖ്യാപിക്കാനും മാത്രമേ അവയ്ക്കു സാധിക്കൂ. ലോകത്തിന്റെ ചിന്ത അങ്ങനെയാണ്. ആദര്‍ശവാദികളോ മതഭ്രാന്തന്മാരോ ആയി മുദ്ര കുത്തുന്നു.
സമ്പത്തോന്മുഖ ജീവിതം
ധനാധിഷ്ഠിതിമായിട്ടാണ് ലോകം ജീവിക്കുന്നത്. ആത്മദാനത്തിലും പരിത്യാഗത്തിലും ജീവിതം സാക്ഷാത്ക്കരിക്കാമെന്ന് ആരെങ്കിലും തെളിയിക്കുന്നത് അത്യാര്‍ത്തിയുടെ ഒരു സംവിധാനത്തിന് അസഹ്യമാണ്. അസഹ്യം എന്നത് സുപ്രധാനമായ ഒരു വാക്കാണ്. കാരണം, അനേകര്‍ക്ക് ഏറെ നന്മ വിതയ്ക്കുന്നതായ ക്രിസ്തീയസാക്ഷ്യം ലോകത്തിന്റെ മനോഭാവം പുലര്‍ത്തുന്നവര്‍ക്ക് ശല്യമാണ്. അതിനെ ഒരു ഭര്‍ത്സനമായിട്ടാണ് അവര്‍ കാണുക. വിശുദ്ധി ആവിഷ്‌കൃതമാകുമ്പോഴും ദൈവമക്കള്‍ക്കടുത്ത ജീവിതം ആവിര്‍ഭവിക്കുമ്പോഴും അസ്വസ്ഥമായ എന്തോ ഒന്ന് ഒരു നിലപാടെടുക്കാന്‍ ക്ഷണിക്കുന്നു. അതായത്, ഒന്നുകില്‍ വെല്ലുവിളിക്കപ്പെടാനും നന്മയ്ക്കായി സ്വയം തുറന്നുകൊടുക്കാനും അനുവദിക്കുക. അല്ലെങ്കില്‍, ആ വെളിച്ചം നിരസിക്കുകയും എതിര്‍പ്പിലും ക്രോധത്തിലും വരെ എത്തുംവിധം ഹൃദയം കഠിനമാക്കുകയും ചെയ്യുക. ശത്രുത രൗദ്രഭാവം ആര്‍ജ്ജിക്കുന്നത് എങ്ങനെയന്ന് നിണസാക്ഷികളടെ പീഢനത്തില്‍ നമുക്കു കാണാന്‍ സാധിക്കും. കഴിഞ്ഞ നൂറ്റാണ്ടില്‍ യൂറോപ്പിലുണ്ടായ സ്വേച്ഛാധിപത്യത്തിലേയ്ക്ക്, പീഢനങ്ങളിലേയ്ക്ക് ഒന്നു നോക്കിയാല്‍ മതി. ക്രൈസ്തവര്‍ക്കെതിരെ, ക്രൈസ്തവസാക്ഷ്യത്തിനെതിരെ, ക്രിസ്തീയധീരതയ്ക്കതിരെ ക്രോധം വളരുന്നതു നമുക്കു കാണാന്‍ സാധിക്കും.
പീഢനവും സന്തോഷവും
എന്നാല്‍, ലോകത്തിന്റെതായ വിജയത്തിനും പൊങ്ങച്ചത്തിനും വിട്ടുവീഴ്ചകള്‍ക്കും അടിമയായിത്തീരുന്ന ഇടം കൂടിയാണ് പീഡനത്തിന്റെ നാടകം എന്നും ഇത് കാണിക്കുന്നു. ക്രിസ്തുവനെപ്രതി ലോകത്തില്‍ നിന്ന് തള്ളിക്കളയപ്പെട്ടവന്‍ എന്തിന്റെ പേരിലാണ് സന്തോഷിക്കേണ്ടത്? ലോകം മുഴുവനെയുംകാള്‍ അമൂല്യമായതെന്തെങ്കിലും കണ്ടെത്തിയതിന്റെ പേരില്‍ സന്തോഷിക്കുന്നു. വാസ്തവത്തില്‍ ‘ഒരു മനുഷ്യന്‍ ലോകം മുഴുവന്‍ നേടുകയും എന്നാല്‍ സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തുകയും ചെയ്താല്‍ അവന് എന്തു നേട്ടമാണുള്ളത’ (മര്‍ക്കോ. 8:36).
ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നതിന് എത്രയും വേഗം അറുതിയുണ്ടാകട്ടെ!
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ക്രൈസ്തവര്‍ പീഢിപ്പിക്കപ്പെടുന്നതിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ വേദനിക്കുന്നു. അവരുടെ യാതനകള്‍ എത്രയും വേഗം അവസാനിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം, അതിനായി പ്രാര്‍ത്ഥിക്കാം. ആദ്യനൂറ്റാണ്ടുകളില്‍ ഉണ്ടായതിനെക്കാള്‍ നിണസാക്ഷികള്‍ ഇന്നുണ്ട്. നമ്മുടെ സാമീപ്യം ആ സഹോദരീസഹോരന്മാരോടു പ്രകടിപ്പിക്കാം. നാം ഏകഗാത്രമാണ്. സഭയാകുന്ന ക്രിസ്തുഗാത്രത്തിലെ നിണമൊഴുകുന്ന അവയവങ്ങളാണ് ഈ ക്രൈസതവര്‍.
ഭൂമിയുടെ ഉപ്പ്
മനുഷ്യരുടെ നിന്ദനവും പീഢനവും എല്ലായ്പ്പോഴും സമാനാര്‍ത്ഥകങ്ങള്‍ ആയിരിണമെന്നില്ല. ക്രൈസ്തവര്‍ ഭൂമിയുടെ ഉപ്പാണെന്നു പറയുന്ന യേശു, ഉപ്പിന്റെ ഉറ കെട്ടുപോകുന്ന അപകടത്തെക്കുറിച്ചും മുന്നറിയിപ്പ് നല്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അത് കളയുകയല്ലാതെ ഒരു ഉപകാരവുമില്ല. ആകയാല്‍, ക്രിസ്തുവിന്റെയും സുവിശേഷത്തിന്റെയും രുചി നാം നഷ്ടപ്പെടുത്തിക്കളയുമ്പോള്‍ നമ്മുടെ തന്നെ കുറ്റം കൊണ്ട് നാം നിന്ദ്യരായിത്തീരുന്നു.
സുവിശേഷസൗഭാഗ്യങ്ങളുടെ എളിയപാതയോട് നാം വിശ്വസ്തരായിരിക്കണം. കാരണം, ലോകത്തിന്റേതല്ല ക്രിസ്തുവിന്റേതായിരിക്കുന്നതിലേയ്ക്ക് നമ്മെ നയിക്കുന്നത് ആ പാതയാണ്.
യേശു നമ്മോടൊപ്പമുണ്ട്
ലോകത്തോടു സന്ധി ചെയ്യുന്നത് അപകടമാണ്. ലോകവുമായി, ലോകത്തിന്റെ അരൂപിയുമായി വിട്ടുവീഴ്ച ചെയ്യുകയെന്ന പ്രലോഭനം ക്രൈസ്തവന് എന്നുമുണ്ട്. ഈ സന്ധിചെയ്യലുകള്‍ വെടിഞ്ഞ് യേശുക്രിസ്തുവിന്റെ വഴിയെ പോകുകയാണ് സ്വര്‍ഗ്ഗരാജ്യത്തിന്റെ മാര്‍ഗ്ഗം, ഏറ്റവും മഹത്തായ ആനന്ദം. പീഢനങ്ങളുണ്ടാകുമ്പോള്‍ അതിലെന്നും നമ്മെ തുണയ്ക്കുന്ന, നമുക്കു സാന്ത്വനം പകരുന്ന യേശുവിന്റെ സാന്നിധ്യമുണ്ട്. പരിശുദ്ധാരൂപിയുടെ ശക്തി നമ്മെ മുന്നോട്ടു നയിക്കുന്നു. സുവിശേഷാനുസൃതമായ ജീവിതം ജനങ്ങളുടെ ഭാഗത്തു നിന്നുള്ള പീഢനം ക്ഷണിച്ചുവരുത്തുമ്പോള്‍ നഷ്ടധൈര്യരാകേണ്ടതില്ല; ഈ പാതയില്‍ നമുക്കു തുണയായി പരിശുദ്ധാരൂപിയുണ്ട്.
പൊതുദര്‍ശന പരിപാടിയുടെ അവസാനം പാപ്പാ പതിവുപോലെ, യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്യുകയും എല്ലാവര്‍ക്കും ആശീര്‍വ്വാദം നല്കുകയും ചെയ്തു.