‘പരിഹാരങ്ങളുടെ വാതിൽ തുറക്കുവാൻ കഴിയുമോ?’ മൊസാംബിക്കിലെ സഭയ്ക്ക് പാപ്പായുടെ ചലഞ്ച്

ആഫ്രിക്കൻ പര്യടനത്തിൽ മൊസാംബിക്കിലെ ജനത്തിന്റെ മുന്നിൽ ഒരു വലിയ വെല്ലുവിളി മുന്നോട്ടു വച്ച് ഫ്രാൻസിസ് പാപ്പാ. പ്രതിസന്ധികൾക്കു മുന്നിലും ‘സാധ്യതകളുടെ – പരിഹാരങ്ങളുടെ വാതിൽ കണ്ടെത്താൻ കഴിയുമോ’ എന്ന വലിയ ഒരു വെല്ലുവിളിയാണ് സമാധാനകാംക്ഷിയായ പാപ്പാ,  സഭാധികാരികളുടെയും വൈദികരുടെയും സന്യസ്തരുടെയും അത്മായ വിശ്വാസികളുടെയും മുന്നിലേയ്ക്ക് വച്ചത്.

വിഘടനങ്ങളുടെയും സംഘർഷങ്ങളുടെയും ഭാഗമായി മാറുന്നതിൽ നിന്ന് വൈദികരും മെത്രാന്മാരും അകന്നു നിൽക്കണം. എന്നാൽ, മറ്റുള്ളവരെ സന്ദർശിക്കുവാനും സമാധാനത്തിന്റെ പാതയിലേയ്ക്ക് നയിക്കുവാനും പ്രശ്നങ്ങളിൽ പരിഹാരം കാണുവാനും ശ്രമിക്കേണ്ടതാണ്. മൊസാംബിക്കിലെ സഭ എവിടെയും കടന്നുചെല്ലുന്നവരുടെ സമൂഹമാകുവാൻ വിളിക്കപ്പെട്ടിരിക്കുന്നു. അതിനാൽ തന്നെ ഒരു തരത്തിലുള്ള മാത്സര്യമോ, അപമര്യാദയോടെയുള്ള പെരുമാറ്റമോ, കലഹത്തിന്റേതായ മനോഭാവമോ ക്രിസ്ത്യാനികളുടെ ഇടയിൽ ഉണ്ടാകരുത്. അവയിൽ ഒന്നും ഭാഗഭാക്കുകൾ ആകുകയും അരുത്. എപ്പോഴും പ്രശ്നപരിഹാരത്തിനുള്ള സാധ്യതകളുടെ തുറന്ന വാതിൽ നിങ്ങൾക്കു മുന്നിലുണ്ടാകണം – പാപ്പാ ഓർമ്മിപ്പിച്ചു.

കലഹവും മാത്സര്യവും യുദ്ധത്തിലേയ്ക്ക് എത്തുന്നതിന് നിങ്ങൾ തന്നെ സാക്ഷികളാണ്. അതിനാൽ മറ്റുള്ളവരെ സന്ദർശിക്കുവാൻ നിങ്ങൾ എപ്പോഴും തയ്യാറാകുക. കാരണം, അത് മനുഷ്യർ തമ്മിലുള്ള അകലം കുറയ്ക്കും. പരിശുദ്ധ അമ്മ, എലിസബത്തിനെ സന്ദർശിക്കുന്നതായി വിശുദ്ധ ഗ്രന്ഥത്തിൽ കാണുന്നുണ്ട്. സന്ദർശനം അകലം കുറയ്ക്കുകയും ബന്ധം ആഴത്തിലുള്ളതാക്കുകയും ചെയ്യുന്നു – പാപ്പാ ചൂണ്ടിക്കാട്ടി.