ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ചും, പ്രാര്‍ത്ഥിച്ചും ഫ്രാന്‍സിസ് പാപ്പ

രോഗികളെ ചേര്‍ത്തുപിടിക്കുകയും അവരോട് അടുത്തിടപഴകുകയും ചെയ്യുമ്പോള്‍ കര്‍ത്താവും നിങ്ങളോട് ചേര്‍ന്നുനില്‍ക്കുമെന്ന് കോവിഡ് മഹാമാരിയോട് പടപൊരുതുന്ന ഡോക്ടര്‍മാരോടും നഴ്സുമാരോടും പാപ്പാ.

അര്‍ജന്റീനിയന്‍ ജനത ആഘോഷിക്കുന്ന ദേശീയ നഴ്സിംഗ് ഡേ, ഔര്‍ ലേഡി ഓഫ് റെമഡീസിന്റെ തിരുനാള്‍, ഡോക്ടേഴ്സ് ഡേ എന്നിവയോട് അനുബന്ധിച്ച് അവിടത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രത്യേകം അയച്ച സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. രോഗികളോട് കാണിക്കുന്ന അടുപ്പത്തിന്, ആര്‍ദ്രതയ്ക്ക്, രോഗികളെ പരിചരിക്കുന്ന തൊഴില്‍പ്പരമായ സമീപനത്തിന് നന്ദി രേഖപ്പെടുത്തുന്നു. എല്ലാ സഹോദരീസഹോദരന്മാരെയും ചേര്‍ത്തുപിടിക്കാന്‍ ആവശ്യപ്പെടുന്ന ഈ കോവിഡ് കാലത്ത് എല്ലാ ഡോക്ടര്‍മാരോടും നഴ്സുമാരോടും ചേര്‍ന്നുനില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയാണ്.

നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും പൂര്‍ണഹൃദയത്തോടെ അനുഗ്രഹിക്കാനും ജോലി മേഖലയില്‍ നിങ്ങള്‍ അഭിമുഖീകരിച്ചേക്കാവുന്ന എല്ലാ പ്രതിസന്ധികളിലും നിങ്ങളോടൊപ്പമായിരിക്കാനും ദൈവത്തോട് അപേക്ഷിക്കുകയും ചെയ്യുന്നു. രോഗികളെ ചേര്‍ത്തുപിടിക്കാനും അവരോട് അടുത്തിടപഴകാനും ആരോഗ്യപ്രവര്‍ത്തകര്‍ കാണിക്കുന്ന മഹാമനസ്‌ക്കതയ്ക്കും പാപ്പ അഭിനന്ദനം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.