ശ്രവണം സാമൂഹ്യമൈത്രിക്ക് അനുപേക്ഷണീയം: മാര്‍പാപ്പ

സകലത്തിന്റെയും മേല്‍ ആധിപത്യം പുലര്‍ത്തുന്ന സിദ്ധാന്തങ്ങളും അപരനെ ഇല്ലായ്മ ചെയ്യുന്നതും അപരനെ അവന്റെ സ്ഥാനത്തിരിക്കാന്‍ അനുവദിക്കാത്തതുമായ മനഃക്ഷോഭങ്ങളുമാണ് സാമൂഹ്യസൗഹൃദത്തിന്റെ രണ്ടു വലിയ ശത്രുക്കളെന്ന് മാര്‍പാപ്പ. തന്റെ ജന്മനാടായ അര്‍ജന്റീനയില്‍ ആചരിച്ച ഇരുപത്തിമൂന്നാം സാമൂഹ്യ അജപാലനദിനത്തിനു നല്‍കിയ വീഡിയോ സന്ദേശത്തിലാണ്, ഫ്രാന്‍സിസ് പാപ്പാ നമ്മുടെ പ്രവണതകളെയും പാപാവസ്ഥയെയും കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചത്.

പാപവും നമ്മുടെ പ്രവണതകളും മൂലം നാം എല്ലായ്‌പ്പോഴും ചരിക്കുന്നത് ശത്രുതയിലേയ്ക്കാണെന്നും ആകയാല്‍, സാമൂഹ്യമൈത്രി എന്ന വിഷയം തന്നില്‍ ആശങ്കയുളവാക്കുന്നുവെന്നും പാപ്പാ പറഞ്ഞു. ലോകത്തിലേയ്ക്കൊന്നു കണ്ണോടിച്ചാല്‍ നാം എവിടെയും കാണുന്നത് യുദ്ധം, ശകലിത യുദ്ധങ്ങള്‍ ആണെന്നും ഇത് സാമൂഹ്യസൗഹൃദമല്ലെന്നും പാപ്പാ വിശദീകരിച്ചു. സംഭാഷണത്തിലേര്‍പ്പടാന്‍ അറിയാത്തതും ആക്രോശിക്കുന്നതുമായ അനേകം നാടുകളുണ്ടെന്ന വസ്തുതയും പാപ്പാ അനുസ്മരിച്ചു. തന്റെ ആശയം അപരന്‍ പറഞ്ഞുകഴിയുന്നതിനു മുമ്പു തന്നെ, അവനെ ശ്രവിക്കാതെ നാം പ്രത്യുത്തരിക്കുന്ന അവസ്ഥയാണുള്ളതെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. ശ്രവണത്തിന്റെ അഭാവത്തില്‍ അല്ലെങ്കില്‍ അപരനെ ശ്രവിക്കാത്തപക്ഷം സാമൂഹ്യമൈത്രി സാധ്യമല്ലയെന്നും അപരനെ കേള്‍ക്കണമെങ്കില്‍ അവന് തന്നോടു പറയാന്‍ എന്തെങ്കിലും നല്ല കാര്യം ഉണ്ടായിരിക്കുമെന്ന ബോധ്യം ഒരുവന്റെ ഹൃദയത്തിലുണ്ടാകേണ്ടത് ആവശ്യമാണെന്നും പാപ്പാ വ്യക്തമാക്കി.

സകലത്തിന്റെയും മേല്‍ ആധിപത്യം പുലര്‍ത്തുന്ന സിദ്ധാന്തങ്ങളും അതുപോലെ തന്നെ പലപ്പോഴും അപരനെ ഇല്ലായ്മ ചെയ്യുന്നതും അപരനെ അവന്റെ സ്ഥാനത്തിരിക്കാന്‍ അനുവദിക്കാത്തതുമായ മനഃക്ഷോഭങ്ങളുമാണ് സാമൂഹ്യസൗഹൃദത്തിന്റെ രണ്ടു വലിയ ശത്രുക്കളെന്ന് പാപ്പാ അഭിപ്രായപ്പെട്ടു. മനുഷ്യപ്രകൃതിയുടെ ദൃഢതയെ ബലഹീനമാക്കാന്‍ സിദ്ധാന്തങ്ങള്‍ക്കാകുമെന്നും പാപ്പാ വിശദീകരിച്ചു. ഇവ രണ്ടും അതായത്, സിദ്ധാന്തങ്ങളും മനഃക്ഷോഭങ്ങളും ലോകമെമ്പാടും സാമൂഹ്യമൈത്രിക്ക് എതിരാകുന്നുണ്ടെന്ന് പാപ്പാ വ്യക്തമാക്കി.

യുദ്ധത്തിനു പുറമെ കുഞ്ഞുങ്ങള്‍ക്ക് വിദ്യാലയങ്ങളില്‍ പോകാനാവാത്ത അവസ്ഥ, പട്ടിണി, ആരോഗ്യപരിപാലന സംവിധാനങ്ങളുടെ അഭാവം, ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യത, മാന്യമായ ജീവിതം നയിക്കുന്നതിന് അനിവാര്യമായ ഏറ്റം ചുരുങ്ങിയ കാര്യങ്ങള്‍ പോലും ഇല്ലാത്ത അവസ്ഥ എന്നിവ മൂലം കഷ്ടപ്പെടുന്നവരെ സമൂഹത്തിന്റെ അരികുകളില്‍ കാണാന്‍ കഴിയുന്നതിനെക്കുറിച്ചും പാപ്പാ പരാമര്‍ശിച്ചു. ഇവയൊക്കെയാണ് ലോകത്തില്‍ സാമൂഹ്യമൈത്രിയുടെ അഭാവത്തിന്റെ അടയാളങ്ങളെന്നും പാപ്പാ പറഞ്ഞു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.