എവിടെ ആയിരുന്നാലും മാറ്റം സൃഷ്ടിക്കുക: പാപ്പാ

മനോബലം, പ്രത്യാശ, സർഗ്ഗാത്മകത, ധൈര്യം എന്നിവ ക്രൈസ്തവ ആത്മീയതയുടെ രൂപരേഖയാണെന്ന് മാർപ്പാപ്പാ. നവംബർ 25-28 വരെ ഇറ്റലിയിലെ വെറോണയിൽ സംഘടിപ്പിച്ചിരിക്കുന്ന സഭയുടെ പതിനൊന്നാം സാമൂഹ്യപ്രബോധനോത്സവത്തിന്, അതിൻറെ ഉദ്ഘാടനദിനത്തിൽ നല്കിയ വീഡിയൊ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

‘പ്രത്യാശയിൽ ആത്മബലമുള്ളവരും ധൈര്യത്തോടു കൂടി സർഗ്ഗാത്മകതയുള്ളവരും’ എന്നതാണ് സാമൂഹ്യപ്രബോധനോത്സവത്തിൻറെ ആദർശ പ്രമേയം. മനോബലം, പ്രത്യാശ, സർഗ്ഗാത്മകത, ധൈര്യം എന്നിവ പര്യായങ്ങളല്ല മറിച്ച് മനുഷ്യാത്മാവിനെ ശക്തിപ്പെടുത്തുന്ന നിയോഗങ്ങൾ, സദ്ഗുണങ്ങൾ, തുറന്ന മനസ്സ്, യാഥാർത്ഥ്യത്തെക്കുറിച്ചുള്ള വീക്ഷണങ്ങൾ എന്നിവ തമ്മിലുള്ള ബന്ധത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നും പാപ്പാ വിശദീകരിക്കുന്നു.

ക്രൈസ്തവനായിരിക്കുന്നതിന് ആത്മധൈര്യം ആവശ്യമാണെന്ന് യേശു താലന്തുകളുടെ ഉപയിലൂടെ ചൂണ്ടിക്കാട്ടുന്നതും കോവിദ് 19 മഹാമാരിയോട് ജനങ്ങൾ ജീവൻ പോലും അപകടപ്പെടുത്തി ധൈര്യത്തോടെ പ്രതികരിച്ചതും നമ്മുടെ ജീവിതം സാധാരണജനങ്ങളാൽ ഇഴചേർക്കപ്പെട്ടതും താങ്ങിനിറുത്തപ്പെട്ടതുമാണെന്ന് നാം മനസ്സിലാക്കിത്തുടങ്ങിയതും പാപ്പാ സന്ദേശത്തിൽ അനുസ്മരിക്കുന്നു.

ഒരാളുടെ കഴിവുകൾ എത്രയെന്നോ എന്താണെന്നോ എന്നത് പ്രശ്നമല്ലയെന്നും അവയെ വർദ്ധിപ്പിക്കുന്നതിന് നിക്ഷേപിക്കാൻ സാഹസികതയോടെ തുനിയണമെന്ന് യേശു ആവശ്യപ്പെടുന്നുവെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു. ഉള്ളത് കാത്തുസൂക്ഷിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ നാം സ്വയം അടച്ചിടുമ്പോൾ, സുവിശേഷത്തിൻറെ ദൃഷ്ടിയിൽ നാം പരാജിതരാണെന്നും പാപ്പാ പറയുന്നു. ധീരതയാർന്ന പ്രത്യാശയിൽ മുന്നേറാനുള്ള തൻറെ ക്ഷണം നവീകരിച്ച പാപ്പാ, ഈ പ്രത്യാശ മറുതീരത്ത് നങ്കൂരമിടലാണെന്ന തൻറെ ആശയം ആവർത്തിക്കുകയും ഈ ധൈര്യമാണ് പുതിയ പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകുകയും കഴിവുകളെ നയിക്കുകയും പ്രതിബദ്ധതയെ ഉത്തേജിപ്പിക്കുകയും ജീവിതത്തെ ചൈതന്യമുറ്റതാക്കുകയും ചെയ്യുന്നതെന്ന് ഉദ്ബോധിപ്പിക്കുന്നു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.