ഉത്തരാദിത്വങ്ങള്‍ സത്യസന്ധതയോടെ നിര്‍വഹിക്കാം; മാര്‍പാപ്പ

സമഗ്ര സാമൂഹിക നിര്‍മിതിക്കായി വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്തങ്ങള്‍ നാം ഓരോരുത്തരും സത്യസന്ധതയോടെ നിര്‍വഹിക്കണമെന്ന് ഓര്‍മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. കൂട്ടായ പരിശ്രമങ്ങള്‍ സാധ്യമായാല്‍ നാടിന്റെ ഭാവി പ്രത്യാശയോടെ നെയ്തെടുക്കാനാകുമെന്നും പാപ്പാ പറഞ്ഞു. പൊന്തിഫിക്കല്‍ കമ്മീഷന്‍ ഫോര്‍ ലാറ്റിന്‍ അമേരിക്ക, പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസ്, ലാറ്റിന്‍ അമേരിക്കന്‍ ബിഷപ്സ് കോണ്‍ഫറന്‍സ് എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച സെമിനാറില്‍ വീഡിയോ സന്ദേശം നല്‍കുകയായിരുന്നു പാപ്പ.

നിലവിലുള്ള സാമൂഹിക, സാമ്പത്തിക പ്രതിസന്ധികളും അനീതിയും കോവിഡ് മഹാമാരിമൂലം എല്ലാ രാജ്യങ്ങളിലും പെരുകുകയും ജീവിതം പൂര്‍വോപരി ക്ലേശകരമാവുകയും ചെയ്തിട്ടുണ്ട്. ഇവയെല്ലാം പാവങ്ങളെയാണ് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. അസമത്വവും വിവേചനവും വര്‍ദ്ധിച്ചു. രോഗികള്‍ ക്ലേശിക്കുകയും കുടുംബങ്ങള്‍ അരക്ഷിതാവസ്ഥയില്‍ കഴിയുകയുമാണ്. എല്ലാവര്‍ക്കും രോഗത്തെ പ്രതിരോധിക്കാന്‍വേണ്ടി അകലം പാലിക്കാനാവുന്നില്ല, ശുചീകരണ സംവിധാനങ്ങളുമില്ല. ഉപജീവനത്തിനുള്ള തൊഴില്‍ ചുറ്റുപാടുകള്‍ പോലുമില്ലാത്തവരാണ് സമൂഹത്തില്‍ അധികവും.

പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെ ആശ്ലേഷിക്കണം എന്നു പറയുമ്പോള്‍ അവര്‍ക്ക് ദാനം കൊടുക്കണമെന്നല്ല, മറിച്ച്, നമ്മുടെ പ്രവര്‍ത്തനങ്ങള്‍ അതിരുകളില്‍നിന്ന് തുടങ്ങണം എന്നതാണ് അര്‍ത്ഥമാക്കുന്നത്. ജലം, പാര്‍പ്പിടം, തൊഴില്‍ ഇങ്ങനെ അടിസ്ഥാന ആവശ്യങ്ങളുടെ ദൗര്‍ലഭ്യവും രൂക്ഷമാവുകയാണ്. ജീവിത പരിതസ്ഥിതിതന്നെ അപകടനിലയില്‍ എത്തിനില്‍ക്കുന്നു. അതിനാല്‍ അയല്‍ക്കൂട്ടത്തിന്റെയും ഗ്രാമാന്തരീക്ഷത്തിന്റെയും പ്രാദേശീകതയുടെയും പൊതുഭവനത്തിന്റെയും അവബോധം എല്ലാവര്‍ക്കും ഉണ്ടാവണം. പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.