എല്ലാ കാര്യങ്ങളിലും ദൈവസാന്നിധ്യം തേടാന്‍ ആഹ്വാനം ചെയ്ത് മാര്‍പാപ്പാ

എല്ലാ കാര്യങ്ങളിലും നാം ദൈവസാന്നിധ്യം തേടണമെന്നും കണ്ടെത്തണമെന്നും ഉദ്ബോധിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. അനുദിന ജീവിതം കഠിനവും ക്ലേശകരവുമായി തോന്നാമെങ്കിലും അദൃശ്യസാന്നിധ്യത്താല്‍ ദൈവം എപ്പോഴും നമ്മുടെ ജീവിതത്തില്‍ ആവസിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദൈവത്തിന്റെ അദൃശ്യമായ സാന്നിധ്യം നമ്മുടെ ജീവിതത്തില്‍ എപ്രകാരം നിറഞ്ഞുനില്‍ക്കുന്നു, എപ്രകാരം പ്രവര്‍ത്തിക്കുന്നു എന്ന് സസൂക്ഷ്മം വീക്ഷിക്കണം. വലിയ മരമായി മാറുന്ന ചെറിയ കടുകുമണിയോട് ദൈവരാജ്യത്തെ ഉപമിച്ച തിരുവചനം പരാമര്‍ശിച്ച പാപ്പ, നമ്മുടെ ജീവിതത്തിലും ലോകം മുഴുവനിലും ദൈവം ഇപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും ഉദ്ബോധിപ്പിച്ചു. ജീവിത തിരക്കുകള്‍ മൂലം പലപ്പോഴും ഈ യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ നമുക്ക് കഴിയാറില്ല. പക്ഷേ, ചെറിയ വിത്ത് വലിയ മരമായി മാറുന്നതുപോലെ എല്ലാവര്‍ക്കും ജീവനും ജീവിതവും നല്‍കിക്കൊണ്ട് ദൈവം പ്രവര്‍ത്തനനിരതനാണ്. നമ്മുടെ സത്പ്രവൃത്തികളുടെ വിത്തുകള്‍ താരതമ്യപ്പെടുത്തുമ്പോള്‍ ചെറുതായി തോന്നാം. എന്നിരുന്നാലും നല്ലതെല്ലാം ദൈവത്തിന്റേതാണ്. നല്ലത് എപ്പോഴും എളിയതും അദൃശ്യവുമായ രീതിയില്‍ വളരുന്നു. ദൈവത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നതില്‍ ഈ ഉപമ നമുക്ക് ആത്മവിശ്വാസമേകണം.

നന്മ ദുര്‍ബലമാണെന്നും തിന്മയാണ് അവസാന വാക്കെന്നുമുള്ള തെറ്റായ ചിന്തയാല്‍ പലപ്പോഴും ജീവിതത്തില്‍ നാം നിരുത്സാഹപ്പെട്ടിട്ടുണ്ടാകാം. എന്നാല്‍, നാം കഠിനാദ്ധ്വാനം ചെയ്തിട്ടും ആഗ്രഹിച്ച ഫലങ്ങളോ മാറ്റങ്ങളോ ഒരിക്കലും സംഭവിക്കാതിരുന്നാലും ദൈവസാന്നിധ്യത്തെ സംശയിക്കരുത്. നമ്മിലേക്കും യാഥാര്‍ത്ഥ്യത്തിലേക്കും കണ്‍തുറന്ന് കാഴ്ചയ്ക്കപ്പുറമുള്ളവ കാണാനും ദൈവസാന്നിധ്യം കണ്ടെത്താനും തിരുവചനം നമ്മെ അനുനിമിഷം ക്ഷണിക്കുന്നുണ്ട്.

നാം ഓരോരുത്തരും ദൈവത്തിന്റെ കരങ്ങളിലാണെന്ന ചിന്ത ക്ഷമയോടും സ്ഥിരതയോടും കൂടെ ജീവിതം കരുപ്പിടിപ്പിക്കാന്‍ സഹായിക്കുമെന്ന് ഓര്‍മ്മിപ്പിച്ച പാപ്പ, അനുദിന ജീവിതത്തില്‍ ഊര്‍ജ്ജസ്വലതയോടെ മുന്നേറാനും ക്ഷമയോടെ നന്മയുടെ വിത്തുകള്‍ വിതയ്ക്കാനും അതില്‍ നിന്ന് ഫലം കൊയ്യാനും എല്ലാവര്‍ക്കും കഴിയട്ടെയെന്നും ആശംസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.