രക്തസാക്ഷികളായ സിമെയോണെ കര്‍ദോണും അഞ്ച് സഹസന്ന്യാസികളും ഇനി വാഴ്ത്തപ്പെട്ടവര്‍

ഇറ്റലിയിലെ കസമാരിയിലെ ആറ് രക്തസാക്ഷികള്‍ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടു. സിസ്റ്റേഴ്ഷ്യന്‍ സന്ന്യാസ സമൂഹാംഗങ്ങളാണ് ഈ നവവാഴ്ത്തപ്പെട്ടവര്‍. വത്തിക്കാനില്‍ നിന്ന് നൂറുകിലോമീറ്ററിലേറെ തെക്കുമാറിയുള്ള കാസമാരിയിലെ സിസ്റ്റേര്‍ഷ്യന്‍ ആശ്രമത്തില്‍ വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മര്‍ചേല്ലൊ സെമറാറൊയായിരുന്നു ഇവരെ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ ഔപചാരികമായി ചേര്‍ത്തത്.

1799 മെയ് 13-നും 16-നും ഇടയിലാണ് സിമെയോണെ കര്‍ദോണും 5 സഹസന്ന്യാസികളും രക്തസാക്ഷികളായത്. 1799-ല്‍ തെക്കെ ഇറ്റലിയിലെ നാപ്പോളിയില്‍ ആധിപത്യമുറപ്പിച്ച ഫ്രഞ്ചു സൈന്യം വടക്കോട്ടു നീങ്ങാന്‍ നിര്‍ബന്ധിതമായ ഒരു വേളയില്‍ ദേവാലയങ്ങള്‍ക്കും സന്ന്യാസാശ്രമങ്ങള്‍ക്കും നേരെ നടത്തിയ നിഷ്ഠൂരാക്രമണങ്ങളിലാണ് ഇവര്‍ വധിക്കപ്പെട്ടത്.

കഷ്ടതകളും പീഢകളും സുവിശേഷവത്ക്കരണത്തിന്റെ ഭാഗമാണെന്ന് വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മര്‍ചേല്ലൊ സെമറാറൊ വാഴ്ത്തപ്പെട്ടപദ പ്രഖ്യാപന തിരുക്കര്‍മ്മ മദ്ധ്യേ സുവിശേഷ ചിന്തകള്‍ പങ്കുവയ്ക്കവെ ഉദ്‌ബോധിപ്പിച്ചു. നമ്മുടെ വിശ്വാസത്തിന്റെയും യേശുവുമായുള്ള നമ്മുടെ ബന്ധത്തിന്റെയും മാറ്റുരച്ചു നോക്കാനുള്ള അവസരം ഈ കഷ്ടപ്പാടുകളിലും അനര്‍ത്ഥങ്ങളിലും കണ്ടെത്താന്‍ നാം വിളിക്കപ്പെടുന്നുവെന്നും കര്‍ദ്ദിനാള്‍ സെമെറാറൊ നവവാഴ്ത്തപ്പെട്ടവരുടെ നിണസാക്ഷിത്വത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.