ആരാധനയ്ക്കായി കൂടുതല്‍ സമയം നാം നീക്കിവയ്ക്കണം: മാര്‍പാപ്പ

അനുവര്‍ഷം ജനുവരി 6-ന് തിരുസഭ ആചരിക്കുന്ന ദനഹാ തിരുന്നാള്‍, പ്രത്യക്ഷീകരണ തിരുന്നാള്‍ എന്നൊക്കെ അറിയപ്പെടുന്ന എപ്പിഫനി തിരുന്നാളില്‍ രാവിലെ പാപ്പാ വത്തിക്കാനില്‍, വി. പത്രോസിന്റെ ബസിലിക്കയില്‍ തിരുന്നാള്‍ കുര്‍ബാന അര്‍പ്പിച്ചു. ലത്തീന്‍ റീത്തിന്റെ ആരാധനാക്രമമനുസരിച്ച് ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥ ഭാഗങ്ങള്‍ പ്രത്യേകിച്ച്, കിഴക്കു നിന്നുള്ള ജ്ഞാനികള്‍ ഉണ്ണിയേശുവിനെ സന്ദര്‍ശിച്ച് ആരാധിച്ച് കാഴ്ചകള്‍ അര്‍പ്പിക്കുന്ന സംഭവം വിവരിക്കുന്ന സുവിശേഷഭാഗം, മത്തായിയുടെ സുവിശേഷം 2,1-12 വരെയുള്ള വാക്യങ്ങള്‍ അവലംബമാക്കി പാപ്പാ പങ്കുവച്ച പ്രഭാഷണത്തിന്റെ പരിഭാഷ താഴെ ചേര്‍ക്കുന്നു.

ആയാസകരവും ആത്മീയ പക്വത ആവശ്യവുമായ ആരാധന

ബെത്ലഹേമില്‍ എത്തിയ ”ജ്ഞാനികള്‍” ”ഉണ്ണിയേശുവിനെ, അമ്മയായ മറിയത്തോടൊപ്പം കാണുകയും അവിടത്തെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു” (മത്തായി 2,11) എന്ന് സുവിശേഷകന്‍ മത്തായി അടിവരയിട്ടു പറയുന്നു. കര്‍ത്താവിനെ ആരാധിക്കുകയെന്നത് എളുപ്പമല്ല, പെട്ടെന്നു ചെയ്യാവുന്നതുമല്ല: പലപ്പോഴും സുദീര്‍ഘമായ ഒരു ആന്തരികയാത്രയുടെ ലക്ഷ്യമാകയാല്‍ അതിന് ഒരു തരം ആദ്ധ്യാത്മിക പക്വത ആവശ്യമാണ്. ദൈവത്തെ ആരാധിക്കുന്ന മനോഭാവം നമ്മില്‍ നൈസര്‍ഗ്ഗികമല്ല. ആരാധിക്കുകയെന്നത് മനുഷ്യന് ആവശ്യമാണ്, അതെ, പക്ഷേ അവന്റെ ലക്ഷ്യം തെറ്റിപ്പോകുന്ന അപകട സാധ്യതയുണ്ട്; വാസ്തവത്തില്‍, അവന്‍ ദൈവത്തെ ആരാധിക്കുന്നില്ലെങ്കില്‍, അവന്‍ വിഗ്രഹങ്ങളെ ആരാധിക്കും, ഒരു വിശ്വാസിയാകുന്നതിനുപകരം അവന്‍ വിഗ്രഹാരാധകനാകും. രണ്ടിനുമിടയ്ക്ക് നില്ക്കാനാകില്ല. ഒന്നുകില്‍ ദൈവം അല്ലെങ്കില്‍ വിഗ്രഹങ്ങള്‍. ഫ്രഞ്ചുകാരനായ ഒരു എഴുത്തുകാരന്റെ വാക്കുകള്‍ കടമെടുത്താല്‍ ”ദൈവത്തെ ആരാധിക്കാത്തവന്‍ സാത്താനെ ആരാധിക്കുന്നു”

