ലോക രോഗീദിനത്തോട് അനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പാ നല്‍കിയ സന്ദേശം

രോഗികളും അവരെ പരിപാലിക്കുന്നവരും തമ്മിലുള്ള ബന്ധം പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും അടിസ്ഥാനമിട്ടാല്‍ നിഷേധാത്മക മനോഭാവത്തെ അതിജീവിക്കാനും രോഗികളുടെ അന്തസിനെ ആദരവോടെ സമീപിക്കാനും സഹായിക്കുമെന്നും ഫ്രാന്‍സിസ് പാപ്പാ. ലൂര്‍ദ് മാതാവിന്റെ തിരുനാളായ ഫെബ്രുവരി 11-ന് ആഗോളസഭ ആചരിക്കുന്ന 29-ാമത് ലോക രോഗീദിനത്തോട് അനുബന്ധിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

രോഗങ്ങള്‍ നമ്മുടെ ദുര്‍ബലത മനസിലാക്കി തരിക മാത്രമല്ല, മറ്റുള്ളവരെ നമുക്ക് ആവശ്യമാണെന്ന ബോധ്യവും പകരുന്നുണ്ട്. കാപട്യത്തിനും സ്വയാരാധനയ്ക്കും എതിരെ മറ്റുള്ളവരുമായി വ്യക്തിബന്ധം സ്ഥാപിച്ച് സഹാനുഭൂതി പ്രകടിപ്പിക്കാനും അനുഭവിക്കാനും ആഗ്രഹിക്കുന്നതുപോലെ മറ്റുള്ളവരുടെ കഷ്ടതകള്‍ നമ്മുടേത് കൂടിയാക്കി മാറ്റാനും ശ്രമിക്കണം.

ശുശ്രൂഷിക്കുക എന്നാല്‍ നമ്മുടെ കുടുംബങ്ങളിലെയും സമൂഹത്തിലെയും ദുര്‍ബലരെ പരിചരിക്കുക എന്നാണ് അര്‍ത്ഥം. രോഗികളോട് കാണിക്കുന്ന അടുപ്പം അവരുടെ കഷ്ടപ്പാടുകളില്‍ പിന്തുണയും ആശ്വാസവും നല്‍കുന്ന വിലയേറിയ തൈലമാണ്. നമ്മുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും മാറ്റിവെച്ച് ഏറ്റവും ദുര്‍ബലരുടെ മുഖത്തേക്ക് നോക്കാനും അവരെ ചേര്‍ത്തുപിടിക്കാനും അവരുടെ അടുപ്പം മനസിലാക്കാനും അവരെ സഹായിക്കാനുമാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ 1992ലാണ്, ലൂര്‍ദ് മാതാവിന്റെ തിരുനാള്‍ രോഗീദിനമായി പ്രഖ്യാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.