മൊസാംബിക്കിലെ ജനങ്ങള്‍ക്ക് പാപ്പായുടെ അഭിവാദ്യങ്ങള്‍

തെക്കു-കിഴക്കേ ആഫ്രിക്കന്‍ നാടായ മൊസാംബിക്കിലെ ജനങ്ങള്‍ക്ക് പാപ്പായുടെ വീഡിയോ സന്ദേശം. തന്‍റെ മുപ്പത്തിയൊന്നാം വിദേശ അപ്പസ്തോലിക പര്യടനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മൂന്നു രാഷ്ട്രങ്ങളില്‍, താന്‍ ആദ്യമെത്തുന്ന നാടെന്ന നിലയിലാണ് ഫ്രാന്‍സിസ് പാപ്പാ അന്നാട്ടിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ ഈ സന്ദേശം നല്കിയരിക്കുന്നത്. വെള്ളിയാഴ്ചയാണ് ഈ സന്ദേശം പരസ്യപ്പെടുത്തിയത്.

നാലാം തീയതി ബുധനാഴ്ച (04/09/19) അന്നാട്ടിലെത്തുന്ന പാപ്പാ, ആറാം തീയതി വെള്ളിയാഴ്ച മഡഗാസ്ക്കറിലേയ്ക്കും അവിടെ നിന്ന് ഒൻപതാം തീയതി മൗറീഷ്യസിലേയ്ക്കും  പോകും. മൊസാംബിക്കില്‍ തന്‍റെ ഈ ഇടയസന്ദര്‍ശനം തലസ്ഥാന നഗരിയായ മപ്പൂത്തൊയില്‍ ഒതുങ്ങിനില്‍ക്കുന്നതാണെങ്കിലും തന്‍റെ ഹൃദയം അന്നാട്ടിലെ ജനങ്ങള്‍ എല്ലാവരുടെയും പക്കലെത്തുകയും ഏവരെയും ആശ്ലേഷിക്കുകയും ചെയ്യുന്നുവെന്നും ക്ലേശിതര്‍ക്ക് തന്‍റെ ഹൃദയത്തില്‍ സവിശേഷ സ്ഥാനമുണ്ടെന്നും പാപ്പാ തന്റെ സന്ദേശത്തില്‍ പറയുന്നു.

മൊസാംബിക്കിന്‍റെ പ്രസിഡന്‍റിന്‍റെയും അന്നാട്ടിലെ കത്തോലിക്കാ മെത്രാന്മാരുടെയും ക്ഷണം സ്വീകരിച്ചു കൊണ്ടാണ് താന്‍ അവിടെ എത്തുകയെന്ന് വെളിപ്പെടുത്തുന്ന പാപ്പാ, മൊസാംബിക്കിലും ആഫ്രിക്കയില്‍ ആകമാനവും സാഹോദര്യ അനുരഞ്ജനം സുദൃഢമാക്കപ്പെടുന്നതിനായുള്ള തന്റെ പ്രാര്‍ത്ഥനയില്‍ ഒന്നുചേരാന്‍ എല്ലാവരെയും ക്ഷണിക്കുന്നു. ഈ അനുരഞ്ജനമാണ് സുദൃഢവും സ്ഥായിയുമായ സമാധാനത്തിനുള്ള ഏക പ്രത്യാശയെന്നും പാപ്പാ കൂട്ടിച്ചേര്‍ക്കുന്നു.

തന്‍റെ മുന്‍ഗാമിയായ വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പാ അന്നാട്ടില്‍ വിതച്ച വിത്തുകള്‍ എങ്ങനെ വളരുന്നുവെന്ന് നേരിട്ടു കാണാനുള്ള അവസരം ഈ സന്ദര്‍ശനം തനിക്ക് ഏകുമെന്ന സന്തോഷവും പാപ്പാ പ്രകടിപ്പിക്കുന്നു. 1988 സെപ്റ്റംബറിലായിരുന്നു വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പാ മൊസാംബിക്ക് സന്ദര്‍ശിച്ചത്. ദൈവത്തിന്‍റെ അനുഗ്രഹവും അമ്മയായ പരിശുദ്ധ കന്യകാ മറിയത്തിന്‍റെ സംരക്ഷണവും മൊസാംബിക്കുനു വേണ്ടി പ്രാര്‍ത്ഥച്ചു കൊണ്ടാണ് ഫ്രാന്‍സിസ് പാപ്പാ തന്‍റെ വീഡിയോ സന്ദേശം ഉപസംഹരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.