മനുഷ്യര്‍ പരസ്പരം കരുതലോടെ ജീവിക്കാന്‍ വിളിക്കപ്പെട്ടവരാണെന്ന് ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ

മനുഷ്യര്‍ പരസ്പരം കരുതലോടെ ജീവിക്കാന്‍ വിളിക്കപ്പെട്ടവരാണെന്ന് ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. മഹാമാരിക്കാലത്തെ സംഭവങ്ങള്‍, പ്രസ്തുത വിളിക്ക് നല്‍കേണ്ട പ്രാധാന്യത്തെക്കുറിച്ച് നമുക്ക് കൂടുതല്‍ ബോധ്യങ്ങള്‍ പകരുന്നുണ്ടെന്നും പാപ്പ പറഞ്ഞു.

ലോകം മുഴുവനെയും ക്ലേശത്തില്‍ ആഴ്ത്തിയ മഹാമാരിയായിരുന്നു 2020-ന്റെ അതിരടയാളം. ഓരോ രാജ്യത്തു നിന്നും ഞൊടിയിടയില്‍ ആയിരക്കണക്കിന് ജീവനുകള്‍ മഹാമാരി അപഹരിച്ചെടുത്തു. കുടുംബങ്ങള്‍ അനാഥമായി. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനും വേദന ശമിപ്പിക്കാനുമുള്ള ശ്രമത്തില്‍ എത്രയെത്ര ഡോക്ടര്‍മാരും നഴ്സുമാരും ആരോഗ്യപ്രവര്‍ത്തകരും അവരുടെ ജീവന്‍ ത്യാഗപൂര്‍വ്വം സമര്‍പ്പിച്ചു. അതിനാല്‍, നാം പരസ്പ്പരം കരുതലുള്ളവരായി ജീവിക്കുകയും കൂടുതല്‍ സാഹോദര്യവും സമാധാനവുമുള്ള ലോകം പടുത്തുയര്‍ത്താന്‍ ഒത്തൊരുമിച്ച് പരിശ്രമിക്കുകയും വേണമെന്നതാണ് 2020 നല്‍കുന്ന പാഠം.

മനുഷ്യര്‍ പരസ്പരം കരുതലോടെ ജീവിക്കാന്‍ വിളിക്കപ്പെട്ടവരാണെന്ന് തിരുവചനത്തിലൂടെ ദൈവം നമ്മെ പഠിപ്പിക്കുന്നുണ്ട്. സൃഷ്ടിയുടെ പദ്ധതി പരിശോധിച്ചാല്‍ സൃഷ്ടിയെയും അതിന്റെ മകുടമായ മനുഷ്യജീവിതങ്ങളും കാത്തുപാലിക്കപ്പെടണമെന്ന് വ്യക്തമാകും. കലാവസ്ഥാവ്യതിയാനം, ഭക്ഷ്യക്ഷാമം, സാമ്പത്തിക തകര്‍ച്ച, തൊഴിലില്ലായ്മ, കുടിയേറ്റത്തിന്റെ ക്ലേശങ്ങള്‍ എന്നിങ്ങനെ പരസ്പരബന്ധിയായ പ്രതിസന്ധികള്‍ ലോകജനതയുടെ ജീവിതത്തെ ക്ലേശപൂര്‍ണ്ണമാക്കിയിട്ടുണ്ട് എന്നതും വിസ്മരിക്കരുത്.

ദൈവം ആദിമനുഷ്യനില്‍ അര്‍പ്പിച്ച ആത്മവിശ്വാസവും മനുഷ്യനു വന്ന വീഴ്ചയും സഹോദരഹത്യയും ബൈബിളിന്റെ ആദ്യപുസ്തകം രേഖീകരിക്കുന്നത് പരാമര്‍ച്ച പാപ്പാ, സാഹോദര്യവും സംരക്ഷണവും പരസ്പരപൂരകങ്ങളാണെന്നും ഉദ്ബോധിപ്പിച്ചു. കായേന്റെയും ആബേലിന്റെയും കഥ അതു നമ്മെ പഠിപ്പിക്കുന്നു. ഭൂമിയെ സംരക്ഷിക്കുക എന്നാല്‍, അത് വിശ്വസാഹോദര്യത്തിന്റെ നീതിപൂര്‍വ്വകവും വിശ്വസ്തവുമായ കരുതലും സംരക്ഷണവുമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.