
സഭയ്ക്ക് നിങ്ങളെ ആവശ്യമുണ്ടെന്ന്, ജോലിസ്ഥലത്ത് സുവിശേഷം ജീവിക്കാൻ ആഗ്രഹിക്കുന്ന ബിസിനസ്സ് മേധാവികളോടായി ഫ്രാൻസിസ് പാപ്പാ. ജനുവരി ഏഴിന് ഫ്രഞ്ച് കത്തോലിക്കാ സംരംഭകരുമായി വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.
“ഒരു മത്സരാധിഷ്ഠിത ലോകത്ത് സുവിശേഷം ജീവിക്കാൻ ബുദ്ധിമുട്ടാണെന്ന് ഞാൻ മനസ്സിലാക്കുന്നു. നിങ്ങളുടെ പ്രാർത്ഥനാജീവിതത്തിലൂടെയും നിങ്ങളുടെ ദൈനംദിന ജോലിയിലൂടെയും നിങ്ങളുടെ നോട്ടം ക്രിസ്തുവിൽ ഉറപ്പിക്കണം. കുരിശിൽ കിടന്ന് അവസാനം വരെ സ്നേഹിക്കുകയും തന്റെ ദൗത്യം ജീവൻ വെടിയുന്നതു വരെ നിറവേറ്റുകയും ചെയ്തവനാണ് ക്രിസ്തു. നിങ്ങളുടെ ജീവിതത്തെ നയിക്കാൻ പരിശുദ്ധാത്മാവിനെ വിളിക്കുന്നതിൽ നിങ്ങൾ മടിക്കരുത്” – പാപ്പാ പറഞ്ഞു.
തങ്ങളുടെ ജീവനക്കാരോട് അടുത്ത് ഇടപഴകാനും അവരുടെ ജീവിതത്തിൽ താൽപര്യം കാണിക്കാനും അവരുടെ ബുദ്ധിമുട്ടുകൾ, കഷ്ടപ്പാടുകൾ, ഉത്കണ്ഠകൾ, സന്തോഷങ്ങൾ, പദ്ധതികൾ, പ്രതീക്ഷകൾ എന്നിവയെക്കുറിച്ച് അറിവുള്ളവരായിരിക്കാനും ക്രൈസ്തവ ബിസിനസ്സ് മേധാവികളോട് പാപ്പാ ആവശ്യപ്പെട്ടു.