വീടുകളിലിരുന്നും ക്രൂശിതനെ അനുഗമിക്കാം: മാര്‍പാപ്പ

വീടുകളിലിരുന്നും ക്രൂശിതനെ അനുഗമിക്കാമെന്ന് ഫ്രാന്‍സിസ് പാപ്പാ. ഓശാനാ ഞായറാഴ്ച നല്‍കിയ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്. ഈ പുണ്യദിനങ്ങളില്‍ വീടുകളില്‍ കുടുങ്ങിയിരിക്കുമ്പോഴും ക്രൂശിതനായ ക്രിസ്തുവിനെ അടുത്തു വീക്ഷിക്കാം. സഹോദരങ്ങളെ സ്‌നേഹിച്ചും പരിചരിച്ചും ജീവിക്കുന്നതിനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കാം. വിശിഷ്യാ, വേദനിക്കുകയും ആവശ്യത്തിലായിരിക്കുകയും ചെയ്യുന്ന സഹോദരങ്ങളെക്കുറിച്ച് അവബോധമുള്ളവരായിരിക്കാം. നമ്മുടെ ഇല്ലായ്മയെക്കുറിച്ചു മാത്രം ചിന്തിച്ച് ആകുലപ്പെടാതെ മറ്റുള്ളവര്‍ക്കായി എന്തുചെയ്യാമെന്നും നാം ചിന്തിക്കണമെന്ന് പാപ്പാ അനുസ്മരിപ്പിച്ചു.

ക്രിസ്തുവിന്റെ പരിത്യക്തതയിലും പിന്താങ്ങിയ പിതാവായ ദൈവം മാനുഷികയാതനയുടെ മദ്ധ്യത്തില്‍ നമ്മുടെയും പിതാവും ദൈവവുമാണെന്നും അവിടുന്നു നമ്മെ പരിരക്ഷിക്കുമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. സഹോദരങ്ങളെ സ്‌നേഹിക്കുവാനും അവര്‍ക്കൊപ്പം ജീവിക്കുവാനും വേണ്ടുവോളം തുറവും സന്നദ്ധതയുമുള്ള ഹൃദയങ്ങളെ ദൈവം തുണയ്ക്കും.

കുടുംബങ്ങളിലും സമൂഹത്തിലും സ്‌നേഹം, പ്രാര്‍ത്ഥന, പര്‌സപരം കാണിക്കേണ്ട ക്ഷമ, ഇവ എളുപ്പമല്ലെങ്കിലും ഈ കുരിശിന്റെ വഴിയിലൂടെ ചരിക്കുവാനാണ് ക്രിസ്തു സകലരെയും ഇന്ന് ക്ഷണിക്കുന്നതെന്ന് പാപ്പാ വ്യക്തമാക്കി. കുരിശിന്റെ വഴിയിലൂടെയാണ് ക്രിസ്തു ഉത്ഥാനത്തിന്റെ വിജയം വരിച്ചതെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.