കരുണയുടെ ചാലുകളാണ് യേശുവിന്റെ തിരുമുറിവ്: ഫ്രാന്‍സിസ് പാപ്പാ

നമുക്കും യേശുവിനും ഇടയില്‍ തുറന്നുവച്ച കരുണയുടെ ചാലുകളാണ് യേശുവിന്റെ തിരുമുറിവ് എന്ന് ഫ്രാന്‍സിസ് പാപ്പാ. ദൈവത്തിന്റെ ആര്‍ദ്രമായ സ്നേഹത്തിലേക്ക് പ്രവേശിക്കാനും അവിടുത്തെ സ്പര്‍ശിച്ചറിയുവാനും വേണ്ടി ദൈവം തുറന്നുവച്ച പാതയാണ് യേശുവിന്റെ തിരുമുറിവുകളെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു. നാം ഒരിക്കലും ദൈവത്തിന്റെ കാരുണ്യത്തെ സംശയിക്കരുതെന്നും പാപ്പാ വ്യക്തമാക്കി.

സമാധാനം, പാപപ്പൊറുതി, തിരുമുറിവുകള്‍ എന്നിവയിലൂടെയാണ് ശിഷ്യന്മാർ യേശുവിന്റെ കാരുണ്യം സ്വീകരിച്ചത്. നാം യേശുവിന്റെ തിരുമുറിവുകള്‍ ചുംബിക്കുകയും ആരാധിക്കുകയും ചെയ്യുമ്പോള്‍ ഒരു കാര്യം ഓര്‍ക്കണം, നമ്മുടെ ബലഹീനതകളെ ദൈവത്തിന്റെ ആര്‍ദ്രസ്നേഹം സ്വീകരിക്കുകയാണ് ചെയ്യുന്നതെന്ന് – പാപ്പാ പറഞ്ഞു.

ഒരു വിശുദ്ധ കുര്‍ബാനയിലും ഇത് സംഭവിക്കുന്നുണ്ട്. കുര്‍ബാനയില്‍ ഉത്ഥാനം ചെയ്തതും മുറവേറ്റതുമായ തന്റെ ശരീരം നമുക്കുവേണ്ടി അവിടുന്ന് അര്‍പ്പിക്കുകയാണ് ചെയ്യുന്നത്. നാം അവിടുത്തെ സ്പര്‍ശിക്കുമ്പോള്‍ അവിടുന്ന് നമ്മുടെ ജീവിതങ്ങളെ തൊടുന്നു. അവിടുന്ന് നമുക്കുവേണ്ടി സ്വര്‍ഗ്ഗത്തെ താഴ്ത്തിക്കൊണ്ടു വരുന്നു. അവിടുത്തെ പ്രഭാമയമായ മുറിവുകള്‍ നമ്മുടെ ഉള്ളിലെ ഇരുളിനെ മായ്ച്ചുകളയുന്നു – പാപ്പാ വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.