മാനസാന്തരത്തിനായി ഓരോ നിമിഷവും ദൈവം ക്ഷണിക്കുന്നുവെന്ന് മാര്‍പാപ്പ

ജീവിതത്തിന്റെ ഏത് അവസ്ഥയിലും മാനസാന്തരപ്പെടാന്‍ ദൈവം നമ്മെ ക്ഷണിക്കുന്നുവെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. നമ്മുടെ ഹൃദയങ്ങളെ ദൈവത്തോടും അല്‍ക്കാരോടുമുള്ള സ്നേഹത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യാനുള്ള യഥാര്‍ത്ഥ സമയമാണ് ഓരോ നിമിഷമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ഈശോയുടെ പരസ്യജീവിത ആരംഭത്തെക്കുറിച്ചുള്ള തിരുവചനഭാഗം ഉദ്ധരിച്ചുകൊണ്ട് ആഞ്ചലൂസ് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

ഇത് പൂര്‍ണ്ണതയുടെ സമയമാണ്. ദൈവരാജ്യം അടുത്തെത്തിയിരിക്കുന്നു. മാനസാന്തരപ്പെട്ട് സുവിശേഷത്തില്‍ വിശ്വസിക്കുക എന്നതാണ് പ്രസ്തുത വചനഭാഗത്തിലൂടെ ഈശോ നമ്മോട് ആഹ്വാനം ചെയ്യുന്നത്. സമയം, പരിവര്‍ത്തനം എന്നീ രണ്ടു സന്ദേശങ്ങളാണ് ഈ വചനഭാഗത്തിലൂടെ ഈശോ നമ്മോട് ആഹ്വാനം ചെയ്യുന്നത്. രക്ഷാകരദൗത്യത്തിനായി ദൈവം പ്രവര്‍ത്തിച്ച കാലഘട്ടത്തെയാണ് മര്‍ക്കോസ് സുവിശേഷകന്‍ സമയവുമായി ബന്ധപ്പെടുത്തിയിരിക്കുന്നത്.

നമ്മുടെ രക്ഷയെ സ്വാഗതം ചെയ്യേണ്ട സമയം നമ്മുടെ ഭൗതികജീവിതകാലത്തേയ്ക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. ഇത് ദൈവത്തിന്റെ അനന്തമായ സ്നേഹത്തിന്റെ ഒരു സമ്മാനമാണ്. മാത്രമല്ല, അവിടുത്തോടുള്ള നമ്മുടെ സ്നേഹം തെളിയിക്കാനുള്ള സമയം കൂടിയാണിത്. ഇക്കാരണത്താല്‍ നമ്മുടെ അസ്തിത്വത്തിന്റെ ഓരോ നിമിഷവും ദൈവത്തെയും അയല്‍ക്കാരനെയും സ്നേഹിക്കാനും അതുവഴി നിത്യജീവനിലേയ്ക്ക് പ്രവേശിക്കാനുമുള്ള വിലപ്പെട്ട സമയമാണ് – പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.