നന്മതിന്മകളുടെ അടിസ്ഥാനത്തില്‍ ആരെയും വിഭജിക്കരുതെന്ന് ഉദ്‌ബോധിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ

തിന്മയ്ക്ക് കീഴടങ്ങാതിരിക്കാനും മറ്റുള്ളവര്‍ക്ക് ദുഷ്പ്രേരണ നല്‍കാതിരിക്കാനും ജാഗ്രതയോടെ വര്‍ത്തിക്കണമെന്ന് ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പാ. നന്മതിന്മകളുടെ അടിസ്ഥാനത്തില്‍ ആരെയും വേര്‍തിരിക്കരുതെന്നും സകലരെയും ഉള്‍ക്കൊള്ളണമെന്നും പാപ്പാ വിശ്വാസീസമൂഹത്തെ ഉദ്ബോധിപ്പിച്ചു. ഞായറാഴ്ചത്തെ ഏഞ്ചലസ് പ്രാര്‍ത്ഥനക്കിടെ സന്ദേശം നല്‍കുകയായിരുന്നു പരിശുദ്ധ പിതാവ്.

“യേശുവിന്റെ മേല്‍ തങ്ങള്‍ക്ക് സവിശേഷമായ അവകാശങ്ങളുണ്ടെന്നും ദൈവരാജ്യത്തിനായി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്കു മാത്രമേ അവകാശമുള്ളുവെന്നും ചിലര്‍ കരുതുന്നു. തങ്ങള്‍ യേശുവിന്റെ സ്വന്തമാണെന്ന ചിന്തയാല്‍ അവര്‍ മറ്റുള്ളവരെ ശത്രുതയോടെ അപരിചിതരായി പരിഗണിക്കുകയും ചെയ്യാറുണ്ട്. ഇത് ഒരു പ്രലോഭനമാണ്. ഇതില്‍ അകപ്പെടാതിരിക്കാന്‍ നാം ഓരോരുത്തരും ജാഗ്രത പുലര്‍ത്തണം. നന്മതിന്മകളുടെ അടിസ്ഥാനത്തില്‍ ആരെയും വിഭജിക്കരുത്. സ്വന്തം ഹൃദയങ്ങളെ നിരീക്ഷിച്ചു കൊണ്ട് തിന്മക്ക് കീഴടങ്ങാതിരിക്കാനും മറ്റുള്ളവര്‍ക്ക് ദുഷ്പ്രേരണ നല്‍കാതിരിക്കാനുമാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്” – പാപ്പാ വ്യക്തമാക്കി.

വിഭജനം പിശാചിന്റെ പ്രവൃത്തിയാണ്. പിശാച് ജനങ്ങളില്‍ സംശയം ജനിപ്പിച്ച് വിഭജിക്കുകയും അകല്‍ച്ച ആഴത്തിലാക്കുകയും ചെയ്യും. എന്നാല്‍, എല്ലാവര്‍ക്കും ഇടം ലഭിക്കുന്ന തുറവിയുള്ള സമൂഹങ്ങളെയാണ് പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നത് – പാപ്പാ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.