ആരാധനയ്ക്കായി കൂടുതല്‍ സമയം കണ്ടെത്തണം

കര്‍ത്താവിനെ ഉപരിമെച്ചപ്പെട്ട രീതിയില്‍ ധ്യാനിക്കാന്‍ പഠിച്ചുകൊണ്ട് നാം നമ്മുടെ കാലഘട്ടത്തില്‍, വ്യക്തിപരമായും ഒരു സമൂഹമെന്ന നിലയിലും, ആരാധനയ്ക്കായി കൂടുതല്‍ സമയം നീക്കിവയ്‌ക്കേണ്ടതുണ്ട്. അതെ, ഇന്ന് ആരാധനാപ്രാര്‍ത്ഥനയുടെ അര്‍ത്ഥം നഷ്ടപ്പെട്ടിരിക്കുന്നു. സാമൂഹ്യമായും സ്വന്തം ആദ്ധ്യാത്മിക ജീവിതത്തിലും അതു നമ്മള്‍ വീണ്ടെടുക്കണം. അതിനാല്‍, ഇന്ന് നമുക്ക് പൂജരാജാക്കളില്‍ നിന്ന് ഉപയോഗപ്രദമായ ചില പാഠങ്ങള്‍ പഠിക്കാം: അവരെപ്പോലെ, നമുക്ക് കര്‍ത്താവിനെ കുമ്പിട്ട് ആരാധിക്കാം.

ആരാധനയിലടങ്ങിയ ത്രിക്കര്‍മ്മങ്ങള്‍

കര്‍ത്താവിന്റെ ആരാധകരായിരിക്കുക എന്നതിന്റെ അര്‍ത്ഥമെന്താണെന്ന് നന്നായി മനസിലാക്കാന്‍ സഹായിക്കുന്ന മൂന്ന് പദപ്രയോഗങ്ങള്‍ ഇന്നത്തെ വചന ശുശ്രൂശഷയില്‍ നമുക്ക് കാണാന്‍ കഴിയും. ‘കണ്ണുകള്‍ ഉയര്‍ത്തുക’, ‘യാത്ര ആരംഭിക്കുക’, ‘കാണുക’ എന്നിവയാണവ. ഈ മൂന്നു പ്രയോഗങ്ങള്‍ കര്‍ത്താവിനെ ആരാധിക്കുന്നവരായിരിക്കുക എന്നതിന്റെ പൊരുളെന്തെന്ന് മനസ്സിലാക്കാന്‍ നമ്മെ സഹായിക്കും.

കണ്ണുകള്‍ ഉയര്‍ത്തുക

കണ്ണുകള്‍ ഉയര്‍ത്തുക എന്ന ആദ്യത്തെ പ്രയോഗം, നമുക്കേകുന്നത് ഏശയ്യാ പ്രവാചകന്‍ ആണ്. പ്രവാസത്തില്‍ നിന്ന് മടങ്ങിയെത്തിയിട്ട് അധികം നാളുകള്‍ കഴിഞ്ഞിട്ടില്ലാത്തതും നിരവധിയായ കഷ്ടപ്പാടുകള്‍ക്കു മുന്നില്‍ മുട്ടുമടക്കുകയും ചെയ്ത ജറുസലേമിലെ സമൂഹത്തിനാണ് പ്രവാചകന്‍ ഈ ശക്തമായ ക്ഷണം നല്കുന്നത്: ‘നിങ്ങള്‍ കണ്ണുകള്‍ ഉയര്‍ത്തി ചുറ്റും നോക്കിക്കാണുക’ (ഏശയ്യാ 60,4). ക്ഷീണവും പരാതികളും മാറ്റിവെക്കാനും സങ്കുചിത കാഴ്ചപ്പാടിന്റെതായ ഇടുങ്ങിയ വഴിയില്‍ നിന്ന് പുറത്തുകടക്കാനും എന്നും അവനവനിലേക്കും സ്വന്തം ആശങ്കകളിലേക്കും മാത്രം കുനിയുന്ന പ്രവണതയുള്ള ”അഹത്തിന്റെ” സ്വേച്ഛാധിപത്യത്തില്‍ നിന്ന് സ്വതന്ത്രരാകാനുമുള്ള ഒരു ക്ഷണമാണത്.

