പതിനഞ്ച് നോമ്പിന് തുടക്കം: ശ്രദ്ധിക്കാം പാപ്പായുടെ പത്ത് നിര്‍ദ്ദേശങ്ങള്‍

ക്രൈസ്തവരായ നമ്മെ സംബന്ധിച്ചിടത്തോളം ഓരോ നോമ്പുകാലവും വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാലഘട്ടമാണ്. നോമ്പുകാലത്ത് നമ്മള്‍ എന്താണ് ചെയ്യേണ്ടത്? ഓരോ നോമ്പുകാലം അടുക്കുമ്പോഴും നമ്മള്‍ ഈ പഴയ ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാന്‍ ശ്രമിക്കുന്നു. പുതിയ തീരുമാനങ്ങളും നിയന്ത്രണങ്ങളും നോമ്പുകാലത്ത് സ്വീകരിക്കുവാന്‍ നാം ഒരുങ്ങാറുണ്ട്. ആഗോളസഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പ ഏതൊരു നോമ്പുകാലത്തും നാം ചെയ്യേണ്ട വിവിധ കാര്യങ്ങളെപ്പറ്റി നല്‍കിയിട്ടുള്ള 10 നിര്‍ദ്ദേശങ്ങള്‍ ഒരിക്കല്‍ക്കൂടി ഓര്‍ത്തെടുക്കാം…

1. അലസതയുടെ അടിമത്വത്തില്‍ നിന്നും മോചിതരാവുക

നമ്മുടെ പഴയ ചിട്ടകളേയും അലസതയെയും നമ്മളെ കുടുക്കിയിരിക്കുന്ന തിന്മയുടെ കുടിലതകളേയും ഉപേക്ഷിക്കുവാന്‍ ഈ നോമ്പുകാലത്ത് നമുക്ക് കഴിയണം.

2. സഹനങ്ങളെ സ്വീകരിക്കുക

സ്വയം ഇല്ലാതാക്കുവാനും സഹനം അനുഭവിക്കുവാനും പറ്റിയ ഒരു കാലഘട്ടമാണ് നോമ്പുകാലം. മറ്റുള്ളവരെ സഹായിക്കുവാന്‍ കഴിയുന്ന എന്ത് പ്രവര്‍ത്തി നമുക്ക് ചെയ്യുവാന്‍ സാധിക്കും എന്ന് നാം സ്വയം ചോദിക്കണം.

3. നിസ്സംഗതയുള്ളവരായിരിക്കരുത്

നോമ്പുകാലത്ത് നമ്മുടെ ഉള്ളിന്റെയുള്ളില്‍ നമ്മളെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളില്‍ ദൈവത്തിന്റെ സ്വരം ശ്രവിക്കുവാന്‍ നാം തയ്യാറാവണം. നമ്മുടെ ലോകത്തോട് ദൈവം നിസ്സംഗത കാണിച്ചില്ല; അതുപോലെ നാമും നിസംഗത പുലര്‍ത്താന്‍ പാടില്ല.

4. നമ്മുടെ ഹൃദയം ദൈവത്തിന്റെ ഹൃദയം പോലെ ആക്കിത്തീര്‍ക്കണമേയെന്ന് പ്രാര്‍ത്ഥിക്കുക

യേശുവിന്റെ തിരുഹൃദയത്തോടുള്ള പ്രാര്‍ത്ഥന വഴി നമുക്ക് കരുണയും ഉദാരമനസ്‌കതയും നിറഞ്ഞ ഒരു ഹൃദയം ലഭിക്കും. ഈ നോമ്പുകാലത്ത് നമുക്കെല്ലാവര്‍ക്കും ദൈവത്തോട് ഇപ്രകാരം അപേക്ഷിക്കാം, ഞങ്ങളുടെ ഹൃദയം അങ്ങയുടെ ഹൃദയം പോലെ രൂപാന്തരപ്പെടുത്തേണമേ.

5. കൂദാശകളില്‍ പങ്കെടുക്കുക

യേശുവിന് സദൃശ്യരായി നാം മാറുവാന്‍ നമ്മെത്തന്നെ അവിടുത്തേക്ക് സമര്‍പ്പിക്കുവാന്‍ പറ്റിയ സമയമാണ് നോമ്പുകാലം. ദൈവവചനം ശ്രവിക്കുകയും കൂദാശകളില്‍ പ്രത്യേകിച്ച് വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്യുന്നതു വഴിയാണ് ഇത് സംഭവിക്കുന്നത്.

6. പ്രാര്‍ത്ഥനയില്‍ വ്യാപൃതരായിരിക്കുക

ദൈവികസ്‌നേഹത്തിന്റെ സമുദ്രമാണ് പ്രാര്‍ത്ഥന. ഇവിടെ ദൈവത്തിന്റെ അനന്തമായ സ്‌നേഹത്തെ അനുഭവിക്കുവാന്‍ നമുക്ക് സാധിക്കുന്നു. പ്രാര്‍ത്ഥനയുടെ സമയമാണ് നോമ്പുകാലം.

7. ത്യാഗപൂര്‍ണ്ണമായ ഉപവാസത്തിന് തയ്യാറാകുക

ഉപവാസം നമ്മുടെ സുഖസൗകര്യങ്ങളെ ചോദ്യം ചെയ്യുകയാണെങ്കില്‍ ആ ഉപവാസം കൊണ്ട് ഏറെ ഗുണമുണ്ട്. നാം എടുക്കുന്ന ഉപവാസം മറ്റുള്ളവരുടെ ക്ഷേമത്തിനു കാരണമാവുകയാണെങ്കില്‍ അത് ഏറെ ഫലവത്തായിരിക്കും.

8. ദാനധര്‍മ്മത്തില്‍ കൂടുതല്‍ തീക്ഷ്ണത പുലര്‍ത്തുക

ദാനധര്‍മ്മ പ്രവര്‍ത്തികള്‍ സന്തോഷം അനുഭവിക്കുവാന്‍ നമ്മളെ പ്രാപ്തരാക്കുന്നു. ഈ നോമ്പുകാലത്ത് ദാനധര്‍മ്മത്തില്‍ കൂടുതല്‍ തീക്ഷ്ണത പുലര്‍ത്തുക.

9. പാവങ്ങളെ സഹായിക്കുക

ദരിദ്രരെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നതു വഴി നമ്മള്‍ യേശുവിനെ സഹായിക്കുകയും സേവിക്കുകയുമാണ് ചെയ്യുന്നത്.

10. സുവിശേഷം പ്രഘോഷിക്കുക

കാരുണ്യത്തിന്റെയും പ്രത്യാശയുടെയും പ്രതീക്ഷയുടേയും സുവിശേഷപ്രഘോഷകരാകുവാന്‍ ദൈവം ഈ നോമ്പുകാലത്തും നമ്മോട് ആവശ്യപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.