‘പാപ്പായുടെ വീഡിയോ’ അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നു

മാസം തോറും ഫ്രാന്‍സിസ് പാപ്പാ നല്‍കിവരുന്ന പ്രാര്‍ത്ഥനാനിയോഗം ഉള്‍പ്പെടുന്ന വീഡിയോ സന്ദേശങ്ങള്‍ എന്ന സംരഭത്തിന് അഞ്ച് വയസ്സ്. ആഗോളതലത്തിലുള്ള ഈ സംരംഭം അഞ്ചാം വര്‍ഷത്തില്‍ എത്തിനില്‍ക്കുമ്പോള്‍ 23 ഭാഷകളിലേയ്ക്കു കൂടി അതിന്റെ പ്രശസ്തിയും പ്രസക്തിയും എത്തിയിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

പാപ്പായുടെ പ്രാര്‍ത്ഥനാനിയോഗത്തിന്റെ വീഡിയോ 155 ദശലക്ഷത്തിലധികം ആളുകളിലേയ്ക്ക് വിവിധ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇപ്പോള്‍ എത്തിച്ചേരുന്നുണ്ട്. കൂടാതെ 17,500 അന്തര്‍ദേശീയ മാധ്യമങ്ങള്‍ അവ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. 2016-ല്‍ ആരംഭിച്ച പോപ്പ് വീഡിയോ 9 ഔദ്യോഗികഭാഷകളില്‍ മാത്രമായിരുന്നു ലഭ്യമാക്കിയിരുന്നത്. പിന്നീട് വിവിധ ഭാഷകളില്‍ കൂടി പ്രക്ഷേപണം ചെയ്തു തുടങ്ങി. സംരംഭത്തിന് 5 വര്‍ഷം തികയുന്നതു പ്രമാണിച്ച് ഈ വര്‍ഷം ഫിലിപ്പീനോ ഭാഷയും മായന്‍ ഭാഷയായ ക്വെക്ചിയും കൂട്ടിച്ചേര്‍ത്തു.

ലോകം അഭിമുഖീകരിക്കുന്ന വിവിധ വെല്ലുവിളികള്‍, സഭയുടെ പ്രേഷിതദൗത്യം എന്നിവ വിഷയമാക്കിയാണ് ഓരോ മാസവും ഫ്രാന്‍സിസ് പാപ്പാ തന്റെ പ്രാര്‍ത്ഥനാനിയോഗം പങ്കുവയ്ക്കുന്നത്. പാപ്പായുടെ ആഗോള പ്രാര്‍ത്ഥനാശൃംഖലയാണ് ഈ വീഡിയോ അവതരിപ്പിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് വീഡിയോകളുടെ പ്രചാരണം നടത്തുന്നത്.

മനുഷ്യകുലം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ക്കും സഭയുടെ പ്രേഷിതവേലക്കുമായി പ്രാര്‍ത്ഥിക്കാന്‍, പാപ്പായുടെ പ്രാര്‍ത്ഥനാ നിയോഗങ്ങളെ പിന്തുടരണമെന്നും എല്ലാ ഭാഷകളിലും പാപ്പായുടെ സന്ദേശം എത്തിക്കേണ്ടത് ആവശ്യമാണെന്നും പാപ്പായുടെ ആഗോള പ്രാര്‍ത്ഥനാശൃംഖലയുടെ അന്തര്‍ദേശീയ ഡയറക്ടറായ ഫാ. ഫ്രെഡറിക് ഫോര്‍ണോസ് എസ്.ജെ. പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.