കര്‍ത്താവിനെ ആരാധിക്കാന്‍, സര്‍വ്വോപരി ‘കണ്ണുകള്‍ ഉയര്‍ത്തണം’: അതായത്, പ്രത്യാശ കെടുത്തിക്കളയുന്ന ആന്തരിക ഭൂതങ്ങളാല്‍ സ്വയം ബന്ധനസ്ഥരാകുകയും, പ്രശ്നങ്ങളെയും ബുദ്ധിമുട്ടുകളെയും അസ്തിത്വത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുകയുമരുത്. എല്ലാം നന്നായിപ്പോകുന്നു എന്നു ഭാവിക്കുകയൊ വ്യാമോഹിക്കുകയൊ ചെയ്തുകൊണ്ട് യാഥാര്‍ത്ഥ്യത്തെ നിഷേധിക്കുക എന്നല്ല ഇതിനര്‍ത്ഥം. പകരം, നമ്മുടെ പ്രയാസകരമായ സാഹചര്യങ്ങള്‍ കര്‍ത്താവിന് അറിയാമെന്നും അവിടന്ന് നമ്മുടെ യാചനകള്‍ ശ്രദ്ധാപൂര്‍വ്വം ശ്രവിക്കുന്നുവെന്നും നമ്മള്‍ ചൊരിയുന്ന കണ്ണീരിനോട് നിസ്സംഗത പുലര്‍ത്തുന്നില്ലെന്നും മനസ്സിലാക്കിക്കൊണ്ട് പ്രശ്‌നങ്ങളെയും ഉത്കണ്ഠകളെയും ഒരു പുതിയ രീതിയില്‍ നോക്കിക്കാണുകയാണ് വേണ്ടത്.

കര്‍ത്താവിനെ വിശ്വാസത്തോടെ നോക്കുക

ജീവിത സംഭവങ്ങള്‍ക്കിടയിലും കര്‍ത്താവിലേക്കുള്ള ആത്മവിശ്വാസത്തോടെയുള്ള ഈ നോട്ടം പുത്രസഹജമായ കൃതജ്ഞതയുണര്‍ത്തുന്നു. ഇത് സംഭവിക്കുമ്പോള്‍, ഹൃദയം ആരാധനയിലേക്ക് തുറക്കുന്നു. നേരെമറിച്ച്, ദൈവത്തിങ്കലേക്ക് നയനങ്ങളുയര്‍ത്താന്‍ വിസമ്മതിച്ചുകൊണ്ട്, നാം, പ്രശ്‌നങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, ഭയം ഹൃദയത്തെ കീഴടക്കുകയും അതിനെ വഴിതെറ്റിക്കുകയും ചെയ്യുന്നു. അങ്ങനെ, അത് ഹൃദയത്തില്‍ കോപം, അസ്വസ്ഥത, വേദന, വിഷാദം എന്നിവയ്ക്ക് കാരണമാകുന്നു. ഈ അവസ്ഥകളില്‍ കര്‍ത്താവിനെ ആരാധിക്കുക പ്രയാസമാണ്. ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍, യാഥാര്‍ത്ഥ്യം നമ്മുടെ ചിന്തകളേക്കാള്‍ വലുതാണെന്ന ബോധ്യത്തോടുകൂടി, നമ്മുടെ മുന്‍കൂട്ടിയുള്ള തീരുമാനങ്ങളുടെ വലയം ഭേദിക്കാനുള്ള ചങ്കുറപ്പ് നമുക്കുണ്ടാകാണം.

കണ്ണുകള്‍ ഉയര്‍ത്തി ചുറ്റും നോക്കുക: തന്നെ വിശ്വസിക്കാനാണ് കര്‍ത്താവ് ആദ്യം നമ്മെ ക്ഷണിക്കുന്നത്, കാരണം അവിടന്ന് നാമെല്ലാവരെയും യഥാര്‍ത്ഥത്തില്‍ പരിപാലിക്കുന്നു. അതിനാല്‍, ഇന്നുള്ളതും നാളെ തീയിലേക്ക് എറിയപ്പെടുകയും ചെയ്യുന്ന വയലിലെ പുല്ലുകളെ ദൈവം നന്നായി അണിയിച്ചു നിറുത്തുന്നുവെങ്കില്‍ അവിടന്ന് നമുക്കായി എത്രത്തോളം കൂടുതല്‍ ചെയ്യും? (ലൂക്കാ 12:28). നാം കര്‍ത്താവിനെ നോക്കുകയും അവിടത്തെ വെളിച്ചത്തില്‍ യാഥാര്‍ത്ഥ്യത്തെ പരിഗണിക്കുകയും ചെയ്താല്‍, അവിടന്ന് ഒരിക്കലും നമ്മെ കൈവിടില്ലെന്ന് നാം മനസ്സിലാക്കും: വചനം മാംസം ധരിച്ചു (യോഹന്നാന്‍ 1:14) അവിടന്ന് എല്ലായ്‌പ്പോഴും നമ്മോടൊപ്പമുണ്ട് (മത്തായി 28,20).

