
നാമെല്ലാവരും ഏകപിതാവിന്റെ മക്കളാണെന്ന മനുഷ്യസാഹോദര്യത്തിന്റെ മഹനീയചിന്ത പങ്കുവച്ച് ഫ്രാന്‍സിസ് പാപ്പ. സാഹോദര്യമെന്നാല്‍ അപരനിലേയ്ക്ക് നീട്ടുന്ന കരമാണെന്നും അദ്ദേഹം പറഞ്ഞു.
നിസ്സംഗരായി നില്ക്കാന് നമുക്കിന്ന് സമയമില്ല. ദൂരം കൊണ്ടോ അവഗണന കൊണ്ടോ അവഹേളനം കൊണ്ടോ ഇന്നത്തെ സാഹചര്യങ്ങളോട് നമുക്ക് കൈകഴുകാനാവില്ല. എന്തെന്നാല്‍ നാം സഹോദരീ-സഹോദരന്മാരാണ്. ഇത്തരത്തിലൊരു ധാരണ പടുത്തുയര്‍ത്തുക എന്നതു തന്നെയാണ് ഈ നൂറ്റാണ്ടിന്റെയും ഈ കാലഘട്ടത്തിന്റെയും വെല്ലുവിളി.
സാഹോദര്യമെന്നാല്‍ ബഹുമാനവും തുറന്ന മനസ്സോടെ മറ്റൊരാളെ ശ്രവിക്കുന്നതുമാണ്. സാഹോദര്യം എന്നാല്‍ സ്വന്തം ബോധ്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയെന്നതാണ്. എന്തെന്നാല്‍ ഒരാളുടെ ബോധ്യങ്ങള്‍ വളച്ചൊടിക്കപ്പെട്ടാല്‍ സാഹോദര്യം സത്യസന്ധമാകില്ല. വിവിധ സംസ്കാരവും പാരമ്പര്യവും ഉള്ളവരെങ്കിലും നാമെല്ലാം ഒരേ പിതാവിന്റെ മക്കളാണ്. ഈ അടിസ്ഥാനത്തിലായിരിക്കണം നാം സാഹോദര്യം പടുത്തുയര്‍ത്തേണ്ടത്.
മറ്റൊരാളെ ശ്രദ്ധയോടെ ശ്രവിക്കേണ്ട നിമിഷമാണിത്. ആത്മാര്‍ത്ഥമായ സ്വീകാര്യതയുടെ നിമിഷമാണിത്. സഹോദരങ്ങളില്ലാത്ത ഒരു ലോകം ശത്രുക്കളുടെ ലോകമാണെന്ന് ഉറപ്പുള്ള നിമിഷമാണ്. മറ്റൊരാളുടെ ശത്രുവായി മാറാന്‍ നാം യുദ്ധത്തില്‍ ഏര്‍പ്പെടേണ്ടതില്ല. മറ്റൊരാളെ അവഗണിക്കുന്നതുതന്നെ ശത്രുതയാണ്. മറ്റൊരാളെ അവഗണിക്കേണ്ട മനോഭാവം അവസാനിപ്പിക്കേണ്ട സമയമാണിതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.