കോവിഡിനെതിരെ പോരാടുന്ന ഇന്ത്യന്‍ ജനതയോടുള്ള കരുതലും സ്‌നേഹവും അറിയിച്ച് മാര്‍പാപ്പ

ഇന്ത്യന്‍ ജനതയോടുള്ള തന്റെ കരുതലും സ്‌നേഹവും അറിയിച്ച് ഫ്രാന്‍സിസ് പാപ്പാ. കോവിഡ് 19 അതിന്റെ രണ്ടാം തരംഗത്തില്‍ അതിതീവ്രമായി രാജ്യത്ത് വ്യാപിച്ചിരിക്കുകയും അനേകര്‍ ജീവനുവേണ്ടി പടപൊരുതുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പാപ്പാ ഇന്ത്യയിലെ ജനങ്ങളെ തന്റെ സാമീപ്യവും സ്‌നേഹവും അറിയിച്ചത്.

“ആരോഗ്യ അടിയന്താരവസ്ഥ സംജാതമായിരിക്കുന്ന സാഹചര്യത്തില്‍ അനേകര്‍ ദുരിതമനുഭവിക്കുന്നു എന്ന് മനസിലാക്കുന്നു. നിങ്ങളോരോരുത്തരേയും എന്റെ സ്‌നേഹവും ആത്മീയസാമീപ്യവും അറിയിക്കുന്നു. മഹാമാരിയില്‍ ദുരിതമനുഭവിക്കുന്ന എല്ലാവര്‍ക്കും ദൈവത്തില്‍ നിന്നുള്ള സൗഖ്യവും ആശ്വാസവും ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു” – സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ് മുഖേന നല്‍കിയ സന്ദേശത്തില്‍ പാപ്പാ പറഞ്ഞു.

രോഗികളായവരേയും അവരുടെ കുടുംബാംഗങ്ങളേയും അവരെ ശുശ്രൂഷിക്കുന്നവരേയും പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ വേദനിക്കുന്നവരേയും പാപ്പാ തന്റെ സ്‌നേഹസാമീപ്യം പ്രത്യേകമായി അറിയിച്ചു. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആബുംലന്‍സ് ഡ്രൈവര്‍മാര്‍ തുടങ്ങിയ, സഹോദരര്‍ക്കായി വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരേയും പാപ്പാ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുകയും അവര്‍ക്ക് തുടര്‍ന്നും ജോലി ചെയ്യാനുള്ള ശക്തിയും സമാധാനവും ഉണ്ടാവട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഭാരതത്തിലെ കത്തോലിക്കാ സഭ നടത്തിവരുന്ന സേവനങ്ങളേയും ചാരിറ്റി പ്രവര്‍ത്തനങ്ങളേയും പാപ്പാ അഭിനന്ദിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.