പ്രതിസന്ധികളെ നേരിടാനുള്ള കരുത്തേകുന്ന കര്‍ത്താവ്

നാം ദൈവത്തിലേക്ക് കണ്ണു ഉയര്‍ത്തുമ്പോള്‍, ജീവിതത്തിലെ പ്രശ്‌നങ്ങള്‍ അപ്രത്യക്ഷമാകുന്നില്ല, പക്ഷേ, അവ നേരിടാനുള്ള ശക്തി കര്‍ത്താവ് നമുക്ക് നല്‍കുന്നുവെന്ന ബോധ്യം നമുക്കുണ്ടാകും. ആകയാല്‍, ‘കണ്ണുകള്‍ ഉയര്‍ത്തുക’ എന്നത്, ആരാധനയ്ക്കുള്ള സന്നദ്ധതയുടെ ആദ്യ പടിയാണ്. നൂതനവും വ്യത്യസ്തവുമായ ഒരു സന്തോഷം ദൈവത്തില്‍ കണ്ടെത്തിയ ശിഷ്യന്റെ ആരാധനയാണിത്. ലോകത്തിന്റെതാകട്ടെ വസ്തുക്കള്‍ കൈവശംവയ്ക്കുന്നതിലും, വിജയത്തിലോ, അല്ലെങ്കില്‍ സമാനമായ മറ്റുള്ളവയിലോ അധിഷ്ഠിതമാണ്. നേരെമറിച്ച്, ക്രിസ്തുശിഷ്യന്റെ സന്തോഷം അതിന്റെ അടിത്തറ കണ്ടെത്തുന്നത് ദൈവത്തിന്റെ വിശ്വസ്തതയിലാണ്, നാം ഏതു പ്രതിസന്ധിയിലായാലും അവിടത്തെ വാഗ്ദാനങ്ങള്‍ നിറവേറ്റപ്പെടും. ഇതാ, ആകയാല്‍, മക്കള്‍ക്കടുത്ത കൃതജ്ഞതയും ആനന്ദവും, വിശ്വസ്തനും ഒരിക്കലും നമ്മെ തനിച്ചാക്കാത്തവനുമായ കര്‍ത്താവിനെ ആരാധിക്കാനുള്ള ദാഹം നമ്മില്‍ ഉളവാക്കുന്നു.

