ധീരമായ മാതൃക കൊണ്ടാണ് ക്രിസ്തുവിനെ പ്രഘോഷിക്കേണ്ടതെന്ന് മാര്‍പാപ്പ

ക്രിസ്തുവിനെ അറിയാന്‍ മറ്റുള്ളവരെ സഹായിക്കുക എന്നത് ഓരോ ക്രൈസ്തവന്റെയും ഉത്തരവാദിത്വമാണെന്നും ശുശ്രൂഷയിലൂടെയും സ്വയം സമര്‍പ്പണത്തിലൂടെയും മാത്രമേ ആ ദൗത്യം പൂര്‍ത്തിയാക്കാന്‍ സാധിക്കൂവെന്നും ഫ്രാന്‍സിസ് പാപ്പ.

വെറും വാക്കുകള്‍ കൊണ്ടല്ല മറിച്ച്, സമൂര്‍ത്തവും ധീരവുമായ മാതൃകകള്‍ കൊണ്ട് സ്നേഹത്തിന്റെ വിത്തുകള്‍ വിതയ്ക്കാന്‍ ക്രൈസ്തവര്‍ ജാഗരൂകരാകണമെന്നും പാപ്പാ പറഞ്ഞു. “ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടിയിരിക്കും. എന്നാല്‍, അത് അഴിയുന്നെങ്കിലോ ധാരാളം ഫലം പുറപ്പെടുവിക്കും.” ദൈവീകമായ സാമീപ്യം, അനുകമ്പ, ആര്‍ദ്രത എന്നിവയുടെ ശൈലി സ്വായത്തമാക്കി ജീവിതസാക്ഷ്യം കൊണ്ട് നാം പ്രത്യുത്തരിക്കേണ്ടിയിരിക്കുന്നു.

അതുകൊണ്ട്, “മറ്റുളളവര്‍ നമുക്കു ചെയ്തുതരണമെന്ന് ആഗ്രഹിക്കുന്നതെല്ലാം പകരം അവര്‍ക്കുവേണ്ടി നമുക്കു ചെയ്യാം” (മത്തായി 7:12). മറ്റുള്ളവര്‍ നമ്മെ ശ്രവിക്കണമോ? ആദ്യം നമുക്ക് അവരെ ശ്രവിക്കാം. നമുക്കു പ്രോത്സാഹനം ആവശ്യമുണ്ടോ? പ്രോത്സാഹനം നമുക്ക് അങ്ങോട്ട് ആദ്യം നല്‍കാം. നമുക്ക് ആരെങ്കിലും കരുതല്‍ തരാന്‍ ആഗ്രഹിക്കുന്നുവോ? എങ്കില്‍ ഏകാകികളും പരിത്യക്തരുമായവര്‍ക്ക് നമുക്ക് ആദ്യം കരുതല്‍ നല്‍കാം.

സ്നേഹത്തിന്റെ പ്രവൃത്തികളിലൂടെ ക്രിസ്തുവിനെ പകരണം. അപ്പോള്‍ തെറ്റിദ്ധാരണകള്‍, ബുദ്ധിമുട്ടുകള്‍, പീഡനങ്ങള്‍ തുടങ്ങിയവ മൂലം നിലം വരണ്ടുണങ്ങിതാണെങ്കില്‍ പോലും അവിടുത്തെ കൃപയാല്‍ ഫലം പുറപ്പെടുവിക്കാന്‍ കര്‍ത്താവ് നമ്മെ പ്രാപ്തരാക്കുമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.