വി. ഡോമിനിക് എല്ലാ മിഷനറിമാര്‍ക്കും മാതൃക: മാര്‍പാപ്പ

ജ്ഞാനസ്‌നാനം സ്വീകരിച്ച എല്ലാവര്‍ക്കും, മിഷനറി ശിഷ്യരായി വിളിക്കപ്പെട്ടിരിക്കുന്നവര്‍ക്കും സുവിശേഷത്തിന്റെ വെളിച്ചവുമായി ലോകാതിര്‍ത്തികള്‍ വരെയും സഞ്ചരിക്കാനും ക്രിസ്തുവിന്റെ സ്‌നേഹം എല്ലാവര്‍ക്കും പകരാനും ഓര്‍ഡര്‍ ഓഫ് പ്രീച്ചേഴ്‌സ് സഭാസ്ഥാപകനായ വി. ഡോമിനിക്കിന്റെ മാതൃക ഇന്നും പ്രചോദനമാണെന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. വിശുദ്ധന്റെ 800- ാം മരണത്തിരുനാള്‍ ദിനത്തില്‍ ഡോമിനിക്കന്‍ സഭയുടെ മാസ്റ്റര്‍ ജനറലിന് അയച്ച സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“മിഷനറിമാരാകാന്‍ വിളിക്കപ്പെട്ടിരിക്കുന്ന എല്ലാ ക്രൈസ്തവര്‍ക്കും വി. ഡോമിനിക്കിന്റെ ജീവിതം മാതൃകയും ധൈര്യവും പകരും. പുതുമയും ഊര്‍ജ്ജസ്വലതയും നിറഞ്ഞ സുവിശേഷപ്രഘോഷണമായിരുന്നു വിശുദ്ധന്റേത്. വ്യക്തമായ ജീവിതസാക്ഷ്യത്തിലൂടെ വിശുദ്ധിയിലേയ്ക്കുള്ള ആഹ്വാനവും സഭയില്‍ അദ്ദേഹം നടത്തി. വിശ്വാസവും സേവനവും ഒന്നിച്ചു ചേരുന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതരീതി.

ഡോമിനിക്കന്‍ സഭാംഗങ്ങളുടെ ജീവിതവും സത്യത്തിലും സ്‌നേഹത്തിലും അധിഷ്ഠിതമാണ്. മനുഷ്യാന്തസ്സിനു വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും പോരാടിയ അനേകം ഡോമിനിക്കന്‍ പിന്‍ഗാമികളും സഭയില്‍ ഉണ്ടായിട്ടുണ്ട്. ഇനിയും സുവിശേഷത്തിന്റെ നവമായ പ്രഘോഷണത്തിനായി വി. ഡോമിനിക്കിന്റെ പിന്‍ഗാമികളായ നിങ്ങളോരോരുത്തരും മുന്‍നിരയില്‍ തന്നെ ഉണ്ടായിരിക്കുക” – പാപ്പാ തന്റെ സന്ദേശത്തില്‍ പറഞ്ഞു. ഡോമിനിക്കന്‍ സഭാംഗങ്ങള്‍ നല്‍കിവരുന്ന സ്തുത്യര്‍ഹസേവനങ്ങള്‍ക്ക് പാപ്പാ നന്ദി അര്‍പ്പിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.