യാത്രയുടെ ആരംഭം, മാറ്റം അടങ്ങിയ യാത്ര

രണ്ടാമത്തെ പദപ്രയോഗം ഒരു യാത്രയ്ക്ക് നമ്മെ സഹായിക്കാന്‍ പ്രാപ്തമാണ്. ബെത്ലഹേമില്‍ ജനിച്ച പൈതലിനെ ആരാധിക്കാന്‍ കഴിയുന്നതിനുമുമ്പ്, പൂജരാജാക്കന്മാര്‍ ഒരു നീണ്ട യാത്ര നടത്തേണ്ടിവന്നു. മത്തായി എഴുതുന്നു: ”ഇതാ, പൗരസ്ത്യദേശത്തു നിന്ന് ജ്ഞാനികള്‍ ജെറുസലേമിലെത്തി: അവര്‍ അന്വേഷിച്ചു: എവിടൊണ് യഹൂദന്മാരുടെ രാജാവായി ജനിച്ചവന്‍? ഞങ്ങള്‍ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാന്‍ വന്നിരിക്കയാണ്.’ (മത്തായി 2:1-2). യാത്ര എല്ലായ്‌പോഴും ഒരു രൂപാന്തരീകരണം, ഒരു മാറ്റം ഉള്‍ക്കൊള്ളുന്നു. ഒരു യാത്രയ്ക്ക് ശേഷം, ഒരാള്‍ ഒരിക്കലും പഴയതുപോലെ ആയിരിക്കില്ല. ഒരു യാത്ര നടത്തിയ വ്യക്തിയില്‍ എല്ലായ്പ്പോഴും പുതിയ എന്തെങ്കിലും ഉണ്ടാകും: അയാളുടെ അറിവുകള്‍ കൂടുതല്‍ വികസിച്ചിരിക്കും, യാത്രികര്‍ പുതിയ ആളുകളെയും കാര്യങ്ങളും കണ്ടവരാണ്, യാത്രയ്ക്കിടയിലെ ബുദ്ധിമുട്ടുകളും അപകടസാധ്യതകളും നേരിടാന്‍ തങ്ങളുടെ ഇച്ഛാശക്തി കരുത്താര്‍ജ്ജികുന്നത് അവര്‍ അനുഭവിച്ചറിഞ്ഞു. നമ്മെ യാത്രയ്ക്ക് സന്നദ്ധമാക്കുന്ന ആന്തരിക പക്വതയിലൂടെ ആദ്യം കടന്നുപോകാതെ കര്‍ത്താവിനെ ആരാധിക്കുന്നതിലേക്കെത്തിച്ചേരാന്‍ നമുക്കു സാധിക്കില്ല.

ആരാധനയിലേക്കാനയിക്കുന്ന പടിപടിയായുള്ള യാത്ര

പടിപടിയായുള്ള ഒരു യാത്രയിലൂടെയാണ് നാം കര്‍ത്താവിനെ ആരാധിക്കുന്നവരായിത്തീരുക. ഉദാഹരണത്തിന്, അമ്പതുകാരനായ ഒരാള്‍ അയാള്‍ക്ക് മുപ്പതുവയസ്സു പ്രായമുണ്ടായിരുന്നപ്പോള്‍ ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായ ചൈതന്യത്തോടെ ആയിരിക്കും ആരാധിക്കുകയെന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു. കൃപയാല്‍ സ്വയം രൂപപ്പെടാന്‍ അനുവദിക്കുന്നവന്‍, സാധാരണഗതിയില്‍, കാലക്രമേണ മെച്ചപ്പെടുന്നു: ബാഹ്യ മനുഷ്യന്‍ വാര്‍ദ്ധക്യം പ്രാപിക്കുന്നു, എന്നാല്‍, വിശുദ്ധ പൗലോസ് പറയുന്നതു പോലെ, ആന്തരിക മനുഷ്യന്‍, കര്‍ത്താവിനെ ഉപരി നന്നായി ആരാധിക്കാന്‍ സന്നദ്ധനായിക്കൊണ്ട്, അനുദിനം നവീകരിക്കപ്പെടുന്നു (2 കോറിന്തോസ് 4,16). ഈ വീക്ഷണകോണിലൂടെ നോക്കുമ്പോള്‍, പരാജയങ്ങള്‍, പ്രതിസന്ധികള്‍, പിശകുകള്‍ എന്നിവയെല്ലാം പ്രബോധനാത്മക അനുഭവങ്ങളായി മാറിയേക്കാം: കര്‍ത്താവ് മാത്രമാണ് ആരാധിക്കപ്പെടാന്‍ യോഗ്യനെന്ന അവബോധം നമ്മിലുണര്‍ത്താന്‍ ഇവ ആവശ്യമാണ് എന്നതും വിരളമല്ല. കാരണം മനുഷ്യവ്യക്തിയുടെ ഉള്ളില്‍ കുടികൊള്ളുന്ന ജീവിതാഭിവാഞ്ഛയെയും നിത്യതയ്ക്കായുള്ള ആഗ്രഹത്തെയും തൃപ്തിപ്പെടുത്തുന്നത് അവിടന്നു മാതമാണ്. കൂടാതെ, വിശ്വാസത്തോടുകൂടി ജീവിക്കപ്പെടുന്ന ജീവിത പരീക്ഷണങ്ങളും പ്രയാസങ്ങളും ഹൃദയശുദ്ധീകരണത്തിന് സംഭാവന ചെയ്യുകയും, ഹൃദയത്തെ കൂടുതല്‍ എളിമയാര്‍ന്നതും, അങ്ങനെ, അതിനെ ദൈവത്തിനു മുന്നില്‍ തുറക്കാന്‍ കൂടുതല്‍ സന്നദ്ധതയുള്ളതുമാക്കി മാറ്റുകയും ചെയ്യുന്നു.

