യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറിയും ഫ്രാന്‍സിസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തി

യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് ഡേവിഡ് സാസോലിയും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിന്‍കെനും ഫ്രാന്‍സിസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും വത്തിക്കാനിലെത്തിയാണ് പാപ്പായുമായി കൂടിക്കാഴ്ച നടത്തിയത്. യൂറോപ്യന്‍ പര്യടനത്തിനിടെ നടത്തിയ സൗഹൃദസന്ദര്‍ശമായിരുന്നു യുഎസ് സ്‌റ്റേറ്റ് സെക്രട്ടറിയുടേതെങ്കില്‍ നിര്‍ണ്ണായകമായ കൂടിക്കാഴ്ചയാണ് പാപ്പായും യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് ഡേവിഡ് സാസോലിയുമായി നടന്നത്.

നാല്‍പതു മിനിട്ട് നീണ്ട കൂടിക്കാഴ്ചയില്‍ 2015-ല്‍ പാപ്പാ യുഎസിലേയ്ക്ക് നടത്തിയ അപ്പസ്‌തോലിക സന്ദര്‍ശനത്തിന്റെ ഓര്‍മ്മകള്‍ അനുസ്മരിക്കാനാണ് പാപ്പായും ആന്റണി ബ്ലിന്‍കെനും സമയം ചെലവഴിച്ചത്. യുഎസ് ജനതയോടുള്ള തന്റെ ഇഷ്ടവും പാപ്പാ അദ്ദേഹത്തെ അറിയിച്ചു.

അതേസമയം യൂറോപ്യന്‍ പാര്‍ലമെന്റ്, അബോര്‍ഷന് അനുകൂലമായ നിലപാടെടുത്ത് ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് ഡേവിഡ് സാസോലിയുമായുള്ള പാപ്പായുടെ കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. ഇരുവരും തമ്മില്‍ നടന്ന ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടിട്ടില്ല. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയാത്രോ പരോളിന്‍, ആര്‍ച്ച്ബിഷപ്പ് പോള്‍ ഗല്ലാഗ്‌ഹെര്‍ എന്നിവരുമായും ഡേവിഡ് സംസാരിച്ചു.

കഴിഞ്ഞ ജൂണ്‍ 24-നാണ് യൂറോപ്യന്‍ പാര്‍ലമെന്റ് അബോര്‍ഷന് അനുകൂലമായി വോട്ടെടുപ്പ് നടത്തിയത്. അബോര്‍ഷന്‍ മനുഷ്യാവകാശമാണെന്നാണ് അന്ന് റിപ്പോര്‍ട്ട് നല്‍കിയത്. 255-ന് എതിരെ 378 പേര്‍ അബോര്‍ഷന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.