പ്രാര്‍ത്ഥന – ക്രിസ്തീയജീവിതത്തിന്‍റെ പ്രാണവായു

പ്രാര്‍ത്ഥന കൂടാതെ യേശുവിന്‍റെ ശിഷ്യനാകുവാന്‍ സാധിക്കുകയില്ല എന്ന് ഫ്രാന്‍സിസ് പാപ്പാ. ബുധനാഴ്ച നടന്ന ജനറല്‍ ഓഡിയന്‍സിലാണ് പാപ്പാ പ്രാര്‍ത്ഥനയുടെ ശക്തിയെക്കുറിച്ച് സൂചിപ്പിച്ചത്.

പ്രാര്‍ത്ഥനയുടെ അഭാവത്തില്‍ നമുക്ക് ക്രൈസ്തവരായിരിക്കാനും സാധിക്കില്ല. പ്രാര്‍ത്ഥന പ്രാണവായുവാണ്, ക്രിസ്തീയജീവിതത്തിന്‍റെ ശ്വാസകോശമാണ് പ്രാര്‍ത്ഥന. അടച്ചിരിക്കുവാനുള്ള ശിഷ്യന്മാരുടെ പ്രവണതയെ വച്ചുപൊറുപ്പിക്കാത്ത ഒരു തള്ളിക്കയറ്റമായിരുന്നു ദൈവത്തിന്‍റെ കടന്നുവരവ് – പാപ്പാ വ്യക്തമാക്കി. ബലഹീനവും കര്‍ത്താവിനെ നിഷേധിക്കുക പോലും ചെയ്ത പത്രോസിന്‍റെ വാക്കുകള്‍ പരിശുദ്ധാത്മാവിന്‍റെ അഗ്നിയിലൂടെ കടന്നുപോയപ്പോള്‍ ശക്തിയാര്‍ജ്ജിച്ചു, ഹൃദയങ്ങളില്‍ തുളച്ചുകയറാന്‍ പ്രാപ്തമായി, ഹൃദയങ്ങളെ മാനസാന്തരത്തിലേയ്ക്കു നയിക്കാന്‍ കഴിവുറ്റവയായി.

ലോകത്തില്‍ ബലഹീനമായവയെ ആണ് വാസ്തവത്തില്‍, ശക്തരെ സംഭ്രാന്തിയിലാഴ്ത്താന്‍ ദൈവം തിരഞ്ഞെടുക്കുന്നത്. ആകയാല്‍ സഭ ജന്മം കൊള്ളുന്നത് സ്നേഹാഗ്നിയില്‍ നിന്നാണ്, പന്തക്കൂസ്തായില്‍ പടര്‍ന്നുപിടിക്കുന്ന അഗ്നിയില്‍ നിന്നാണ്. പാപ്പാ ഓര്‍മിപ്പിച്ചു.

നമ്മുടെ ഹൃദയങ്ങളെ വിശാലമാക്കുകയും നമ്മുടെ വികാരവിചാരങ്ങളെ ക്രിസ്തുവിന്റേതിനോട് പൊരുത്തപ്പെടുത്തുകയും ചെയ്യുന്ന നവമായൊരു പന്തക്കുസ്താനുഭവം പകരാനായി നമുക്ക് കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കാം. അപ്രകാരം നമുക്ക് രൂപാന്തരീകരണശക്തിയുള്ള അവിടത്തെ വചനം ലജ്ജ കൂടാതെ പ്രഘോഷിക്കുന്നതിനും നാം കണ്ടുമുട്ടുന്ന സകലത്തിലൂടെയും ജീവനെക്കുറിച്ച് നമ്മെ ഓര്‍മ്മപ്പെടുത്തുന്ന സ്നേഹത്തിന്‍റെ ശക്തിക്ക് സാക്ഷ്യമേകുന്നതിനും നമുക്ക് സാധിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം അവസാനിപ്പിച്ചത്.