ദരിദ്രര്‍ക്ക് നല്‍കേണ്ട മുന്‍ഗണനയില്‍ നിന്ന് പിന്നോട്ടു പോകരുതെന്ന് മാര്‍പാപ്പാ

ദരിദ്രര്‍ക്ക് നല്‍കേണ്ട മുന്‍ഗണനയില്‍ നിന്ന് പിന്നോട്ടു പോകരുതെന്ന് ഫ്രാന്‍സിസ് പാപ്പാ. യേശു ചെയ്തതുപോലെ ദരിദ്രരോടും കുഞ്ഞുങ്ങളോടും രോഗികളോടും കാരാഗൃഹത്തിലായിരിക്കുന്നവരോടും പുറന്തള്ളപ്പെട്ടവരോടും ഭക്ഷണവും വസ്ത്രവുമില്ലാത്തവരോടും പ്രകടിപ്പിക്കുന്ന അടുപ്പത്തിന്റെയും പരിഗണനയുടെയും പ്രവര്‍ത്തിയാലാണ് അവിടുത്തെ അനുയായികളെ തിരിച്ചറിയുന്നതെന്നും ഇതാണ് ക്രൈസ്തവജീവിതത്തിന്റെ ആധികാരികതയുടെ പ്രധാന മാനദണ്ഡമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ദരിദ്രരോട് പ്രകടിപ്പിക്കേണ്ട ഈ മുന്‍ഗണന കുറച്ചുപേരുടെ മാത്രം കടമയാണെന്ന് ചിലര്‍ തെറ്റിദ്ധരിക്കുന്നു. വാസ്തവത്തില്‍ ഇത് സഭയുടെ മുഴുവന്‍ ദൗത്യമാണെന്നും ഓരോ ക്രിസ്ത്യാനിയും ഓരോ സഭാസമൂഹവും വിളിക്കപ്പെട്ടിരിക്കുന്നത് ദരിദ്രരുടെ വിമോചനത്തിനും ഉന്നമനത്തിനുമുള്ള ദൈവത്തിന്റെ ഉപകരണങ്ങളായിട്ടാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

‘ദരിദ്രരുമായി പങ്കിടുക’ എന്നതിനര്‍ത്ഥം ‘പരസ്പരം സമ്പന്നമാകുക’ എന്നാണെന്നും പാപ്പാ വിശദീകരിച്ചു. അതായത്, സുന്ദരമായ ഭാവിയെക്കുറിച്ച് സ്വപ്നം കാണുന്നതിന് തടസമായി നില്‍ക്കുന്ന രോഗബാധിതമായ സാമൂഹിക ഘടനകളുണ്ടെങ്കില്‍ അവയെ സുഖപ്പെടുത്തുന്നതിനും മാറ്റുന്നതിനും നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. കാരണം, നമ്മെ അവസാനം വരെ സ്‌നേഹിച്ച ക്രിസ്തുവിന്റെ സ്‌നേഹം അതിലേക്കാണ് നമ്മെ നയിക്കുന്നത്.

പകര്‍ച്ചവ്യാധിയില്‍ നിന്നുണ്ടാകുന്ന സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് എല്ലാവരും ആശങ്കാകുലരാണ്. സാധാരണ നിലയിലേക്ക് മടങ്ങാനും സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനും നമ്മള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഈ ‘സാധാരണ’ നിലയിലേക്കുള്ള മടങ്ങിപ്പോക്കില്‍ സാമൂഹിക അനീതികളും പരിസ്ഥിതിയുടെ തകര്‍ച്ചയും ഉള്‍പ്പെടരുതെന്നും ഇന്ന് നമുക്ക് വ്യത്യസ്തമായ ഒരവസ്ഥ സൃഷ്ടിക്കുവാനുള്ള അവസരമുണ്ടെന്നും പാപ്പാ വിവരിച്ചു. ഉദാഹരണമായി, ദരിദ്രരുടെ ക്ഷേമത്തിനെന്നതിനുപരി അവരുടെ സമഗ്രവികസനത്തിനായുള്ള ഒരു സമ്പദ്വ്യവസ്ഥയെ നമുക്ക് വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്നും പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.