ആയാസകരമായ ജീവിത യാത്രയില്‍ നിന്ന് പാഠം പഠിക്കുക

ജ്ഞാനികളെപ്പോലെ, നമ്മളും, യാത്രയുടെതായ അനിവാര്യ ബുദ്ധിമുട്ടുകളാല്‍ മുദ്രിതമായ, ജീവിതയാത്ര വഴി പാഠം പഠിക്കാന്‍ സ്വയം അനുവദിക്കണം. ക്ഷീണവും വീഴ്ചകളും പരാജയങ്ങളും നമ്മെ നിരുത്സാഹപ്പെടുത്താന്‍ നാം അനുവദിക്കരുത്. പകരം അവയെ താഴ്മയോടെ അംഗികരിച്ചുകൊണ്ട്, കര്‍ത്താവായ യേശുവിലേക്ക് മുന്നേറാനുള്ള അവസരമായി നാം അവയെ മാറ്റണം. ജീവിതം നൈപുണ്യ പ്രകടനമല്ല, മറിച്ച് നമ്മെ സ്‌നേഹിക്കുന്നവന്റെ അടുത്തേക്കുള്ള ഒരു യാത്രയാണ്: കര്‍ത്താവിനെ നോക്കുമ്പോള്‍, നവീകൃതാനന്ദത്തോടെ മുന്നേറാനുള്ള ശക്തി നമുക്ക് ലഭിക്കും.

കാണുക, ബാഹ്യമായതിനപ്പുറമുള്ള കാഴ്ച

നമുക്ക് മൂന്നാമത്തെ പദപ്രയോഗത്തിലേക്ക് കടക്കാം: കാണുക. സുവിശേഷകന്‍ എഴുതുന്നു: ‘അവര്‍ ഭവനത്തില്‍ പ്രവേശിച്ചപ്പോള്‍ ശിശുവിനെ അവന്റെ അമ്മയായ മറിയത്തോടൊപ്പം കണ്ടു, അവര്‍ അവനെ കുമ്പിട്ട് ആരാധിച്ചു’ (മത്താ 2:10-11). ആരാധന, പരമാധികാരികള്‍ക്കും മഹാ വ്യക്തികള്‍ക്കുമായി സംവരണം ചെയ്തിരുന്ന ആദരവിന്റെ പ്രകടനമായിരുന്നു. വാസ്തവത്തില്‍, ജ്ഞാനികള്‍ യഹൂദന്മാരുടെ രാജാവാണെന്ന് തങ്ങള്‍ക്കറിയാവുന്നവനെയാണ് ആരാധിച്ചത് (മത്താ 2:2). പക്ഷേ, വാസ്തവത്തില്‍, അവര്‍ എന്താണ് കണ്ടത്? അവര്‍, ഒരു പാവം പൈതലിനെ അവന്റെ അമ്മയോടൊപ്പം കണ്ടു. എന്നിട്ടും വിദൂര ദേശത്തു നിന്നുള്ള ഈ ജ്ഞാനികള്‍ക്ക് ആ താഴ്മയാര്‍ന്ന, ഏതാണ്ട് അവഗണനീയമായ ആ രംഗം, ആ പൈതലില്‍ ഒരു പരമാധികാരിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞുകൊണ്ട് മറികടക്കാന്‍ കഴിഞ്ഞു. അതായത്, ബാഹ്യമായികണ്ടതിനപ്പുറം ‘കാണാന്‍’ അവര്‍ക്ക് കഴിഞ്ഞു. ബെത്ലഹേമില്‍ ജനിച്ച കുട്ടിയുടെ മുമ്പാകെ പ്രണമിച്ചുകൊണ്ട്, അവര്‍ സര്‍വ്വോപരി ആന്തരികമായ ഒരു ആരാധനയര്‍പ്പിച്ചു: സമ്മാനമായി കൊണ്ടുവന്ന ചെപ്പുകള്‍ തുറക്കുന്നത് അവരുടെ ഹൃദയാര്‍പ്പണത്തിന്റെ അടയാളമായിരുന്നു.

