വിശുദ്ധര്‍ വിദൂരത്തല്ല നമ്മുടെ ചാരത്തുണ്ടെന്ന് മാര്‍പാപ്പ

വിശുദ്ധന്മാര്‍ ഇപ്പോഴും ഇവിടെയുണ്ട്. അവര്‍ നമ്മില്‍ നിന്ന് വളരെ അകലെയല്ല മറിച്ച് അടുത്തു തന്നെയുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പാ. ദേവാലയങ്ങളിലെ അവരുടെ രൂപങ്ങള്‍ എല്ലായ്‌പ്പോഴും നമുക്കു ചുറ്റുമുള്ള സാക്ഷികളുടെ സമൂഹത്തെ ഓര്‍മ്മിപ്പിക്കുന്നു. വിശുദ്ധന്‍ ക്രിസ്തുവിനെ അനുസ്മരിപ്പിക്കുന്നു. കാരണം അവന്‍ ക്രൈസ്തവനെന്ന നിലയില്‍ ജീവിതപാതയിലൂടെ നീങ്ങിയവനാണ്. നമ്മുടെ ജീവിതത്തില്‍ പോലും, അത് എത്ര ദുര്‍ബലവും പാപത്താല്‍ മുദ്രിതവുമാണെങ്കിലും വിശുദ്ധി പൂത്തുലയുമെന്ന് വിശുദ്ധര്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ഒരു കള്ളനാണ് ആദ്യം വിശുദ്ധനാക്കപ്പെട്ടതെന്ന് നാം സുവിശേഷത്തില്‍ വായിക്കുന്നു. ഈ കള്ളനെ വിശുദ്ധനായി പ്രഖ്യാപിച്ചത് ഒരു പാപ്പായല്ല, മറിച്ച് യേശു തന്നെയാണ്. വിശുദ്ധി എന്നു പറയുന്നത് ഒരു ജീവിതയാത്രയാണ., യേശുവുമായുള്ള കൂടിക്കാഴ്ചയാണ്. നല്ലവനും സ്‌നേഹനിധിയുമായ കര്‍ത്താവിലേക്ക് തിരിയുന്നതിന് ഒരിക്കലും വൈകിയിട്ടില്ല – പാപ്പാ പറഞ്ഞു.

ദൈവത്തിന്റെ പദ്ധതിയില്‍ വിശുദ്ധര്‍ ചെയ്യുന്ന അത്യുന്നത സേവനമാണ് അവരുടെ മാദ്ധ്യസ്ഥ്യം. നമുക്കും അഖിലലോകത്തിനും വേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കാന്‍ നമുക്ക് അവരോട് പ്രാര്‍ത്ഥിക്കാന്‍ കഴിയും; നാം പ്രാര്‍ത്ഥിക്കണം. പരലോകജീവിതത്തിലേക്ക് കടന്നുപോയവരും ഇഹത്തില്‍ തീര്‍ത്ഥാടകരായ നമ്മളും തമ്മില്‍ ക്രിസ്തുവില്‍ നിഗൂഢമായ ഐക്യദാര്‍ഢ്യമുണ്ട്. മരണമടഞ്ഞ നമ്മുടെ പ്രിയപ്പെട്ടവര്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് നമ്മെ നിരന്തരം പരിപാലിക്കുന്നു. അവര്‍ നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു; നമ്മള്‍ അവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നു.

നമ്മുടെ ജീവിതത്തില്‍ പരീക്ഷണങ്ങള്‍ നമ്മെ തളര്‍ത്തുന്ന അവസ്ഥയിലെത്തിയിട്ടില്ലെങ്കില്‍ ഇപ്പോഴും നമുക്ക് പിടിച്ചുനിൽക്കാന്‍ കഴിയുന്നുണ്ടെങ്കില്‍, സകലത്തെയും അതിജീവിച്ച് നാം ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്നുണ്ടെങ്കില്‍, ഒരുപക്ഷേ ഇതിനെല്ലാം നമ്മുടെ യോഗ്യതയേക്കാള്‍ നമ്മള്‍ സകല വിശുദ്ധരുടെയും മാദ്ധ്യസ്ഥ്യത്തിന് കടപ്പെട്ടിരിക്കുന്നു. നമ്മെ സംരക്ഷിക്കുകയും തുണയ്ക്കുകയും ചെയ്തിട്ടുള്ള അവരില്‍ ചിലര്‍ സ്വര്‍ഗ്ഗത്തിലാണ്. മറ്റുള്ളവര്‍ നമ്മെപ്പോലെ ഭൂമിയില്‍ തീര്‍ത്ഥാടകരാണ്.

വി. ബസീലിയോസ് പറഞ്ഞതു പോലെ, “വിശുദ്ധന്‍, പരിശുദ്ധാരൂപിക്ക്  സവിശേഷമാംവിധം അനുയോജ്യമായ വാസയിടമാണ്. എന്തെന്നാല്‍, ദൈവത്തോടൊപ്പം വസിക്കാന്‍ സന്നദ്ധനാകുന്നു. അവിടത്തെ ആലയമെന്ന് വിളിക്കപ്പെടുകയും ചെയ്യുന്നു” – പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.