‘ജനങ്ങളില്‍ വേരൂന്നിയ രാഷ്ട്രീയം’; അന്താരാഷ്ട്ര സമ്മേളനത്തിന് മാര്‍പാപ്പയുടെ സന്ദേശം

പാവപ്പെട്ടവരോട് പുറംതിരിഞ്ഞു നില്ക്കുന്ന ഒരു രാഷ്ട്രീയത്തിന് ഒരിക്കലും പൊതുനന്മ ഊട്ടിവളര്‍ത്താനാകില്ലെന്ന് മാര്‍പാപ്പ. ‘ജനങ്ങളില്‍ വേരൂന്നിയ രാഷ്ട്രീയം’ എന്ന ശീര്‍ഷകത്തില്‍ ലണ്ടനില്‍ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര സമ്മേളനത്തിന് അയച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

കേവലമായ ജനകീയതയില്‍ നിന്ന് രാഷ്ട്രീയത്തെ ജനങ്ങളില്‍ രൂഢമൂലമായ സാഹോദര്യരാഷ്ടീയമായി ഉയര്‍ത്തുകയാണ് ഈ സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് പാപ്പാ വിശദീകരിക്കുന്നു. രാഷ്ട്രീയം ഒരു സേവനം എന്ന നിലയില്‍ ജനങ്ങള്‍ക്ക് സംഘടിക്കുന്നതിനും സ്വയം ആവിഷ്‌ക്കരിക്കുന്നതിനും പുത്തന്‍ സരണികള്‍ വെട്ടിത്തുറക്കുന്നുവെന്നും ഈ രാഷ്ട്രീയം കേവലം ജനങ്ങള്‍ക്കു വേണ്ടി മാത്രമുള്ളതല്ല, മറിച്ച് ജനങ്ങളോടു കൂടെയുള്ളതും ജനസമൂഹങ്ങളിലും ആ സമൂഹങ്ങളുടെ മൂല്യങ്ങളിലും വേരൂന്നിയതുമാണെന്നും പാപ്പാ ഉദ്‌ബോധിപ്പിക്കുന്നു.

ജനങ്ങളെ മാറ്റി നിറുത്തുമ്പോള്‍ അവരുടെ ഭൗതിക ക്ഷേമത്തെ മാത്രമല്ല പ്രവര്‍ത്തനത്തിന്റെയും സ്വന്തം ഭാഗധേയത്തിന്റെയും ചരിത്രത്തിന്റെയും നായകരാകുകയും തങ്ങളുടെ മൂല്യങ്ങളും സംസ്‌കാരവും സര്‍ഗ്ഗാത്മകതയും ഫലദായകത്വവും വഴി സ്വയം ആവിഷ്‌ക്കരിക്കുന്നതിന്റെയും ഔന്നത്യത്തെയും നിഷേധിക്കുകയാണ് ചെയ്യുന്നതെന്ന് പാപ്പാ പറയുന്നു. അതുകൊണ്ടാണ് സാമൂഹ്യ നീതിയില്‍ നിന്ന് ജനങ്ങളുടെ സംസ്‌കാരങ്ങളെയും ഭൗതികവും ആത്മീയവുമായ മൂല്യങ്ങളെയും വേറിട്ടു നിറുത്താന്‍ സഭയ്ക്കാവാത്തതെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

ആകയാല്‍ ജനങ്ങളുടെ യഥാര്‍ത്ഥ ഇടയന്‍ അവരുടെ മുന്നിലും അവര്‍ക്കിടയിലും അവരുടെ പിന്നിലും നടക്കുന്നവനാണെന്നും പാപ്പാ പ്രസ്താവിച്ചു. ഇടയന്‍ മുന്നില്‍ നടക്കുന്നത് മുന്നോട്ടുള്ള വഴി അവര്‍ക്ക് ചൂണ്ടിക്കാണിക്കാനും അവരുടെ ഇടയില്‍ ആയിരിക്കുന്നത്, ജനങ്ങളുടെ അനുഭവങ്ങള്‍ സ്വന്തമാക്കാനും തെറ്റുപറ്റാതിരിക്കാനുമാണെന്നും പിന്നില്‍ നടക്കുന്നത്, കൂട്ടം തെറ്റിയവരെ സഹായിക്കാനും തനിച്ച് ശരിയായ വഴികള്‍ കണ്ടെത്താന്‍ ജനത്തെ പ്രാപ്തമാക്കാനുമാണെന്ന് പാപ്പാ വിശദീകരിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.