വാചികപ്രാര്‍ത്ഥനയെ പുച്ഛിക്കരുത്

അധരം കൊണ്ടുള്ള പ്രാര്‍ത്ഥനയെ നാം പുച്ഛിക്കരുതെന്ന് ഫ്രാന്‍സിസ് പാപ്പാ പ്രത്യേകം ആവശ്യപ്പെട്ടു. ആരെങ്കിലും ഇങ്ങനെ പറയാം: “ഓ, ഇത് കുട്ടികള്‍ക്കുള്ളതാണ്; വിവരമില്ലാത്തവര്‍ക്കുള്ളതാണ്; ഞാന്‍ ദൈവത്തിന്റെ ആഗമനത്തിനായി മാനസിക പ്രാര്‍ത്ഥന, ധ്യാനം, ആന്തരിക ശൂന്യത എന്നിവ തേടുകയാണ്” എന്നൊക്കെ. പക്ഷേ ദയവായി വാചികപ്രാര്‍ത്ഥനയെ പുച്ഛിക്കുന്ന ഗര്‍വ്വില്‍ നാം നിപതിക്കരുത് – പാപ്പാ പറഞ്ഞു.

യേശു നമ്മെ പഠിപ്പിച്ച സാധാരണക്കാരുടെ പ്രാര്‍ത്ഥന ഇതാണ്: സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ… നാം ഉച്ചരിക്കുന്ന വാക്കുകള്‍ നമ്മെ കൈപിടിച്ചു നടത്തുന്നു. ചില നിമിഷങ്ങളില്‍ അവ വീണ്ടും സ്വാദ് പകരുകയും നിദ്രാലസ ഹൃദയങ്ങള്‍ക്ക് നവോന്മേഷമേകുകയും ചെയ്യുന്നു. വിസ്മൃതമായ നമ്മുടെ വികാരങ്ങളെ അവ വീണ്ടുമുണര്‍ത്തുകയും ദൈവാനുഭവത്തിലേക്ക് നമ്മെ കൈപിടിച്ചാനയിക്കുകയും ചെയ്യുന്നു. സര്‍വ്വോപരി, അവ മാത്രമാണ് ദൈവം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യങ്ങളെ അവിടുത്തെ പക്കലെത്തിക്കുന്നത്.

യേശു നമ്മെ മൂടല്‍മഞ്ഞില്‍ ഉപേക്ഷിക്കുകയല്ല ചെയ്തത്. അവിടുന്ന് നമ്മോടു പറഞ്ഞു: “നിങ്ങള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുവിന്‍!” അവിടുന്ന് സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാര്‍ത്ഥന പഠിപ്പിക്കുകയും ചെയ്തു – പാപ്പാ ഓര്‍മ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.