മൂടുപടത്തിനപ്പുറം ദര്‍ശിക്കുക

കര്‍ത്താവിനെ ആരാധിക്കുന്നതിന്, ദൃശ്യമായതിന്റെ, പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്നതായ, മൂടുപടത്തിനപ്പുറം ‘കാണണം’. ഹേറോദേസും ജറുസലേമിലെ പ്രമാണിമാരും ഉപരിപ്ലവതയ്ക്ക് എന്നും അടിമയും ആകര്‍ഷകങ്ങളായവയെ തേടുകയും ചെയ്യുന്ന ലൗകികതയെ പ്രതിനിധാനം ചെയ്യുന്നു: ലൗകികത ഉദ്വേഗജനകമായ കാര്യങ്ങള്‍ക്കും അനേകരെ ആകര്‍ഷിക്കുന്ന കാര്യങ്ങള്‍ക്കും മാത്രമേ വില നല്‍കൂ. മറുവശത്ത്, ജ്ഞാനികളില്‍ വ്യത്യസ്തമായ ഒരു മനോഭാവമാണ് നാം കാണുന്നത്, അതിനെ നമുക്ക് ദൈവവിജ്ഞാനിയ യാഥാര്‍ത്ഥ്യവാദം എന്ന് നിര്‍വ്വചിക്കാന്‍ കഴിയും: അത് കാര്യങ്ങളുടെ നിജസ്ഥിതിയെ വസ്തുനിഷ്ഠമായി മനസ്സിലാക്കുന്നു, ഒടുവില്‍, ദൈവം എല്ലാ പ്രകടനപരതകളെയും ഒഴിവാക്കുന്നു എന്ന തിരിച്ചറിവില്‍ എത്തുകയും ചെയ്യുന്നു. ദൃശ്യമായതിനെ മറികടക്കുന്ന ഈ ‘കാണല്‍’ രീതി, ലളിതമായ സാഹചര്യങ്ങളിലും, എളിയവരിലും പാര്‍ശ്വവത്കൃതരിലും പലപ്പോഴും മറഞ്ഞിരിക്കുന്ന കര്‍ത്താവിനെ ആരാധിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നു. അതിനാല്‍ പ്രകടനപരതയുടെ വെടിക്കെട്ടില്‍ അമ്പരന്നുപോകാതെ, കടന്നുപോകാത്തവയെക്കുറിച്ച് എല്ലാ അവസരങ്ങളിലും അന്വേഷിക്കുക. അതിനാല്‍, അപ്പോസ്തലനായ പൗലോസ് എഴുതുന്നതുപോലെ, ‘ദൃശ്യമായവയല്ല, അദൃശ്യമായവയാണ് ഞങ്ങളുടെ ലക്ഷ്യം. ദൃശ്യങ്ങള്‍ നശ്വരങ്ങളാണ്, അദൃശ്യങ്ങള്‍ അനശ്വരങ്ങളും” (2 കോറിന്തോസ് 4:18).

ആരാധിക്കാന്‍ കഴിയുന്നതിനാവശ്യമായ കൃപ യാചിക്കുക

മാനവരാശിയെ മുഴുവനും ഉള്‍ക്കൊള്ളുന്ന കര്‍ത്താവായ യേശുവിന്റെ സ്‌നേഹപദ്ധതി ജീവിതം കൊണ്ട് പ്രകടിപ്പിക്കാന്‍ കഴിയുന്ന യഥാര്‍ത്ഥ ആരാധകരായി അവിടന്നു നമ്മെ മാറ്റട്ടെ. ആരാധിക്കാന്‍ പഠിക്കാനും, നിരന്തരം ആരാധിക്കാനും, ആരാധനയ്ക്ക് യോഗ്യന്‍ ദൈവം മാത്രമാകയാല്‍ ഈ ആരാധനാ പ്രാര്‍ത്ഥന ഏറെ ഉപയോഗിക്കാനും കഴിയുന്നതിന് നമുക്കോരോരുത്തര്‍ക്കും സഭയ്ക്കു മുഴുവനും വേണ്ടി അനുഗ്രഹം യാചിക്കാം.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.