പരിശുദ്ധ മറിയത്തിലും അവളുടെ പുത്രനായ ഈശോയിലും ആശ്രയം കണ്ടെത്താന്‍ വിശ്വാസികളെ ക്ഷണിച്ച് മാര്‍പാപ്പ

പരിശുദ്ധ മറിയത്തിലും അവളുടെ പുത്രനായ ഈശോയിലും ആശ്രയം കണ്ടെത്താന്‍ വിശ്വാസികളെ ക്ഷണിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. പരിശുദ്ധ കന്യകാമറിയത്തെപ്പോലെ ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനും അതിരുകളില്ലാത്ത സഹോദര്യത്തിലേക്ക് വളരാനും പാപ്പാ വിശ്വാസികളെ ആഹ്വാനം ചെയ്തു. ‘മറിയം, ഇന്നത്തെ ദൈവശാസ്ത്രങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കുമിടയില്‍; മാതൃകകള്‍, ആശയവിനിമയങ്ങള്‍, കാഴ്ചപ്പാടുകള്‍’ എന്ന വിഷയത്തില്‍ അന്താരാഷ്ട്ര പൊന്തിഫിക്കല്‍ മരിയന്‍ അക്കാദമി (Pontifical Academy of Mary) ഒരുക്കിയ 25- ാമത് മരിയന്‍ സമ്മേളനത്തിലേക്കയച്ച സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

സുവിശേഷത്തെ പിഞ്ചെല്ലുന്നതിലൂടെയും മാനവികതയുടെയും ഭൂമിയുടെയും പൊതുനന്മയ്ക്കായുള്ള സേവനത്തിലൂടെയും പരിശുദ്ധ കന്യകാമറിയം സ്വരമില്ലാത്തവരുടെ സ്വരം കേള്‍ക്കാന്‍ നമ്മെ പഠിപ്പിക്കുകയും അവള്‍ തന്നെ ആ സ്വരമായി മാറുകയും ചെയ്യുന്നുവെന്നും നമ്മുടെ സമൂഹങ്ങള്‍ വലിച്ചെറിഞ്ഞവര്‍ക്കും സ്ഥാനം ലഭിക്കുന്ന ഒരു പുതിയ ലോകത്തിന്റെ പിറവിക്കായി നമ്മെ പരിശുദ്ധ അമ്മ പഠിപ്പിക്കുകയും ചെയ്യുന്നുവെന്നും തന്റെ തന്നെ ചാക്രികലേഖനം ഫ്രത്തെല്ലി തൂത്തി ഉദ്ധരിച്ചുകൊണ്ട് പാപ്പാ കൂട്ടിച്ചേര്‍ത്തു.

പകര്‍ച്ചവ്യാധിയാല്‍ ബുദ്ധിമുട്ടുന്ന നമ്മുടെ സഹോദരങ്ങളുടെ നിശബ്ദമായ നിലവിളി നമ്മുടെ സന്തോഷങ്ങള്‍ക്കിടയില്‍ നാം മറന്നുപോകരുതെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. ദൈവത്തില്‍ നിന്നു വരുന്ന യഥാര്‍ത്ഥ സന്തോഷം സമൂഹത്താല്‍ മറക്കപ്പെട്ടവരുടെ ശബ്ദത്തിന് ഇടം നല്‍കുന്നുവെന്നും അത് അവരോടൊപ്പം മെച്ചപ്പെട്ട ഒരു ഭാവി പടുത്തുയര്‍ത്താന്‍ സാധിക്കുന്നതിനു വേണ്ടിയാണെന്നും പാപ്പാ പറഞ്ഞു. ഭിന്നതകള്‍ ഉണ്ടാക്കുന്ന മതില്‍ക്കെട്ടുകള്‍ ഭേദിക്കാന്‍ കഴിയുന്ന ഒരു സംസ്‌കാരത്തിന്റെ അടയാളമായി മറിയത്തിന്റെ വ്യക്തിത്വം നിലനില്‍ക്കുന്നുവെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

1946 ജൂലൈ മാസത്തില്‍ ഫ്രാന്‍സിസ്‌കന്‍ സഭ ആരംഭിച്ച മരിയന്‍ അക്കാദമിക്ക് 1959 ഡിസംബര്‍ 8 -ന് ജോണ്‍ 23-മന്‍ പാപ്പായാണ് പൊന്തിഫിക്കല്‍ പദവി നല്‍കിയത്. തങ്ങളുടെ നീണ്ട എഴുപതു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പല മരിയന്‍ ചിന്തകരെയും ഇതുപോലുള്ള മരിയന്‍ സമ്മേളനങ്ങളിലൂടെ ഒരുമിച്ചുകൂട്ടുന്ന പൊന്തിഫിക്കല്‍ മരിയന്‍ അക്കാദമി, മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ പുതിയ ചിന്തകളും ഉള്‍ക്കാഴ്ചകളും സംഭാവന ചെയ്യുന്നതില്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.