മഹാമാരി തുറന്നുകാട്ടിയ സാമൂഹിക അസമത്വങ്ങളെക്കുറിച്ച് മാര്‍പാപ്പ

ഈ മഹാമാരി, വര്‍ദ്ധിച്ചുവന്ന സാമൂഹിക പ്രശ്‌നങ്ങളെ പ്രത്യേകിച്ച് സമൂഹത്തില്‍ നിലനിന്നിരുന്ന അസമത്വത്തെ ഉയര്‍ത്തിക്കാട്ടിയതായി മാര്‍പാപ്പ. ഉദാഹരണമായി, കൊറോണാക്കാലത്ത് ചിലര്‍ക്ക് വീടുകളിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യങ്ങളുണ്ട്. അതേസമയം മറ്റനവധി പേര്‍ക്ക് അത് സാധ്യമാകാത്ത അവസ്ഥയും. സമൂഹത്തിലെ ഒരുവിഭാഗം കുട്ടികള്‍ക്ക്, ബുദ്ധിമുട്ടുകള്‍ക്കിടയിലും സ്‌കൂള്‍ വിദ്യാഭ്യാസം തുടര്‍ന്നും നേടാനുള്ള സാഹചര്യമുള്ളപ്പോള്‍, മറ്റനവധി പേര്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം പെട്ടെന്ന് നിര്‍ത്തേണ്ടിവരുന്നു. ശക്തരായ രാജ്യങ്ങള്‍ക്ക് മഹാമാരിയുടെ അടിയന്തിരാവസ്ഥ നേരിടാന്‍ വേണ്ട സാമ്പത്തികഭദ്രത ഉള്ളപ്പോള്‍ മറ്റുള്ള പല രാജ്യങ്ങളുടെയും ഭാവി, പണയംവയ്ക്കലിന്റെ അവസ്ഥയിലേയ്ക്ക് എത്തപ്പെടുന്നു.

അസമത്വത്തിന്റെ ഈ ലക്ഷണങ്ങള്‍, ഒരു സാമൂഹികരോഗത്തെയാണ് വെളിപ്പെടുത്തുന്നതെന്നും രോഗാവസ്ഥയിലുള്ള ഒരു സമ്പദ്‌വ്യവസ്ഥയില്‍ നിന്നു രൂപംകൊള്ളുന്ന വൈറസാണിതെന്നും പാപ്പാ പറയുന്നു. യഥാര്‍ത്ഥത്തില്‍ അടിസ്ഥാനപരമായ മാനുഷികമൂല്യങ്ങളെ അവഗണിക്കുന്ന, അസമത്വം നിറഞ്ഞ സാമ്പത്തികവളര്‍ച്ചയുടെ ഫലമാണിത്. ഇന്നത്തെ ലോകത്ത് സമ്പന്നരായ കുറച്ചുപേരിലേയ്ക്ക് ആകെയുള്ള മനുഷ്യരാശിയുടേതിനേക്കാള്‍ സമ്പത്ത് കുമിഞ്ഞുകൂടിയിരിക്കുന്നു. ഇത് വലിയ അനീതിയാണ് സമ്മാനിക്കുന്നത്. അതുപോലെ തന്നെ ഈ സാമ്പത്തികമാതൃക, സാധാരണ ഭവനങ്ങളിലുണ്ടാക്കുന്ന നാശത്തെക്കുറിച്ച് തികച്ചും നിസ്സംഗത പുലര്‍ത്തുകയും ചെയ്യുന്നു എന്ന ആശങ്കയും പാപ്പാ തുറന്നുപറഞ്ഞു.

സാമൂഹിക അസമത്വവും പാരിസ്ഥിതിക തകര്‍ച്ചയും പരസ്പരം കൈകോര്‍ത്തു പോകുന്ന യാഥാര്‍ഥ്യങ്ങളാണെന്നു പറഞ്ഞ പാപ്പാ, ജൈവവൈവിധ്യവും കാലാവസ്ഥാ വ്യതിയാനവും മുതല്‍ സമുദ്രനിരപ്പ് ഉയരുന്നതും ഉഷ്ണമേഖലാ വനങ്ങളുടെ നാശവും വരെയുള്ള ഗുരുതരവും സംഭവിക്കാവുന്നതുമായ പ്രത്യാഘാതങ്ങളെ മറികടക്കുവാന്‍ സാധിക്കുന്ന നേട്ടങ്ങളുടെ വളരെയടുത്തതാണ് നമ്മളെങ്കിലും സഹജീവികളെയും പ്രകൃതിയെയും ദൈവത്തെപ്പോലും കീഴടക്കി ആധിപത്യം സ്ഥാപിക്കാനുള്ള മനുഷ്യന്റെ ദുരാഗ്രഹം ഒരിക്കലും സൃഷ്ടിയുടെ രൂപകല്‍പ്പനയേ അല്ലായെന്നും ഓര്‍മ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.