പെന്തക്കുസ്താ തിരുനാള്‍ ദിനത്തില്‍ വിശുദ്ധനാടിനു വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് മാര്‍പാപ്പ

പെന്തക്കുസ്താ തിരുനാള്‍ ദിനത്തില്‍ വിശുദ്ധനാടിന്റെ സമാധാനത്തിനു വേണ്ടി ലോകമെമ്പാടുമുള്ള എല്ലാ വിശ്വാസികളും മെത്രാന്മാരും പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

താല്‍ക്കാലികമായ വെടിനിര്‍ത്തല്‍ തീരുമാനത്തിന് താന്‍ ദൈവത്തോട് നന്ദി പറയുന്നുവെന്നും സംവാദത്തിന്റെയും സമാധാനത്തിന്റെയും വഴികള്‍ തിരഞ്ഞെടുക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. പെന്തക്കോസ്ത തിരുനാള്‍ ദിനത്തില്‍ ലോകമെമ്പാടുമുള്ള എല്ലാ വിശ്വാസികളും മെത്രാന്മാരും വിശുദ്ധനാടിന്റെ സമാധാനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണം – പാപ്പാ ഓര്‍മ്മിപ്പിച്ചു.

ചരിത്രത്തിലൂടെ സഭയെ നയിക്കുന്നത് പരിശുദ്ധാത്മാവാണെന്നും അതിനാല്‍ കത്തോലിക്കാ സഭയ്ക്ക് നിശ്ചലയായി നില്‍ക്കാന്‍ സാധിക്കുകയില്ലെന്നും ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. “ഇന്ന് കര്‍ത്താവ് നമ്മെ ക്ഷണിക്കുന്നത് പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ക്കായി നമ്മുടെ ഹൃദയങ്ങള്‍ തുറക്കുന്നതിനു വേണ്ടിയാണ്. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളോട് വിധേയത്വം പുലര്‍ത്തിക്കൊണ്ടാണ് സഭ അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. പരിശുദ്ധാത്മാവ് ഉത്ഥിതനായ ക്രിസ്തുവിന്റെ സാന്നിധ്യം നിരന്തരം നമുക്ക് അനുഭവവേദ്യമാക്കുകയും ചെയ്യുന്നു” – പാപ്പാ കൂട്ടിച്ചേര്‍ത്തു.

തന്റെ കുരിശുമരണത്തിന്റെ സമയം അടുത്തുവന്നപ്പോള്‍ യേശു അപ്പോസ്തലന്മാരെ ധൈര്യപ്പെടുത്തുന്നത് അവരെ തനിയെ വിടുകയില്ല എന്ന് പറഞ്ഞു കൊണ്ടാണ്. അവര്‍ക്ക് ശക്തി പകരാന്‍ പരിശുദ്ധാത്മാവ് കുടെ ഉണ്ടാകും. സുവിശേഷം ലോകം മുഴുവന്‍ എത്തിക്കാന്‍ ആത്മാവ് അവരെ ശക്തിപ്പെടുത്തും – പാപ്പാ പറഞ്ഞു. യേശു പിതാവിന്റെ പക്കലേക്ക് മടങ്ങിപ്പോയെങ്കിലും തന്റെ ശിഷ്യന്മാരെ തുടര്‍ന്നും ശക്തിപ്പെടുത്താനും നയിക്കാനും പഠിപ്പിക്കാനും വേണ്ടി പരിശുദ്ധാത്മാവിനെ അയക്കുന്നു. പരിശുദ്ധാത്മാവിലൂടെയാണ് യേശു തന്റെ പ്രവര്‍ത്തികള്‍ ചെയ്യുന്നത് – പാപ്പാ വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.