ഭൂമിയ്ക്ക് ഏറ്റിരിക്കുന്ന മുറിവുകള്‍ നമ്മുടേയും ചോരയൊലിക്കുന്ന മുറിവുകളാണ്: ആഗോള പരിസ്ഥിതിദിന സന്ദേശത്തില്‍ മാര്‍പാപ്പ

മഹാ മാനവകുടുംബം എന്ന നിലയില്‍ ഐക്യത്തില്‍ ജീവിക്കാനുള്ള നൂതനവഴികള്‍ പ്രതികൂല സാഹചര്യങ്ങളില്‍ എന്നും തുറന്നുകിട്ടുമെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നതാണ് ഇന്നത്തെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ എന്ന് മാര്‍പ്പാപ്പാ.

അനുവര്‍ഷം ജൂണ്‍ 5-ന് ലോകപരിസ്ഥിതി ദിനം ആചരിക്കപ്പെടുന്നതിനോട് അനുബന്ധിച്ച് ഇക്കൊല്ലത്തെ വേദിയായ കൊളംബിയായുടെ പ്രസിഡന്റ് ഇവാന്‍ ദുക്വെ മാര്‍ക്വെസിന് അയച്ച സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ അന്നാടിന്റെ തലസ്ഥാനമായ ബൊഗൊട്ടയില്‍ സംഘടിപ്പിക്കപ്പെടേണ്ടിയിരുന്ന ലോകപരിസ്ഥിതി ദിനാചരണം ഇത്തവണ കോവിഡ്-19 മഹാമാരി മൂലം വിനിമയ മാധ്യമങ്ങളിലൂടെ മാത്രമാക്കേണ്ടി വന്നതിനെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് ഇത് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

പരിസ്ഥിതി പരിപാലനവും ഭൂമിയിലെ ജൈവവൈവിധ്യത്തോടുള്ള ആദരവും നമ്മെ എല്ലാവരെയും ബാധിക്കുന്ന കാര്യമാണെന്ന് ഓര്‍മ്മിപ്പിക്കുന്ന പാപ്പാ, രോഗഗ്രസ്തമായ ഒരു ലോകത്തില്‍ നമ്മള്‍ ആരോഗ്യത്തോടെയാണ് ജീവിക്കുന്നതെന്ന് നടിക്കാനാകില്ലെന്നും പറയുന്നു. നമ്മുടെ ഭൂമിമാതാവിനേറ്റിരിക്കുന്ന മുറിവുകള്‍ നമ്മുടെയും ചോരയൊലിക്കുന്ന മുറിവുകളാണെന്ന് പാപ്പാ കത്തില്‍ കുറിച്ചിരിക്കുന്നു. നമ്മുടെ ഗൃഹത്തോടുള്ള മനോഭാവം നിലവിലുള്ള അതിന്റെ ഗുരുതരാവസ്ഥയെക്കുറിച്ചുള്ള ആശങ്ക നമ്മില്‍ ഉളവാക്കണമെന്നും അദ്ദേഹം പറയുന്നു.

ആവാസവ്യവസ്ഥയെ പരിപാലിക്കുകയെന്നത് ഭാവിയെക്കുറിച്ച് ദീര്‍ഘവീക്ഷണം പുലര്‍ത്തുകയാണെന്നും ഈ നോട്ടം ക്ഷണികമായവയിലേയ്ക്കോ അനായസേന ഞൊടിയിടയില്‍ ലാഭം കൊയ്യുന്നതിലേയ്ക്കോ ഉള്ളതല്ല. പ്രത്യുത, ജീവനെയും സകലരുടെയും നന്മയ്ക്കായി ജീവനെ സംരക്ഷിക്കുന്നതിനെയും സംബന്ധിച്ചതാണെന്നും പാപ്പാ ഉദ്‌ബോധിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.